പന്തളം: ചെന്നൈയിൽ നിന്നുള്ള സംഘം ദർശനത്തിനായി പമ്പയിൽ എത്തിയതിൽ ഗൂഡാലോചനയുണ്ടെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വർമ്മ. സംഭവത്തിന് പിന്നിൽ ഐ എ എസ് - ഐ പി എസ് അടക്കമുള്ളവർ ഉണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ശശികുമാര വർമ്മ ഇങ്ങനെ പറഞ്ഞത്.
ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് യഥാർത്ഥത്തിൽ ആചാരലംഘനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരങ്ങളാണ്. ആ ആചാരങ്ങൾ സംരക്ഷിക്കേണ്ടത് ആ ക്ഷേത്രത്തിന്റെയും ദേവന്റെയും ആവശ്യമാണ്. പോകാൻ പാടില്ലാത്ത പ്രായത്തിൽ ശബരിമലയിൽ ആളുകൾ പോകുന്നത് ആചാരലംഘനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്തൻമാർ ശബരിമലയിലേക്ക് പോകുമ്പോൾ ആ ആചാരങ്ങൾ അനുഷ്ടിച്ചു തന്നെ വേണം പോകാൻ. തമിഴ് നാട്ടിൽ നിന്നുള്ള സ്ത്രീകളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോകുന്നത് ആണോയെന്ന് അറിയില്ല. സ്ത്രീകൾ നിർബന്ധ ബുദ്ധിയോടെയാണ് അവിടെ എത്തിയിരിക്കുന്നതെന്നാണ് സംസാരത്തിൽ നിന്ന് മനസിലാക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥൻമാർ അവിടുന്ന് അവരെ മാറ്റാൻ ശ്രമിച്ചെങ്കിലും അവരത് ഉൾക്കൊള്ളുന്നില്ല. അതുകൊണ്ട് ഇതെല്ലാം കാണുമ്പോൾ ഇതിന്റെയൊക്കെ പിന്നിൽ എന്തൊക്കെയോ ശക്തി കളിക്കുന്നുണ്ടെന്ന് തോന്നലുണ്ടെന്നും ശശികുമാര വർമ്മ പറഞ്ഞു.
നക്സൽ ബന്ധമുള്ളവരെ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. തങ്ക അങ്കി എടുക്കുന്ന സമയമാണ്. ഈ സമയത്ത് ലക്ഷക്കണക്കിന് അയ്യപ്പൻമാർ ശബരിമലയിലേക്ക് പോകേണ്ടതാണ്. അതിനെല്ലാം തടസമുണ്ടാകുന്ന രീതിയിലാണ് ഇവർ വന്നിരിക്കുന്നത്. അത് വളരെ ദുഃഖകരമാണ്. ആചാരങ്ങൾക്ക് ലംഘനം വന്നിട്ടുണ്ടെങ്കിൽ യാതോരു സംശയവുമില്ലാതെ നടപടി സ്വീകരിക്കാൻ തന്ത്രിമാർക്ക് വ്യക്തമായിട്ടറിയാമെന്നും അവരത് അനുസരിച്ച് ചെയ്യുമെന്ന് വിശ്വസിക്കുന്നെന്നും ശശികുമാര വർമ്മ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.