• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എന്റെ മകൾ രാജകുമാരിയായി ജീവിച്ചവൾ, അന്യരുടെ ദയയ്ക്കായി അവളെ വിട്ടു നൽകാനാവില്ല'; പാപബോധമില്ലാതെ നിർവികാരനായി സനു മോഹൻ

'എന്റെ മകൾ രാജകുമാരിയായി ജീവിച്ചവൾ, അന്യരുടെ ദയയ്ക്കായി അവളെ വിട്ടു നൽകാനാവില്ല'; പാപബോധമില്ലാതെ നിർവികാരനായി സനു മോഹൻ

പണത്തിന്റെ വിനിയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഇയാള്‍ പരസ്പരവിരുദ്ധമായ വിശദീകരണങ്ങള്‍ നല്‍കുന്നതായി പൊലീസ് വ്യക്തമാക്കുന്നു.

Sanu Mohan

Sanu Mohan

  • Last Updated :
  • Share this:
കൊച്ചി: വൈഗയെക്കുറിച്ചുള്ള പൊലീസിന്റെ ചോദ്യങ്ങൾ എത്തിയപ്പോള്‍ സനു മോഹന്റെ കണ്ണുകള്‍ തിളങ്ങി. കുനിഞ്ഞുനിന്ന മുഖം അഭിമാനബോധത്താല്‍ അല്‍പ്പം കൂടി ഉയര്‍ന്നു. അവള്‍ എനിക്കെല്ലാമാണ്. അവള്‍ക്ക് ഞാനും. ഞാനില്ലാത്ത ഭൂമിയില്‍ അവളുടെ ജീവിതം ദുരിത പൂർണമായിരിക്കും. ഇപ്പോളെന്റെ മകള്‍ രാജകുമാരിയെ പോലെ ജീവിക്കുന്നു. ഞാനില്ലാതായാല്‍ അന്യരുടെ ദയയ്ക്കായി അവളെ വിട്ടു കൊടുക്കാനാവില്ല. ഭാര്യയുടെ കാര്യങ്ങള്‍ അവളുടെ കുടുംബം നോക്കും.

ജോലിയും വേതനവുമില്ലാത്തതിനാല്‍ വൈഗയുടെ കാര്യങ്ങള്‍ ഒരു കുറവുമില്ലാതെ നോക്കാന്‍ ഭാര്യയ്ക്കാവില്ല. നല്ല വിദ്യാഭ്യാസം, ഭക്ഷണം, താമസം ഒന്നും നിലവിലെ നിലവാരത്തില്‍ മകള്‍ക്ക് നല്‍കാന്‍ അവള്‍ക്കാവില്ല. വൃത്തിരഹിതമായ സാഹചര്യങ്ങളില്‍ അവള്‍ ജീവിക്കാന്‍ ഞാന്‍ അനുവദിക്കുകയുമില്ല. ഒരു തരത്തില്‍ അവളെ ഞാന്‍ ദുരിതങ്ങളില്‍ നിന്ന് മോചിപ്പിക്കുകയാണ് ചെയ്തത്. വികാരഭേദങ്ങളില്ലാതെ പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയായി സനുമോഹന്‍ ഇതു പറഞ്ഞു കൊണ്ടേയിരുന്നു.

വൈഗയുടെ കൊലപാതം: ദുരൂഹതകളും ചോദ്യങ്ങളും ഇനിയും ബാക്കി

മനസില്‍ കുറ്റബോധമോ പാപബോധമോ തീരെയില്ലാതെയാണ് ഇന്നലെ രാത്രി എട്ടുമണി മുതല്‍ പുലര്‍ച്ചെ നാലുമണി വരെ നീണ്ട ചോദ്യം ചെയ്യലില്‍ ഇയാള്‍ കാണപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കണ്ണുകള്‍ ഈറനണിയുകയോ വല്ലാത്ത വിഷമസന്ധിയിലാവുകയോ ഒന്നും ചെയ്തില്ല. ചോദ്യം ചെയ്തപ്പോഴും വൈദ്യപരിശോധനയ്‌ക്ക് എത്തിച്ചപ്പോഴും കോടതിയില്‍ ഹാജരാക്കിയപ്പോഴും നിർവികാരത ആയിരുന്നു ഇയാളുടെ വികാരം.

മകളെക്കുറിച്ച് ചോദിക്കുമ്പോള്‍ ചിലപ്പോഴൊക്കെ വാചാലനാവും. വൈഗ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും അതിസമര്‍ത്ഥയാണെന്ന് സനു പൊലീസിനോട് പറഞ്ഞു. 13 വയസില്‍ കവിഞ്ഞ ബുദ്ധിയും വൈഭവവും അവള്‍ക്കുണ്ടായിരുന്നു. അവളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ താന്‍ പലപ്പോഴും കുഴങ്ങിയിരുന്നു.

വൈഗയുടെ പ്രായത്തിലുള്ള കുട്ടികള്‍ ചിത്രശലഭത്തെയും പൂക്കളെയും പറ്റി പറയുമ്പോള്‍ എയറോസ്‌പേസിനെയും റോക്കറ്റിനെയും പറ്റി ഒക്കെയാണ് വൈഗ സംസാരിച്ചിരുന്നതെന്ന് ഫ്ലാറ്റിലെ താമസക്കാര്‍ മൊഴി നല്‍കിയിരുന്നു. സാങ്കേതിക കാര്യങ്ങളില്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നതു കൊണ്ടുതന്നെ ഫ്ലാറ്റിലെ ടെക്കികളായ താമസക്കാർക്ക് അടക്കം വൈഗയെ വലിയ മതിപ്പായിരുന്നു. നൃത്തത്തിലും കലാരംഗത്തും ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ച വൈഗ ഒരു സിനിമയിലും ചില പരസ്യചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഇവയൊക്കെ തന്റെ കൂടി താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സനു മോഹന്‍ പൊലീസിനോട് പറഞ്ഞു.

Former PM Manmohan Singh tested Covid positive | മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കോവിഡ് സ്ഥിരീകരിച്ചു

മകളോടുള്ള അമിതസ്‌നേഹം ഒരു പ്രത്യേക മാനസികാവസ്ഥയില്‍ ഇയാളെ എത്തിച്ചതായാണ് ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പൊലീസിന് വ്യക്തമാകുന്നത്. മകളുമായി ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചെങ്കിലും സ്വന്തം മരണത്തെ ഇയാള്‍ വല്ലാതെ ഭയക്കുന്നതായി പൊലീസ് പറയുന്നു. വൈഗയെ പുഴയിലെറിഞ്ഞ ശേഷം പുഴയിലേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും ഭയം നിമിത്തം കൈകാലുകള്‍ കുഴഞ്ഞു. സംഭരിച്ചു വന്ന ധൈര്യം മുഴുവന്‍ ചോര്‍ന്നതോടെ കാറെടുത്തു യാത്ര ആരംഭിക്കുകയായിരുന്നു.

ഒളിച്ചോട്ടത്തിനിടെ മൂന്നുവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് സനുമോഹന്‍ പൊലീസിന് മൊഴി നല്‍കിയെങ്കിലും പൊലീസ് ഇക്കാര്യം പൂര്‍ണ്ണമായി മുഖവിലയ്ക്ക് എടുത്തിട്ടില്ല. മൂന്നു ശ്രമങ്ങളും പേരിനുള്ളവയായിരുന്നു. കുട്ടിക്ക് മദ്യം നല്‍കിയതും മരണം തെരഞ്ഞെടുക്കും മുമ്പ് സ്വന്തം ഫോണ്‍ വിറ്റതുമടക്കമുള്ള ചോദ്യങ്ങളോട് ഇയാള്‍ നിശബ്ദത പാലിച്ചു.

പണത്തിന്റെ വിനിയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഇയാള്‍ പരസ്പരവിരുദ്ധമായ വിശദീകരണങ്ങള്‍ നല്‍കുന്നതായി പൊലീസ് വ്യക്തമാക്കുന്നു. മകള്‍ മരിച്ച ദുഃഖത്തിലുള്ള ഒരാള്‍ ഗോവയിലെ കാസിനോയില്‍ പണം വെച്ച് എങ്ങിനെ ചൂതു കളിക്കുമെന്ന ചോദ്യത്തിനും ഉത്തരം മൗനമായിരുന്നു.

മുട്ടാര്‍ പുഴയില്‍ മകളെ വലിച്ചെറിഞ്ഞു കൊന്നു യാത്ര ആരംഭിക്കുമ്പോഴും ഒളിച്ചോട്ടം എങ്ങോട്ടെന്നും എത്ര നാള്‍ നീളുമെന്നും ഇയാള്‍ക്ക് ലക്ഷ്യങ്ങളില്ലായിരുന്നു. ഓരോയിടത്തും ലഭ്യമാകുന്ന വാഹനങ്ങളില്‍ അടുത്ത ഇടത്തേക്ക്. ചെറു ലോഡ്ജുകളിലും വാഹനങ്ങളിലുമൊക്കെയായി താമസം. മൊബൈല്‍ ഫോണോ, എ ടി എം കാര്‍ഡ് അടക്കമുള്ള ഇലക്ട്രോണിക് ബന്ധമുള്ള സാമഗ്രികളോ ഉപയോഗിക്കാത്തനാല്‍ ഇത്തരം യാത്രയുടെ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ് ബുദ്ധിമുട്ടും.

പൊതു ഇടങ്ങളില്‍ നിന്നുള്ള സാന്നിധ്യം ഇല്ലാതാക്കാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആറുവര്‍ഷം മുമ്പ് ഡി-ആക്ടീവേറ്റ് ചെയ്തിരുന്നു. പാസ്‌പോര്‍ട്ട് കാലാവധി നാലുവര്‍ഷം മുമ്പ് കഴിഞ്ഞു. കങ്ങരപ്പടിയിലെ ഫ്ലാറ്റിലെ ജീവിതം ബന്ധുക്കളും സുഹൃത്തുക്കളും അറിയാതിരിക്കാന്‍ ഇയാള്‍ പരമാവധി ശ്രമിക്കുകയും ചെയ്തു.

13കാരിയായ മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട സനു മോഹനെ ഇന്നലെ പുലര്‍ച്ചെയാണ് കര്‍ണാടകത്തിലെ കാര്‍വാര്‍ ബീച്ചില്‍ നിന്നും പിടികൂടിയത്. കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 29 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Published by:Joys Joy
First published: