• HOME
  • »
  • NEWS
  • »
  • kerala
  • »
  • കമ്മ്യൂണിസ്റ്റ് വിരുദ്ധത പരത്തി സമസ്തയെ ഇനി ലീഗിന്റെ ആലയില്‍ കെട്ടാനാവില്ല: INL

കമ്മ്യൂണിസ്റ്റ് വിരുദ്ധത പരത്തി സമസ്തയെ ഇനി ലീഗിന്റെ ആലയില്‍ കെട്ടാനാവില്ല: INL

''ഇടതുസര്‍ക്കാരുമായി നല്ല ബന്ധത്തിലേര്‍പ്പെടുന്നതില്‍ തെറ്റില്ലെന്നും മത വിശ്വാസികള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഒരു ഗവണ്‍മെന്‍റാണ് ഇവിടെ ഭരിക്കുന്നതെന്നുമുള്ള സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ അഭിപ്രായപ്രകടനം യാഥാര്‍ഥ്യബോധത്തോടെയുള്ളതാണ്.''

  • Last Updated :
  • Share this:
കോഴിക്കോട്: അന്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ വികാരം ഉണര്‍ത്തി കേരളത്തിലെ സുന്നി സമൂഹത്തെ എക്കാലവും തങ്ങളുടെ ആലയില്‍ കെട്ടാമെന്ന മുസ്ലിം ലീഗ് (Muslim League) നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയിരിക്കയാണെന്ന് ഐഎന്‍എല്‍ (INL) സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

സമസ്തയുടെ അന്തസ്സാര്‍ന്ന അസ്തിത്വം ഉയര്‍ത്തിപ്പിച്ചുകൊണ്ടുള്ള, പ്രസിഡന്‍റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ശരിവെച്ചുകൊണ്ട് ഇതുവരെ മുസ്ലിം ലീഗിനു വേണ്ടി വാദിച്ച സമസ്ത നേതാക്കള്‍ പോലും രംഗത്ത് വരുന്നത് തിരിച്ചറിവിന്റെ ഫലമാണ്. ഇടതുസര്‍ക്കാരുമായി നല്ല ബന്ധത്തിലേര്‍പ്പെടുന്നതില്‍ തെറ്റില്ലെന്നും മത വിശ്വാസികള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഒരു ഗവണ്‍മെന്‍റാണ് ഇവിടെ ഭരിക്കുന്നതെന്നുമുള്ള സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ അഭിപ്രായപ്രകടനം യാഥാര്‍ഥ്യബോധത്തോടെയുള്ളതാണ്.

സമസ്ത എന്നാല്‍ മുസ്ലിം ലീഗാണെന്നും ലീഗ് എന്നാല്‍ സമസ്തയാണെന്നുമുള്ള ചില നേതാക്കളുടെ നിരര്‍ഥകമായ വാദങ്ങളോട് സമസ്ത യോജിക്കുന്നില്ളെന്ന് വ്യക്തമായിക്കഴിഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ മുസ്ലിം സമുദായത്തെ തെരുവിലിറക്കി വര്‍ഗീയ ധ്രുവീകരണം പൂര്‍ത്തിയാക്കാനുള്ള ലീഗിന്റെ അവിവേകത്തെ പിന്തുണക്കാന്‍ തങ്ങളില്ല എന്ന സമസ്ത നേതൃത്വത്തിന്റെ ഉറച്ച തീരുമാനം ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവാണ്. ഇരുസമസ്തയും കൈവിട്ടതോടെ ഒറ്റക്ക് വഖഫ് പ്രക്ഷോഭം നടത്തി അണികളെ പിടിച്ചുനിര്‍ത്താനുള്ള ലീഗിന്റെശ്രമങ്ങള്‍ അധികമൊന്നും മുന്നോട്ടുപോകില്ലെന്നുറപ്പാണെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

'ലീഗ് വിട്ട് സിപിഎമ്മിൽ ചേരുന്ന മുസ്ലീങ്ങൾ മതവിശ്വാസമില്ലാത്തവരാകണമെന്നില്ല': സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍

കമ്മ്യൂണിസ്റ്റ് (communist ) പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ വിശ്വാസം നഷ്ടമാകില്ലെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍. മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ച് പലരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നുണ്ട്. അതുകൊണ്ട് വിശ്വാസം നഷ്ടമാകില്ല. സര്‍ക്കാറുമായി സമസ്തക്ക് ബന്ധമുണ്ടാക്കുന്നതിന് കുഴപ്പമില്ലെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സമസ്തയിലെ ലീഗ് അനുകൂല പക്ഷ നേതാവായി അറിയപ്പെടുന്ന അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രസ്താവന മുസ്ലിം ലീഗ്(Iuml) നേതാക്കളുടെ നിലപാടിന് വിരുദ്ധമാണ്.

സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സമസ്തയിലെ ലീഗ് പക്ഷ ചേരിയിലുള്ള എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ അഭിപ്രായപ്രകടനം. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ലീഗ് വിടുന്ന വിശ്വാസികളുണ്ട്. അവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിന് തെറ്റൊന്നുമില്ല. പാര്‍ട്ടിയില്‍ അംഗമായതുകൊണ്ട് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിച്ചരാകില്ല- സമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണിനിരന്ന ആളുകള്‍ മുഴുവനും വിശ്വാസികളല്ലെന്ന് പറയുന്നില്ല. പല പ്രദേശത്തെയും സാഹചര്യം പരിശോധിച്ചാല്‍ പല കാരണങ്ങള്‍ കൊണ്ടും കമ്മ്യൂണിസ്റ്റ് ആയവരുണ്ടാകും. പ്രാദേശികമായ പ്രത്യേക സാഹചര്യത്തില്‍ ആ പാര്‍ട്ടിയുടെ ഭാഗമാകുന്നവരുണ്ടാകും. മുസ്ലിം ലീഗിനോടുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ സി.പി.എമ്മിലേക്ക് പോകുന്നവരുണ്ടാകും. അത്തരം ആളുകള്‍ മതവിശ്വാസികളല്ലെന്ന് പറയാനാകില്ല. അങ്ങിനെ പോയ ആളുകള്‍ സമസ്തയുടെ പള്ളിയോടും മദ്രസയോടും സഹകരിക്കുന്നവര്‍ ഉണ്ടാകും. അത്തരക്കാരെ വെറുപ്പിക്കുന്ന സമീപം ഒരിക്കലും സ്വീകരിച്ചിട്ടില്ല'- സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

ഭരിക്കുന്ന സര്‍ക്കാറിനോട് സമസ്ത സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. 'സര്‍ക്കാറിനോട് സഹകരിക്കുന്നത് മറ്റൊരു വശമാണ്. സമസ്ത സര്‍ക്കാറിനോട് സഹകരിക്കുന്നുണ്ട്. ഭരിക്കുന്ന സര്‍ക്കാറില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കാറുണ്ട്. അതൊരുതന്ത്രപരമായ സമീപനമാണ്. ഇപ്പോള്‍ ഭരിക്കുന്ന മുന്നണിയെടുക്കുകയാണെങ്കില്‍ അവര്‍ ശുദ്ധ കമ്മ്യൂണിസ്റ്റുകളല്ല. മതവിശ്വാസികളെ കൂട്ടിച്ചേര്‍ത്താണ് ഭരിക്കുന്നത്. ഇത് രണ്ടും രണ്ടായി കാണാനുള്ള വിവേകം സമസ്തക്കുണ്ട്'- സമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കുന്നു.

സമസ്തയുടെത് സ്വതന്ത്ര രാഷ്ട്രീയ സമീപനമാണെന്ന പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടിനെതിരെ ശക്തമായ വിമര്‍ശനമാണ് ലീഗ് പക്ഷത്ത് നിന്നുയര്‍ന്നത്. കമ്മ്യൂണിസം മതവിരുദ്ധമാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ വിശ്വാസം നഷ്ടമാകമെന്നായിരുന്നു ലീഗ് പ്രചാരണം. ചില സമസ്ത നേതാക്കളും ലീഗിന്റെ ഈ രാഷ്ട്രീയ നിലപാടിനൊപ്പമാണ്. സമസ്തയിലെ ലീഗ് പക്ഷത്തുള്ള പ്രമുഖ നേതാവ് തന്നെ വിശ്വാസവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകാമെന്ന പറയുന്നത് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടിനെ ശക്തിപ്പെടുത്തുന്നതാണ്.
Published by:Rajesh V
First published: