HOME » NEWS » Kerala » SANDEEPANANDA GIRI MOCKS AT BJP OVER REJECTION OF NOMINATION PAPERS

'സമ്പൂർണ സാക്ഷരതയ്ക്ക് ഇപ്പോഴും ചിലർ തടസ്സം'; NDA സ്ഥാനാർഥികളുടെ പത്രിക തള്ളിയതിൽ ട്രോളുമായി സന്ദീപാനന്ദ ഗിരി

കേരളം സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിൽ ചിലർ ഇപ്പോഴും തടസ്സം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

News18 Malayalam | news18-malayalam
Updated: March 22, 2021, 6:39 PM IST
'സമ്പൂർണ സാക്ഷരതയ്ക്ക് ഇപ്പോഴും ചിലർ തടസ്സം'; NDA സ്ഥാനാർഥികളുടെ പത്രിക തള്ളിയതിൽ ട്രോളുമായി സന്ദീപാനന്ദ ഗിരി
swami sandeepananda giri
  • Share this:
തിരുവനന്തപുരം: എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയ സംഭവത്തിൽ ട്രോളുമായി സ്വാമി സന്ദീപാനന്ദ ഗിരി. കേരളം സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിൽ ചിലർ ഇപ്പോഴും തടസ്സം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 'തലശ്ശേരി, ഗുരുവായൂർ, ദേവികുളത്തുനിന്നും ഒരുകാര്യം വ്യക്തം, കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിൽ ചിലർ ഇപ്പോഴുമിവിടെ തടസ്സം നിൽക്കുന്നു.'- ഇതായിരുന്നു സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ കുറിച്ചത്.
''ചീഞ്ഞളിഞ്ഞ താമര ഗുരുവായൂരപ്പന് ഇഷ്ടമില്ല! ഗുരുവായൂർ സ്വർണ പ്രശ്നത്തിൽ കണ്ടത് !!!''- ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യന്റെ പത്രിക തള്ളിയതിനെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റുകൾക്ക് താരെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ കമന്റുകളാണ് നിറയുന്നത്.











തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയാണ് സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി വരണാധികാരി തള്ളിയത്. തുടർന്ന് സ്ഥാനാർഥികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തലശ്ശേരിയില്‍ എന്‍. ഹരിദാസിന്റെയും ഗുരുവായൂരില്‍ നിവേദിത സുബ്രഹ്മണ്യന്റെയും ദേവികുളത്ത് ആർ.എം. ധനലക്ഷ്മിയുടെയും പത്രികകളാണ് തള്ളിയത്. ഇതോടെ ഈ മൂന്നു മണ്ഡലങ്ങളിലും എൻഡിഎയ്ക്ക് സ്ഥാനാര്‍ഥിയില്ലാത്ത അവസ്ഥയായി.

Also Read- പത്രിക തള്ളല്‍: ബിജെപിക്ക് തിരിച്ചടി; ഇടപെടുന്നില്ലെന്ന് ഹൈക്കോടതി; സ്ഥാനാർഥികൾക്ക് മത്സരിക്കാനാകില്ല

നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബി ജെ പി സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജികള്‍ ഞായറാഴ്ച ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തി പരിഗണിച്ചിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദമായ നിലപാടു തേടി ജസ്റ്റിസ് എന്‍. നഗരേഷ് ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയാല്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചതാണെന്നും വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ പറഞ്ഞു. വരണാധികാരി യാന്ത്രികമായി പ്രവര്‍ത്തിക്കുന്നുവെന്നും തീരുമാനം വിവേചനപരമാണെന്നും ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ രണ്ടുമണ്ഡലങ്ങളില്‍ സാങ്കേതിക പിഴവ് പരിഹരിക്കുന്നതിന് വരണാധികാരികള്‍ സമയം അനുവദിച്ചിരുന്നു. ഇതുചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Also Read- കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവെച്ചു


എന്നാൽ പത്രികയിലെ പിഴവ് മനപൂർവം വരുത്തിയതാണെന്നും വോട്ടുകച്ചവടം നടത്തുന്നതിനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നുമാണ് യുഡിഎഫും എല്‍ഡിഎഫും ആരോപിക്കുന്നത്. കണ്ണൂരിൽ ബിജെപി ഏറ്റവും അധികം വോട്ട് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തലശ്ശേരി. ഗുരുവായൂരിലും തലശ്ശേരിയിലും 20,000ത്തിന് പുറത്ത് വോട്ടുകൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾ പിടിച്ചിരുന്നു. ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ പത്രിക തള്ളിപ്പോയത് ബി ജെ പിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പരിഹാസവുമായി സന്ദീപാനന്ദ ഗിരി രംഗത്ത് വന്നത്.
Published by: Rajesh V
First published: March 22, 2021, 6:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories