തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ പുരപ്പുറ സൗരോര്‍ജ പദ്ധതിക്ക് ധനവകുപ്പിന്റെ അംഗീകാരം നൽകി. വീടുകളുടെയും സ്ഥാപനങ്ങളുടെയും മട്ടുപ്പാവില്‍ അറുപതിനായിരം സൗരവൈദ്യുത പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. 200 മെഗാവാട്ട് ഉല്പാദിപ്പിക്കാനുള്ള പദ്ധതി 6 മാസം കൊണ്ടു നടപ്പാക്കും.
രണ്ടു മാതൃകയിലുള്ള പദ്ധതികള്‍ക്കാണ് അന്തിമാനുമതി ലഭിച്ചിരിക്കുന്നത്. ഇ.പി.സി. (എന്‍ജിനിയറിങ്, പ്രൊക്യൂര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍)യും 'റെസ്കോ'(റിന്യൂവബിള്‍ എനര്‍ജി സര്‍വീസ് കമ്പനീസ്)യും. ഇ.പി.സി.യില്‍ പണം വൈദ്യുതി ബോര്‍ഡോ ഉപഭോക്താവോ മുടക്കണം. ടെന്‍ഡറില്‍ യോഗ്യതനേടുന്ന കരാറുകാരാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. റെസ്കോ മാതൃകയില്‍ പുരപ്പുറത്തെ സ്ഥലം ഉപഭോക്താവ് നല്‍കണം. കുറഞ്ഞനിരക്കില്‍ കമ്പനികള്‍ അവിടെ പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി നല്‍കും.
കെട്ടിടം ഉടമയ്ക്കു ബോര്‍ഡ് 10% വൈദ്യുതിയാണ് സൗജന്യമായി നല്‍കുന്നത്. 50 മെഗാവാട്ടിന്റെ പദ്ധതി ബോര്‍ഡ് നേരിട്ടു നടപ്പാക്കുന്നതില്‍ 20 മെഗാവാട്ടിന്റെയും ചെലവ് കെട്ടിടം ഉടമകള്‍ വഹിക്കണം. ഇങ്ങനെ സ്വന്തം ചെലവില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും കെട്ടിടം ഉടമയ്ക്കു നല്‍കും. ശേഷിക്കുന്ന 30 മെഗാവാട്ട് പദ്ധതി ബോര്‍ഡിന്റെ ചെലവിലാണ് നടപ്പാക്കുക.ഈ വൈദ്യുതി നിലവിലുള്ള നിരക്കിനെക്കാള്‍ കുറഞ്ഞ വിലയ്ക്കു കെട്ടിടം ഉടമയ്ക്കു ബോര്‍ഡ് വില്‍ക്കും. 200 മെഗാവാട്ടാണ് രണ്ടു മാതൃകകളിലുമായി ഉത്പാദിപ്പിക്കുന്നത്. ഇ.പി.സി.യില്‍ 50 മെഗാവാട്ടും റെസ്കോയില്‍ 150 മെഗാവാട്ടും.
പുരപ്പുറ സൗരോര്‍ജ പദ്ധതിക്കായി 2.78 ലക്ഷം പേരാണ് അപേക്ഷിച്ചത്. ആദ്യഘട്ടത്തില്‍ 35,000 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. അടുത്ത ഘട്ടമായി 300 മെഗാവാട്ടിന്റെ പദ്ധതി നടപ്പാക്കും. സൗരോര്‍ജം ഉല്പാദിപ്പിക്കുന്ന കമ്പനികളില്‍ നിന്നു വൈദ്യുതി വാങ്ങിയ ശേഷം 10% കെട്ടിടം ഉടമയ്ക്ക് സൗജന്യമായി നല്കുന്നതു കൊണ്ടു ബോര്‍ഡിനു നഷ്ടമില്ല. പുറത്തു നിന്നു വൈദ്യുതി വാങ്ങുമ്പോള്‍ ബോര്‍ഡിനു 10 ശതമാനത്തിലേറെ പ്രസരണ വിതരണ നഷ്ടമുണ്ടാകാറുണ്ട്. ഇതാണ് സൗജന്യമായി നല്‍കുന്നത്.
നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് 2022 ആകുമ്പോള്‍ ബോര്‍ഡിന്റെ പാരമ്പര്യേതര വൈദ്യുതി ഉല്പാദനം ആകെയുള്ളതിന്റെ 10% ആയി ഉയര്‍ത്തണം. അല്ലെങ്കില്‍ ഓരോ യൂണിറ്റിനും ഒരു രൂപ വീതം പിഴ നല്‍കേണ്ടി വരും. ഇതൊഴിവാക്കാനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.