കൊച്ചി: കമ്മീഷൻ നൽകിയ ശേഷമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറെ കാണാൻ അനുമതി ലഭിച്ചതെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റിനു നൽകിയ മൊഴിയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാണ കരാർ നേടുന്നതിനുവേണ്ടി താൻ നടത്തിയ ഇടപെടലുകൾ എല്ലാം വ്യക്തമാക്കുന്നതാണ് സന്തോഷ് ഈപ്പന്റെ മൊഴി. എൻഫോഴ്സ്മെൻറ് ചോദ്യംചെയ്യലിൽ ആർക്കെല്ലാം എന്തെല്ലാം നൽകിയെന്നും വ്യക്തമാക്കുന്നുണ്ട്. കൈക്കൂലി നൽകിയത് കൊണ്ട് മാത്രമാണ് പദ്ധതിയിൽ നിർമ്മാണ കരാർ ലഭിച്ചതെന്നാണ് മൊഴിയിലൂടെ വ്യക്തമാക്കുന്നത്.
കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് കമ്മീഷൻ നൽകിയത് 4 ലക്ഷം യു.എസ് ഡോളറായും ഒരു കോടി ഇന്ത്യൻ രൂപയായുമാണെന്ന് മൊഴിയിൽ പറയുന്നു. 3 ലക്ഷം യു.എസ് ഡോളർ എറണാകുളത്ത് നിന്ന് വാങ്ങി. ഒരു ലക്ഷം തിരുവനന്തപുരത്ത് നിന്നാണ് വാങ്ങിയത്. ആകെ 3.80 കോടി ഖാലിദിനും 59 ലക്ഷം സന്ദീപ് നായർക്കും നൽകി. കൊച്ചിയിലെയും തിരുവനന്തപുരത്തെയും കരിഞ്ചന്തയിൽ നിന്നാണ് കമ്മിഷൻ നൽകാനുള്ള ഡോളർ വാങ്ങിയത്. ആക്സിസ് ബാങ്കിലെ ശേഷാദ്രി, ഇർഷാദ് എന്നിവരാണ് കരിഞ്ചന്തയിൽ നിന്ന് ഡോളർ സംഘടിപ്പിച്ചത്.
കമ്മിഷൻ പണം നൽകിയ ശേഷമായിരുന്നു ശിവശങ്കറുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. ശിവശങ്കറുമായുള്ള സെക്രട്ടേറിയറ്റിലെ കൂടിക്കാഴചയ്ക്കിടെ തൻ്റെ കാബിനിലേക്ക് യു.വി ജോസിനെ ശിവശങ്കർ വിളിച്ചു വരുത്തി പരിചയപ്പെടുത്തിയതായും മൊഴിയിലുണ്ട്. ഇവിടെ വച്ച്
ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ച് യു.വി ജോസിനോട് സംസാരിച്ചുവെന്നും സന്തോഷ് ഈപ്പൻ എൻഫോഴ്‌സ്മെന്റിനോട് സമ്മതിച്ചിട്ടുണ്ട്.
എന്നാൽ യുവി ജോസിന് ഇടപാടുകളെക്കുറിച്ച് അറിയാമായിരുന്നു എന്ന് സന്തോഷ് ഈപ്പൻ പറയുന്നില്ല.
സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായുള്ള ബന്ധം വെളിവാക്കുന്നത് സംബന്ധിച്ചുള്ള വാട്സ് അപ് സന്ദേശങ്ങൾ കഴിഞ്ഞദിവസവും പുറത്തുവന്നിരുന്നു. സ്വപ്നയുടെ ബാങ്ക് ലോക്കറിനെക്കുറിച്ചും പണം നിക്ഷേപിക്കുന്നതുമായുള്ള കാര്യങ്ങളെക്കുറിച്ചുള്ളതാണ് സന്ദേശത്തിലെ ഉള്ളടക്കം.
ഇതിനു തൊട്ടുപിന്നാലെയാണ് ഇപ്പോൾ കൈക്കൂലി നല്കിയാണ് കൂടിക്കാഴ്ചക്ക് അവസരം നേടിയതെന്ന മൊഴി കൂടി പുറത്തു വരുന്നത്.
ലൈഫ് മിഷൻ ഇടപാടിലും ശിവശങ്കറിന് പങ്കുണ്ടെന്ന സൂചനകൾ തന്നെയാണ് ഈ മൊഴികളും നൽകുന്നത്. ഇതോടെ ശിവശങ്കറിന് എതിരെയുള്ള അന്വേഷണ ഏജൻസികളുടെ നീക്കങ്ങളും ശക്തമാകുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.