HOME » NEWS » Kerala » SANGH PARIVAAR AND BJP LEADERS JOINS LEFT FRONT IN KOTTAYAM AR TV

കോട്ടയത്ത് സംഘപരിവാറിൽ പൊട്ടിത്തെറി; ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറിയും ബിജെപി നേതാവും ഇനി ഇടതുമുന്നണിയിൽ

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള  സമരപോരാട്ടങ്ങളിൽ  നേതൃസ്ഥാനത്ത് ഉള്ള ഹൈന്ദവ നേതാവ് കൂടിയാണ്  ഇടതുമുന്നണിക്കൊപ്പം ചേരുന്നത് എന്നതാണ് ശ്രദ്ധേയം. 

News18 Malayalam | news18-malayalam
Updated: June 24, 2021, 11:03 PM IST
കോട്ടയത്ത് സംഘപരിവാറിൽ പൊട്ടിത്തെറി; ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറിയും ബിജെപി നേതാവും ഇനി ഇടതുമുന്നണിയിൽ
rss
  • Share this:
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനെ തൊട്ടുപിന്നാലെ സംസ്ഥാനത്തൊട്ടാകെ സംഘ് പരിവാർ സംഘടനകളിൽ വിവിധ തരത്തിലുള്ള പ്രതിസന്ധികൾ ഉടലെടുത്തിരുന്നു. ഇതിനു സമാനമായ പ്രശ്നമാണ് കോട്ടയത്തും ഉണ്ടായത്. സംഘപരിവാറിന്റെ ജില്ലയിലെ ഒരു പ്രമുഖ നേതാവ് തന്നെ പരിവാർ ബന്ധം അവസാനിപ്പിച്ച് ഇടതുമുന്നണിയിൽ ചേർന്നു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി ആണ് പരിവാറും ആയി ബന്ധം അവസാനിപ്പിച്ച് എൻസിപിയിൽ എത്തിച്ചേർന്നത്. സംഘപരിവാർ കേന്ദ്രങ്ങളെ ആകെ ഞെട്ടിച്ചു കൊണ്ടാണ് ജില്ലയിലെ ഒരു പ്രമുഖ നേതാവ് ഇടതുമുന്നണിയിൽ എത്തിയത്.

ബിജെപി നേതാക്കൾ പലയിടത്തും പല പാർട്ടികളിലും ചേർന്ന  ചരിത്രം ഉണ്ടെങ്കിലും ആർഎസ്എസിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിവാർ സംഘടനയായ ഹിന്ദു ഐക്യവേദിയുടെ ജില്ലയിലെ മുഖം ആയിരുന്ന നേതാവ് ഇടതുപക്ഷത്ത് എത്തിയതാണ് പരിവാർ കേന്ദ്രങ്ങളെ ഞെട്ടിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാജേഷ് നട്ടാശ്ശേരി ഉൾപ്പെടെയുള്ള ഒരു വിഭാഗം പരിവാർ സംഘടനകളിൽ നിന്ന് അകലം പാലിച്ചിരുന്നു. ഇയാളെ പിടിച്ചുനിർത്താനുള്ള ശ്രമവും ചർച്ചകളും സംഘപരിവാറിൽ ഉണ്ടായിരുന്നു.  അതിനിടെ ആണ് അപ്രതീക്ഷിതമായ നീക്കമുണ്ടായത്.

സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് ഇനി കേരളത്തിൽ മുന്നോട്ടു പോകാൻ ആകില്ല എന്ന് രാജേഷ് നട്ടാശ്ശേരി ന്യൂസ് 18 നോട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം ഇതാണ് വ്യക്തമാക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജേഷ് നട്ടാശ്ശേരിയെ കൂടാതെ  ബിജെപി പുതുപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി ബിനു തിരുവഞ്ചൂരും എൻസിപിയിൽ ചേർന്നു. ഇരുനൂറോളം പ്രവർത്തകരും ബിജെപിയുടെ വിവിധ മണ്ഡലം തലങ്ങളിലുള്ള നേതാക്കളും വരുംദിവസങ്ങളിൽ സംഘപരിവാർ ബന്ധം അവസാനിപ്പിക്കുമെന്ന് രാജേഷ് നട്ടാശ്ശേരി അവകാശപ്പെട്ടു. കൊച്ചിയിൽ  സംസ്ഥാന കമ്മറ്റി ഓഫീസിൽ വച്ച് ഇരുവരേയും എൻസിപി സംസ്ഥാന പ്രസിഡൻറ് പി.സി.ചാക്കോ ഷാൾ അണിയിച്ച് സംഘടനയിലേക്ക് സ്വാഗതം ചെയ്തു.

You May Also Like- 25 വർഷം മുൻപുള്ള ലോക്കപ്പ് മർദ്ദനം: പ്രതിയായ പോലീസുദ്യോഗസ്ഥരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം സഹപ്രവർത്തകരായ ഇരുന്നൂറോളം പ്രവർത്തകരുമായി വിപുലമായ കൺവെൻഷൻ വിളിച്ചുച്ചേർക്കുമെന്നും ഇരു നേതാക്കളും  അറിയിച്ചു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. രാജൻ, സംസ്ഥാന ട്രഷറർ വി. എം. മുഹമ്മദ് കുട്ടി എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ വലിയ പരാജയം ആണ് ബിജെപി നേരിട്ടത്. ഒരുലക്ഷത്തോളം വോട്ടുകളുടെ കുറവ് ജില്ലയിലാകെ ഉണ്ടായി. ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രവർത്തനത്തിലെ വീഴ്ചയാണ്  തിരിച്ചടിക്ക് കാരണം എന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി വളരെ പ്രതീക്ഷ വച്ചിരുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെയുള്ളവർ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ജില്ലയിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ സംഘപരിവാറും ശ്രമം നടത്തുന്നുണ്ട്. രാജേഷ് നട്ടാശ്ശേരി സംഘടന വിട്ടത് ഒരു തരത്തിലും ബാധിക്കില്ല എന്ന നിലപാടിലാണ് ഹിന്ദു ഐക്യവേദി.

ജില്ലയിൽ ആർഎസ്എസും ഇതിനെ ഒറ്റപ്പെട്ട സംഭവമായി കണക്കുകൂട്ടുന്നു. ബിജെപി എന്നതിനപ്പുറം ഒരു പരിവാർ സംഘടനയിൽപ്പെട്ട ആൾ രാഷ്ട്രീയ പാർട്ടിയിലേക്ക് പോകുന്നത് അധികാരമോഹം കൊണ്ടാണ് എന്ന പ്രചരണമാണ് സംഘപരിവാറിൽ നടക്കുന്നത്. ജില്ലയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള  സമരപോരാട്ടങ്ങളിൽ  നേതൃസ്ഥാനത്ത് ഉള്ള ഹൈന്ദവ നേതാവ് കൂടിയാണ്  ഇടതുമുന്നണിക്കൊപ്പം ചേരുന്നത് എന്നതാണ് ശ്രദ്ധേയം.
Published by: Anuraj GR
First published: June 24, 2021, 11:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories