നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജുമുഅ നമസ്കാരത്തിന് അനുമതി നൽകണം; പരസ്യ പ്രതിഷേധവുമായി സമസ്ത

  ജുമുഅ നമസ്കാരത്തിന് അനുമതി നൽകണം; പരസ്യ പ്രതിഷേധവുമായി സമസ്ത

  'ആരാധനയ്ക്ക് വേണ്ടി നടത്തുന്ന പ്രതിഷേധ സമരങ്ങളില്‍ പോലീസുകാര്‍ ഫോട്ടോ എടുക്കുകയാണ്. ബീവറേജ് കോര്‍പ്പറേഷന് മുന്‍പില്‍ തടിച്ചുകൂടിയ ആളുകളുടെ ഫോട്ടോ എടുക്കാന്‍ ഒരു പൊലീസുകാരനെയും നമ്മള്‍ കാണുന്നില്ല.'

  • Share this:
  കോവിഡ് നിയന്ത്രണ ഇളവുകളില്‍ആരാധനാലായങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി സമസ്ത. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജുമുഅ നമസ്‌കാരത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കോഡിനേഷന്‍ കമ്മിറ്റി മലപ്പുറത്ത് സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആരാധനാലയങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലിം മത സംഘടനകള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സമസ്ത മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ മേഖലകളില്‍ നിയന്ത്രണ ഇളവ് നല്കിയപ്പോഴും ആരാധാനാലയങ്ങള്‍ക്ക് ഇളവ് അനുവദിച്ചില്ല. ഇതോടെയാണ് ആരാധാനാലയങ്ങള്‍ക്ക് ഇളവ് നല്‍കണമെന്ന ആവശ്യം സമസ്ത ശക്തമാക്കുന്നത്.

  'വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് ജുമുഅ നമസ്‌കാരം. പാവപ്പെട്ടവരുടെ ഹജ്ജ് എന്നെല്ലാം ജുമുഅ നമസ്‌കാരത്തെ വിശേഷിപ്പിക്കാം. പക്ഷേ ആളുകള്‍ സംഘടിച്ച് നമസ്‌കരിക്കുന്നത് അല്ല ജുമുഅ നമസ്‌കാരം. 40 പേര് പങ്കെടുക്കണം എന്നാണ് ചട്ടം. നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ല. ഇളവ് നല്‍കിയ മറ്റെല്ലാ മേഖലയിലും ഇതിലേറെ ആളുകള്‍ സംഘടിക്കുന്നുണ്ട്. പക്ഷേ പള്ളിയുടെ കാര്യത്തില്‍, ആരാധനയുടെ കാര്യത്തില്‍ വരുമ്പോള്‍ കഴിയില്ല എന്ന നിലപാട് എന്ത് കൊണ്ടാണ്? മുഖ്യമന്ത്രിയും സര്‍ക്കാരും ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുക്കും എന്ന് തന്നെ ആണ് പ്രതീക്ഷ 'സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു.

  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകുമെന്നും വെള്ളിയാഴ്ച്ചകളിലെ ജുമാ നമസ്‌കാരത്തിന് അനുമതി നല്‍കണമെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കി.' ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ എ, ബി ഗണത്തില്‍ പെടുന്ന ഇടങ്ങളില്‍ ജുമുഅ നമസ്‌കാരത്തിന് അനുമതി നല്‍കണം. എല്ലായിടത്തും വേണം എന്ന് ആവശ്യപ്പെടുന്നില്ല. പള്ളിയുടെ വിസ്തൃതി, പ്രദേശത്തെ സാഹചര്യം ഇവ എല്ലാം കണക്കിലെടുത്ത് അനുമതി നല്‍കണം എന്ന് തന്നെ ആണ് ആവശ്യപ്പെടുന്നത്. 'എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.

  'ആരാധനയ്ക്ക് വേണ്ടി നടത്തുന്ന പ്രതിഷേധ സമരങ്ങളില്‍ പോലീസുകാര്‍ ഫോട്ടോ എടുക്കുകയാണ്. ബീവറേജ് കോര്‍പ്പറേഷന് മുന്‍പില്‍ തടിച്ചുകൂടിയ ആളുകളുടെ ഫോട്ടോ എടുക്കാന്‍ ഒരു പൊലീസുകാരനെയും നമ്മള്‍ കാണുന്നില്ല. ഇത് കടുത്ത വിവേചനമാണ്. മദ്യശാലകളില്‍ ഇല്ലാത്ത കൊറോണ എങ്ങനെയാണ് ആരാധനാലയങ്ങളില്‍ എത്തുക . അതുകൊണ്ടാണ് ഇളവ് പള്ളികള്‍ക്ക് ക്ഷേത്രങ്ങള്‍ക്ക് ചര്‍ച്ചുകള്‍ക്ക് എല്ലാം നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. 'പ്രതിഷേധ സദസ്സില്‍ പങ്കെടുത്ത് പി ഉബൈദുള്ള എം എല്‍ എ പറഞ്ഞു.

  പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത ജില്ലാ ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി ആമുഖഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം കലക്ടറേറ്റിനു മുന്നില്‍ നടത്തിയ സായാഹ്ന ധര്‍ണയോടൊപ്പം വീടുകളില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി സമസ്ത പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കാളികളായി.
  Published by:Sarath Mohanan
  First published:
  )}