• HOME
 • »
 • NEWS
 • »
 • kerala
 • »
 • കേരള സര്‍ക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ശശികുമാറിന്

കേരള സര്‍ക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ശശികുമാറിന്

ഗൗരവമുള്ള ഒരു ടെലിവിഷന്‍ സംസ്‌കാരം കേരളത്തില്‍ പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായകപങ്കു വഹിച്ച വ്യക്തിയാണ് ശശികുമാര്‍ എന്ന് ജൂറി വിലയിരുത്തി

ശശി കുമാര്‍

ശശി കുമാര്‍

 • Share this:
  ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാര്‍ ഈ വര്‍ഷം ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് ശശികുമാര്‍ അര്‍ഹനായി.

  രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. കെ.സച്ചിദാനന്ദന്‍ ചെയര്‍മാനും വെങ്കിടേഷ് രാമകൃഷ്ണന്‍, എസ് ശാരദക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്.

  ഗൗരവമുള്ള ഒരു ടെലിവിഷന്‍ സംസ്‌കാരം കേരളത്തില്‍ പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായകപങ്കു വഹിച്ച വ്യക്തിയാണ് ശശികുമാര്‍ എന്ന് ജൂറി വിലയിരുത്തി. മലയാളത്തിലെ ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന് മതേതര, പുരോഗമനമൂല്യങ്ങളിലൂന്നിയ ദിശാബോധം നല്‍കുകയും ദീര്‍ഘകാലമായി ഈ മേഖലയില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന ടെലിവിഷന്‍ പ്രവര്‍ത്തകനെന്ന നിലയിലുള്ള അതുല്യസംഭാവനകള്‍ പരിഗണിച്ചാണ് ഈ ബഹുമതിയെന്നും ജൂറി അഭിപ്രായപ്പെട്ടു.

  ഇന്ത്യയിലെ പ്രാദേശികഭാഷയിലെ ആദ്യ ഉപഗ്രഹ ടെലിവിഷന്‍ ചാനലും മലയാളത്തിലെ ആദ്യസ്വകാര്യ ടെലിവിഷന്‍ ചാനലുമായ ഏഷ്യാനെറ്റിന്റെ സ്ഥാപകനാണ്. 1984 ല്‍ ഹിന്ദുവിന്റെയും, ഫ്രണ്ട്‌ലൈനിന്റെയും ആദ്യ പശ്ചിമേഷ്യാലേഖകനായി ബഹ്‌റൈനിലെത്തി.1986 വരെ അവിടെ തുടര്‍ന്നു. ഇക്കാലയളവില്‍ ബഹ്റൈന്‍ റേഡിയോയില്‍ ഇംഗ്ലീഷ് വാര്‍ത്താ അവതാരകനും ആയിരുന്നു. ഇത്തരത്തില്‍ എത്തുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ വ്യക്തിയാണ് .

  ദൂരദര്‍ശനിലൂടെ ദൃശ്യമാധ്യമരംഗത്തേക്കു ചുവടുവെച്ച ശശികുമാര്‍ ദൂരദര്‍ശനുവേണ്ടി നിരവധി ഡോക്യുമെന്ററികളും ഫീച്ചര്‍ ഫിലിമുകളും നിര്‍മ്മിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ ഇംഗ്ലീഷ് വാര്‍ത്താവതാരകനായും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചു. പിന്നീട് കുറച്ചുകാലം മുദ്രാ വീഡിയോ ടെക്കില്‍ ജനറല്‍ മാനേജറായി. തുടര്‍ന്ന് ചീഫ് പ്രൊഡ്യൂസറും ജനറല്‍ മാനേജറുമായി പി.ടി.ഐ. യുടെ ടെലിവിഷന്‍ വിഭാഗം ആരംഭിച്ചു. ദൂരദര്‍ശന്റെ ജനമഞ്ച്,താനാബാന, മണിമാറ്റേഴ്‌സ് എന്നീ ജനപ്രിയ പരിപാടികള്‍ നിര്‍മ്മിച്ചതും ശശികുമാര്‍ ആയിരുന്നു. കൈരളി ഇന്ത്യ വിഷന്‍ തുടങ്ങിയ ചാനലുകളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. വര്‍ഷങ്ങളോളം ഇന്ത്യ ആതിഥ്യം വഹിച്ച നിരവധി രാജ്യാന്തര പരിപാടികളുടെ പ്രധാന അവതാരകന്‍ ആയിരുന്നു.

  മീഡിയ ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ ട്രസ്റ്റ് സ്ഥാപകനാണ്. നിലവില്‍ ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസത്തിന്റെ ചെയര്‍മാന്‍.

  ചലച്ചിത്രകാരന്‍, അഭിനേതാവ് എന്നീ നിലകളിലും പ്രസിദ്ധനാണ് ശശികുമാര്‍. ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ലൗഡ്‌സ്പീക്കര്‍ ,എന്നു നിന്റെ മൊയ്തീന്‍ എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചു. എന്‍.എസ്. മാധവന്റെ 'വന്മരങ്ങള്‍ വീഴുമ്പോള്‍' എന്ന കഥയെ അടിസ്ഥാനപ്പെടുത്തി ഹിന്ദിയില്‍ 'കായ തരണ്‍' എന്ന ചിത്രം സംവിധാനം ചെയ്തു

  അണ്‍മീഡിയേറ്റഡ്: എസ്സേയ്‌സ് ഓണ്‍ മീഡിയ, കള്‍ച്ചര്‍ ആന്റ് സിനിമ തുടങ്ങിയ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത കരൂപടന്നയാണ് ജന്മദേശം. ബോംബെ, കൊല്‍ക്കത്ത,ചെന്നൈ എന്നിവിടങ്ങളിലായിരുന്നു കുട്ടിക്കാലം. ചെന്നൈയിലെ ലയോള കോളേജില്‍ നിന്ന് ബിരുദവും മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പത്തുവര്‍ഷം സംഗീതവും പഠിച്ചിട്ടുണ്ട്.
  Published by:Jayesh Krishnan
  First published: