HOME » NEWS » Kerala » SAMASTHA LEADER AALIKUTTY MASALIAR IN CPM RALLY TV MSK

പിണറായിക്ക് പിന്തുണ; ലീഗ് വിലക്ക് മറികടന്ന് സമസ്ത നേതാവ് ആലിക്കുട്ടി മുസ്ല്യാര്‍ കോഴിക്കോട്ടെ സി.പി.എം റാലിയില്‍

ഇടതു മുന്നണി പൗരത്യ ബില്ലിനെതിരെ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയില്‍ മുസ്ലിം ലീഗ് വിലക്ക് മറികടന്നാണ് സമസ്ത നേതാവ് പങ്കെടുത്തത്

News18 Malayalam | news18india
Updated: January 13, 2020, 1:17 PM IST
പിണറായിക്ക് പിന്തുണ; ലീഗ് വിലക്ക് മറികടന്ന് സമസ്ത നേതാവ് ആലിക്കുട്ടി മുസ്ല്യാര്‍ കോഴിക്കോട്ടെ സി.പി.എം റാലിയില്‍
aalikutty musaliyar- pinarayi
  • Share this:
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന പൗരത്വ ബില്‍ വിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി സമസ്ത നേതാവ് ആലിക്കുട്ടി മുസല്യാര്‍. നിയമസഭ ഒറ്റക്കെട്ടായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത് സ്വാഗതാര്‍ഹമാണ്. ഇടതു മുന്നണി പൗരത്യ ബില്ലിനെതിരെ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയില്‍ മുസ്ലിം ലീഗ് വിലക്ക് മറികടന്നാണ് സമസ്ത നേതാവ് പങ്കെടുത്തത്.

ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയില്‍ അധ്യക്ഷനായിരുന്നു പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൗരത്വ ബില്ലിനെതിരെ നടക്കുന്ന നീക്കങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. കേരളത്തില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ക്കും നിര്‍ഭയമായി ജീവിക്കാന്‍ സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുമെന്നും ആലിക്കുട്ടി മുസ്ല്യാര്‍ വ്യക്തമാക്കി. കേരളം സുരക്ഷിതമായ കോട്ടയായിരിക്കുമെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Also read: പൗരത്വ നിയമം: സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ മൂന്നു പാർട്ടികൾ പങ്കെടുക്കില്ല

ഭരണഘടനാ സംരക്ഷണ സമിതിയില്‍ നിന്നും യുഡിഎഫ് പിന്‍മാറിയ സാഹചര്യത്തില്‍ സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കാര്‍ സമസ്തക്ക് മേല്‍ മുസ്ലിം ലീഗ് സമ്മര്‍ദമുണ്ടായിരുന്നു. ഇത് മറികടന്നാണ് ആലിക്കുട്ടി മുസ്ലിയാര്‍ എത്തിയത്. സമസ്ത നേതാക്കളായ മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തല്ലൂരും സമ്മേളനത്തിനെത്തി. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, മുജാഹിദ് നേതാവ് ടി.പി അബദുല്ലക്കോയ മദനി തുടങ്ങിയവര്‍ പങ്കെടുത്തു. വ്യാഴാഴ്ച മലപ്പുറത്ത് നടക്കുന്ന ഭരണഘടന സംരക്ഷണ റാലിയില്‍ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായിരിക്കും.

ആലിക്കുട്ടി മുസ്ല്യാരുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം..

രാജ്യത്ത് സ്വാതന്ത്യം ലഭിച്ചതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. രാജ്യത്തുള്ളവരെ മതം നോക്കി പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെ കുറിച്ച് പഠിക്കുകയാണെങ്കില്‍ മതേതരത്വവും സൗഹാര്‍ദവും ഈ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണെന്ന് നമുക്ക് കണ്ടെത്താന്‍ സാധിക്കും. രാജ്യത്തിന്റെ പേരില്‍ തന്നെ അത് പ്രകടമാവുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്തിന്റെ പേര് എന്തായിരിക്കണമെന്ന ചര്‍ച്ച വന്ന സമയത്ത് മതേതരത്വത്തിലും സൗഹാര്‍ദത്തിലും വിശ്വസിച്ചിരുന്ന രാഷ്ട്ര ശില്‍പ്പികള്‍ ഇന്ത്യ, ഭാരത് എന്നീ പേരുകളാണ് രാജ്യത്തിന് നല്‍കിയിട്ടുള്ളത്. നമ്മളെല്ലാവരും ഈ രാജ്യത്ത് ജനിച്ചവരും ഈ രാജ്യക്കാരനായി തന്നെ മരിക്കാനും ആഗ്രഹിക്കുവരുമാണ്. നമ്മുടെ രാജ്യം മറ്റു രാജ്യങ്ങള്‍ക്കിടയില്‍ നിന്നും വ്യത്യസ്ഥവും വളരെ പ്രധാനപ്പെട്ടതുമാണ്. നമ്മുടെ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണ്. ആര്‍ട്ടിക്ക്ള്‍ 14 അതിലേറ്റവും പ്രധാനപ്പെട്ടതാണ്. രാജ്യത്തെ മുഴുവന്‍ വ്യക്തികള്‍ക്കിടയിലും എല്ലാകാര്യങ്ങളിലും തുല്ല്യത പാലിക്കുക എതാണ് ആര്‍ട്ടിക്ക്ള്‍ 14 കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ മൗലികാവകാശത്തെ ഇല്ലായ്മ ചെയ്യുതാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പൗരത്വ ഭേദഗതി നിയമം. ഇത് മൂലം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കുന്നു.

പൗരത്വം നല്‍കാന്‍ മതം നോക്കണമെന്ന നിയമം അനീതിയും പാരമ്പര്യത്തിനെതിരുമാണ്. രാഷ്ട്ര ശില്‍പ്പികളില്‍ പ്രധാനിയായ മഹാത്മാ ഗാന്ധിയുടെ നയങ്ങള്‍ക്കുമെതിരാണ് ഈ നിയമം. ഈ നിയമം കൊണ്ടുവന്നവര്‍ മുസ്ലിമിനേയും ദളിതനേയും ക്രിസ്ത്യാനിയേയും മുഴുവന്‍ പിന്നാക്ക വിഭാഗങ്ങളേയും ഈ രാജ്യത്ത് നിന്ന് പുറത്താക്കാനുദ്ദേശിക്കുന്നതാണ്. അതിന്റെ തുടക്കമായിട്ടാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടു വന്നിട്ടുള്ളത്. ഈ രാജ്യത്ത് മതേതര വിശ്വാസികള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അതിന് സാധ്യമല്ല. രാജ്യത്തെ മതേതര വിശ്വാസികളായ ജനങ്ങളെല്ലാവരും ഇന്ന് ഒറ്റക്കെട്ടായി സമര രംഗത്താണുള്ളത്. സ്വാതന്ത്ര്യസമരത്തിലെ നമ്മുടെ പാരമ്പര്യവും അതാണ്. സ്വാതന്ത്ര്യ സമര കാലഘട്ടങ്ങളിലും മറ്റും കേരളത്തിലെ മുസ്ലിം പള്ളികളില്‍ നടന്ന പല യോഗങ്ങള്‍ക്കും സഹോദര മതസ്ഥര്‍ അധ്യക്ഷത വഹിച്ച സന്ദര്‍ഭം വരെ ഉണ്ടായിരുന്നു.

നമ്മള്‍ ഇന്ത്യക്കാര്‍ക്കിടയിലുള്ളത് സ്നേഹവും ഐക്യവും മുന്‍കാലങ്ങളില്‍ ഉണ്ടായതുപോലെ തുടര്‍ന്നും ഉണ്ടാവണം. എങ്കില്‍ മാത്രമേ നമുക്ക് നമ്മുടെ ഭരണഘടയും മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ സാധിക്കുകയുള്ളു. നമ്മള്‍ ഒരുമിച്ച് നിന്നാണ് ഈ നാടിന് സ്വാതന്ത്ര്യം നേടിയെടുത്തത്. സ്വാതന്ത്ര്യസമരത്തിന് എല്ലാ നിലക്കും വലിയ സംഭാവനകളര്‍പ്പിച്ച മുസ്ലിം സമുദായത്തെ ഈ രാജ്യത്തിന് അന്യമാക്കുക എതാണ് ഈ നിയമത്തിലൂടെ തല്‍പ്പരകക്ഷികള്‍ ഉദ്ദേശിക്കുത്. ഇത് ഒരിക്കലും അനുവദിച്ചുകൂടാ.

കേരളാ നിയമസഭ ഒറ്റക്കെട്ടായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത് സ്വാഗതാര്‍ഹമാണ്. അതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയെ ഞാന്‍ അഭിനന്ദിക്കുന്നു. നമുക്ക് ഈ പോരാട്ടം മുന്നോട്ട് കൊണ്ട് പോവണം. ഈ കരിനിയമത്തിന്റെ അപകടങ്ങളില്‍ നിന്നും ഇവിടുത്തെ മുഴുവന്‍ ജനങ്ങളെയും രക്ഷിക്കുക എതോടൊപ്പം അവര്‍ക്ക് ശാന്തിയും സമാധാനവും നിര്‍ഭയരായി ജീവിക്കാനുള്ള മാനസികാവസ്ഥയും നല്‍കുക എത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ബാധ്യതയാണ്. മുഖ്യമന്ത്രി ഈ കാര്യത്തില്‍ വേണ്ടത് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

രാജ്യത്തെ മതസൗഹാര്‍ദവും മതേതരത്വവും മഹത്തായ ഭരണഘടനയും സംരക്ഷിക്കാനുള്ള നമ്മുടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പരിശ്രമങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും അര്‍പ്പിക്കുന്നു.
Youtube Video
Published by: user_49
First published: January 13, 2020, 1:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories