കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ സൗമ്യയുടെ നിർണായക മൊഴി. സരിത്തിന്റെയും സ്വപ്നയുടെയും അടുത്ത സുഹൃത്തായിരുന്ന സന്ദീപ് നായരുടെ ഭാര്യയാണ് സൗമ്യ. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിന്ന് കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്ത സൗമ്യയെ ബുധനാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭർത്താവ് സന്ദീപ് ഇടയ്ക്കിടെ ദുബായ് യാത്ര നടത്താറുണ്ടായിരുന്നു എന്ന് സൗമ്യ മൊഴി നൽകിയത്. എന്നാൽ, യാത്രകൾ കള്ളക്കടത്തിന് ആയിരുന്നോയെന്ന് അറിയില്ലെന്നും സന്ദീപിന് സ്വപ്നയും സരിത്തുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും സൗമ്യ മൊഴി നൽകി.
You may also like:സ്വപ്നയെ സല്യൂട്ട് ചെയ്യാത്തതിന് 3 പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ [NEWS]സ്വർണ്ണക്കടത്തിലൂടെ എത്തിയ പണം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിലവുകൾക്ക്: ടിഎൻ പ്രതാപൻ [NEWS] സംശയങ്ങൾ ദൂരീകരിക്കപ്പെടണം; ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും ശിക്ഷ ഉറപ്പാക്കണമെന്ന് സിപിഐ [NEWS]
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് ജൂൺ 30നാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് മുൻ പി ആർ ഒ സരിത്തിനെ ചോദ്യം ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കോൺസുലേറ്റ് ജീവനക്കാരിയായ സ്വപ്നയുടെ പങ്ക് വ്യക്തമായത്.
എന്നാൽ, വിവരം പുറത്തുവന്നതിനു പിന്നാലെ സ്വപ്ന ഒളിവിൽ പോയിരുന്നു. സ്വപ്നയ്ക്ക് പിന്നാലെ സ്വപ്നയുടെയും സരിത്തിന്റെയും അടുത്ത സുഹൃത്തായ സന്ദീപും ഒളിവിൽ പോയിരുന്നു. സ്വർണക്കടത്തിൽ സന്ദീപിനും പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആയിരുന്നു സന്ദീപിന്റെ ഉടമസ്ഥതയിലുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തത്.
അതേസമയം, കഴിഞ്ഞ നാലു ദിവസമായി ഒളിവിൽ കഴിയുന്ന സ്വപ്നയെ കണ്ടെത്താൻ ഇതുവരെ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. നിലവിൽ ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷ് രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. ഉന്നത് കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആയിരുന്നു പിടിഐ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.