കന്മദം സിനിമയിലെ മുത്തശ്ശിയായി വേഷമിട്ട ശാരദ നേത്യാരമ്മ അന്തരിച്ചു.
മഞ്ജു വാര്യരുടെ മുത്തശ്ശിയായി, മോഹൻലാലിനൊപ്പം മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ... എന്ന ഗാനരംഗത്തിൽ മലയാളികൾക്ക് മറക്കാനാവാത്ത വേഷം ചെയ്താണ് ശാരദ നേത്യാരമ്മ തന്റെ കഥാപാത്രത്തെ അനശ്വരമാക്കിയത്. 92 വയസായിരുന്നു.
തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ്. കന്മദം കൂടാതെ പട്ടാഭിഷേകം സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
കന്മദത്തിലെ മുത്തശ്ശിയെ കണ്ടെത്തിയതെങ്ങനെ എന്ന് ഛായാഗ്രാഹകൻ
രാമചന്ദ്ര ബാബു മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു:
"എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രമാണ് മുത്തശ്ശിയുടേത്. സത്യജിത് റായിയുടെ പഥേര്‍ പാഞ്ജലിയിലെ മുത്തശ്ശിയെ ഓര്‍മിപ്പിക്കുന്നതായിരുന്നു അത്. ഈ കഥാപാത്രത്തിനുവേണ്ടി സിനിമയില്‍ സജീവമായിരിക്കുന്ന പല നടിമാരെയും ആലോചിച്ചു. പക്ഷേ, ആരും ലോഹി വിചാരിക്കുന്ന അപ്പിയറന്‍സുമായി യോജിക്കുന്നില്ല. ഒടുവില്‍ ആരോ പറഞ്ഞതനുസരിച്ച് തത്തമംഗലത്ത് ഒരമ്മൂമ്മയെ കണ്ടെത്തി. ലോഹി ഉദ്ദേശിച്ച അതേ രൂപം. വീട്ടുകാരുടെ സമ്മതം വാങ്ങിച്ച് ലൊക്കേഷനിലെത്തിച്ചു. ഒരു സിനിമയുടെ ചിത്രീകരണംപോലും കണ്ടിട്ടില്ലാത്ത അവര്‍ മുത്തശ്ശിയായി ഗംഭീര അഭിനയം കാഴ്ചവെച്ചു. സ്വാഭാവിക സംഭാഷണങ്ങള്‍ അവര്‍ വളരെ ആസ്വദിച്ചാണ് പറഞ്ഞത്. കൊച്ചുമകനെ ഓര്‍ത്ത് കരഞ്ഞുകൊണ്ടുള്ള സംഭാഷണ രംഗങ്ങളില്‍ തഴക്കവും പഴക്കവും ചെന്ന ആര്‍ട്ടിസ്റ്റിനെപ്പോലെയാണ് അവര്‍ പെരുമാറിയതെന്ന് സിനിമ കണ്ടാല്‍ മനസ്സിലാകും. 'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ' എന്ന ഗാനരംഗത്ത് മോഹന്‍ലാലിനൊപ്പം ആദ്യ ടേക്കില്‍തന്നെ മുത്തശ്ശി ഒ.കെ.യാക്കി."
കന്മദത്തിലെ കഥാപാത്രത്തിനായി ശാരദ നായർക്ക് ശബ്ദം നൽകിയത് അന്തരിച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലിയാണ്. തീർത്തും വ്യത്യസ്ത ശൈലിയിലാണ് ആ ശബ്ദം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. 1998ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് എ.കെ. ലോഹിതദാസാണ്.
അനിൽ ബാബു ചിത്രമായ പട്ടാഭിഷേകത്തിലാണ് മറ്റൊരു ശ്രദ്ധേയ പ്രകടനം. ഇതിൽ മോഹിനിയുടെ മുത്തശ്ശിയുടെ കഥാപാത്രമായിരുന്നു ഇവർ അവതരിപിപ്പിച്ചത്. 1999 ലാണ് ഈ സിനിമ തിയേറ്ററുകളിലെത്തിയത്. എന്നാൽ അധികം ചിത്രങ്ങളിൽ ഈ മുത്തശ്ശി ക്യാമറയ്ക്കു മുന്നിലെത്തിയില്ല എന്തും ശ്രദ്ധേയം. ഗായകൻ കൗശിക് മേനോൻ ബന്ധുവാണ്.
മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ കൗശിക് മുത്തശ്ശിയെപ്പറ്റി പറയുന്നതിങ്ങനെ: "തത്തമംഗലത്തെ മുത്തശ്ശിമാരെല്ലാം സുന്ദരികളാണ്. അക്കൂട്ടത്തിലൊരാളാണ് എന്റെയീ മുത്തശ്ശിയും. കാണാനുള്ള അഴകും ഐശ്വര്യവും വ്യക്തിത്വത്തിലും സൂക്ഷിക്കുന്നയാൾ. ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വമാണ് മുത്തശ്ശി. രക്തബന്ധത്തിനപ്പുറമുള്ള സ്നേഹബന്ധമാണ് ഞങ്ങള്‍ തമ്മില്‍.... പാലക്കാട് നടക്കുന്ന എല്ലാ സംഗീത പരിപാടികളിലും ഞങ്ങള്‍ ഒരുമിച്ചാണ് പോയിരുന്നത്. എന്റെ ജീവിതത്തിലെ ആദ്യത്തെ റെക്കോഡിങിന് ഒപ്പം വന്നത് മുത്തശിയായിരുന്നു. ഞങ്ങളൊരുമിച്ച് മൂകാംബികയിലൊക്കെ പതിനഞ്ച് ദിവസത്തോളം പോയി താമസിച്ചിട്ടൊക്കെയുണ്ട്. സംഗീതത്തിനു വേണ്ടി ചെന്നൈയിലേത്തുന്നതിനു മുന്‍പുള്ള ജീവിതത്തില്‍ നല്ല ഓര്‍മകള്‍ സമ്മാനിച്ചത് ഈ മുത്തശ്ശിയാണ്," കൗശിക് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.