• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗുരുവായൂരപ്പന് കാണിക്കയിട്ട ലീഗ് സ്ഥാനാർഥിക്ക് സമസ്തയുടെ ഭീഷണി; 'ശിർക്ക് ചെയ്ത് മതേതരത്വം കാണിച്ചതിന് 10000 വോട്ട് പോകും'

ഗുരുവായൂരപ്പന് കാണിക്കയിട്ട ലീഗ് സ്ഥാനാർഥിക്ക് സമസ്തയുടെ ഭീഷണി; 'ശിർക്ക് ചെയ്ത് മതേതരത്വം കാണിച്ചതിന് 10000 വോട്ട് പോകും'

ആയിരം വോട്ടിന് വേണ്ടി തെറ്റ് ചെയ്യുന്നവർക്ക് 10000 വോട്ടും പരലോകവും നഷ്ടമാകുമെന്ന് അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

kna khader1

kna khader1

  • Share this:
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയിട്ട് തൊഴുത മുസ്ലീം ലീഗ് സ്ഥാനാർഥി കെ എൻ എ ഖാദറിനെതിരെ സമസ്ത നേതാക്കൾ രംഗത്തെത്തി. സമസ്തയുടെ യുവജന വിഭാഗമായ എസ് വൈ എസിന്‍റെ നേതാക്കളായ നാസർ ഫൈസി കൂടത്തായിയും അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവുമാണ് ഖാദറിനെ വിമർശിച്ച് രംഗത്തെത്തിയത്. ഏകദൈവ വിശ്വാസിയായ ഒരാൾ ശിർക്ക്(ബഹുദൈവ വിശ്വാസം എന്നതിന് അറബിയിൽ പറയുന്ന വാക്ക്) ചെയ്തുകൊണ്ട് മതേതരത്വം പ്രകടിപ്പിക്കുന്നത് കപടതയാണ്. ആയിരം വോട്ടിന് വേണ്ടി തെറ്റ് ചെയ്യുന്നവർക്ക് 10000 വോട്ടും പരലോകവും നഷ്ടമാകുമെന്ന് അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

നാസർ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റ്

*മുസ്ലിമിന് ശിർക്കിലല്ല മതേതരത്വം*
ഏക ദൈവ വിശ്വാസി ശിർക്ക് ചെയ്ത് കൊണ്ട് "മതേതരത്വം" പ്രകടിപ്പിക്കുന്നത് കപടതയാണ്.കേരള നിയമസഭയിൽ വേദങ്ങളും ഉപനിഷത്തുകളും ഉദ്ധരിച്ച് ആർഷഭാരതീയതയുടെ മാനവികത സമർത്ഥിക്കുന്നതു കേട്ടപ്പോൾ വേദ പഠനത്തിലുള്ള ജ്ഞാനത്തിൽ അഭിമാനിച്ചിരുന്നു.ഇസ്ലാമും ഹൈന്ദവതയും മാനവികമാണെന്ന് അറിയുകയും അറിയിക്കുകയും ചെയ്യുന്നത് മതേതരത്വന്റെ കാതലും കരുതലുമാണ്.

അത്രയുമാണ് ഹിന്ദു മുസ്ലിം വിശ്വാസികൾ പരസ്പരം ചേർന്നും ചേർത്തും നിർത്തുന്നുമുള്ളൂ.മതേതരത്വത്തിനും മാനവികതക്കും
അതിലപ്പുറം ശിർക്കിനെ സ്വീകരിക്കണമെന്ന് ബഹുദൈവവിശ്വാസികൾക്ക് പോലും ശാഠ്യമില്ല.
ഗുരുവായൂരപ്പന് കഴിവുണ്ടെന്ന് മുസ്ലിംകളും വിശ്വാസിച്ചാലേ മാനവികമാകൂ എന്ന് ഹൈന്ദവിശ്വാസികൾ പോലും പറയില്ല.

Also Read-  പ്രതിപക്ഷ നേതാവിന്റെ കള്ളവോട്ട് ആരോപണം തിരിഞ്ഞുകൊത്തുന്നു; കോണ്‍ഗ്രസുകാരെന്ന് കുമാരിയും കുടുംബവും

പിന്നെ വണങ്ങി വഴങ്ങിയ ശേഷം"ഗുരുവായൂരപ്പൻ തന്നെ കാണുന്നുണ്ടെന്നും എല്ലാം അറിയുന്നുണ്ടെന്നും അനുഗ്രഹിക്കുമെന്നും " പറയുന്നത് ആദർശത്തെ ബലികഴിച്ചു കൊണ്ട് തന്നെയാണ്. അറിവിന്റെ ആഴമുള്ളവരിൽ നിന്ന് തന്നെ പ്രകടമാകുന്ന ഈ രാഷ്ട്രീയ കപടതയെ ബഹുദൈവവിശ്വാസികൾ പോലും പുഛത്തോടേ കാണൂ. തെരഞ്ഞെടുപ്പല്ല പരലോക മോക്ഷമാണ് വിശ്വാസിക്ക് പ്രധാനം.
അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ പടിവാതിൽ കത്തിയപ്പോൾ പാഞ്ഞെത്തിയ വന്ദ്യരായ ശിഹാബ് തങ്ങൾ പിന്തുണ നൽകിയത് േക്ഷത്രനടയിലെ ദൈവങ്ങളെ പ്രാർത്ഥിച്ചു കൊണ്ടല്ല. ഏറ്റവും നല്ല മതവാദിയും മതേതരവാദിയുമായിരുന്നു തങ്ങൾ എന്ന് നാമറിയുകയായിരുന്നു.

അബ്ദുൽ ഹമീദ് അമ്പലക്കടവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

തീർച്ചയായും ഭഗവാൻ ഗുരുവായൂരപ്പൻ എൻറെ മനസ്സു കാണും തീർച്ചയായും അദ്ദേഹം അനുഗ്രഹിച്ചിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത് ഈ കുചേലന്റെ അവിൽപ്പൊതി സ്വീകരിക്കാതിരിക്കില്ല എന്ന് എനിക്കുറപ്പുണ്ട്.” ഒരു മുസ്ലിം ഇപ്രകാരം പറഞ്ഞാൽ തുടർന്ന് അദ്ദേഹത്തിന് മതത്തിലുള്ള സ്ഥാനം എന്തായിരിക്കും ?
“ഭഗവാൻ ഗുരുവായൂരപ്പന്റെ മുമ്പിൽ ചെറിയ അവിൽ പൊതിയുമായി വരുന്ന രാഷ്ട്രീയ കുചേലനാണ് ഞാൻ. എന്റെ ഇനീഷ്യൽ കണ്ണനാവിൽ എന്നാണ്.
ഇവിടെ വലിയ മാറ്റം വരും അത് കണ്ണനാൽ ഉണ്ടാകുന്ന മാറ്റമാണ്.”
ഇങ്ങനെ ഒരു മുസ്ലിം പ്രസംഗിച്ചാലോ?
“ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലെത്തി ചെരുപ്പ് അഴിച്ചുവച്ച് കാണിക്ക അർപ്പിച്ചു” ഒരു മുസ്ലിം ഇപ്രകാരം ചെയ്താൽ മതത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം എന്തായിരിക്കും?
“ഗുരുവായൂർ ക്ഷേത്രത്തിലെത്തി കൈകൂപ്പി തൊഴുതു”
ഇങ്ങനെ ഒരു മുസ്ലിം ചെയ്താലോ.?
ഇസ്‌ലാമിക കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ ഒരു അധ്യായമുണ്ട് ‘കിതാബുരിദ്ധത്ത്’
എന്നാണ് അതിന്റെ തലവാചകം. മതത്തിൽ നിന്ന് പുറത്തു പോകാൻ ഇടയാക്കുന്ന കാര്യങ്ങളാണ് അതിൽ ചർച്ച ചെയ്യുന്നത്. ആ അധ്യായം മാത്രം ഒന്ന് വായിച്ചാൽ ഉദ്ധൃത വിഷയങ്ങളുടെ ഗൗരവം ബോധ്യപ്പെടും.
മുസ്ലിം സംഘടനകളുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നവർ ഇപ്രകാരം ചെയ്താൽ അത് അവരെ മാത്രമല്ല ബാധിക്കുക പാവപ്പെട്ട അനുയായികൾക്ക് ഇങ്ങനെയൊക്കെ ആകാം എന്ന അതീവ ഗുരുതരമായ തെറ്റായ സന്ദേശം നൽകുക കൂടി ചെയ്യും.
മതേതരത്വമെന്നാൽ എല്ലാ മതങ്ങളിൽ നിന്നും അൽപാൽപം എടുക്കലല്ല. അതിന് പേര് അക്ബർ ചക്രവർത്തിയുടെ ‘ദീനെ ഇലാഹി’ എന്നാണ്.
ഇതര മതങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും ആവശ്യാനുസരണം സ്വീകരിക്കലാണ് മതേതരത്വമെങ്കിൽ ആ മതേതരത്വം നമുക്ക് വേണ്ട.
നിലവിളക്ക് കൊളുത്തൽ എന്റെ മത വിശ്വാസത്തിന് എതിരാണെന്ന് പറഞ്ഞ് വിട്ടുനിന്ന മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ അഭിമാനപൂർവ്വം ഓർക്കുന്നു.
നെറ്റിയിൽ പൊട്ടു തൊട്ട് ഇതര മതാചാരങ്ങൾ സ്വീകരിച്ച ഒരു മുസ്ലിം മന്ത്രിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ആദർശ നായകൻ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളെ ആദരപൂർവം അനുസ്മരിക്കുകയും ചെയ്യുന്നു.
1000 വോട്ടിനു വേണ്ടി തെറ്റ് ചെയ്യുന്നവർ 10,000 വോട്ടും പരലോകവും നഷ്ടപ്പെട്ടു പോകുന്നത് ശ്രദ്ധിക്കുക.
Published by:Anuraj GR
First published: