• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എണ്ണ വില 100 കടന്നതിന്‍റെ വിജയാഹ്ളാദമാണ് കെ. സുരേന്ദ്രന്‍റെ വിജയ യാത്ര' ബിജെപിക്കെതിരെ വിമർശനവുമായി സത്യദീപം

'എണ്ണ വില 100 കടന്നതിന്‍റെ വിജയാഹ്ളാദമാണ് കെ. സുരേന്ദ്രന്‍റെ വിജയ യാത്ര' ബിജെപിക്കെതിരെ വിമർശനവുമായി സത്യദീപം

അരമന കയറി ഇറങ്ങുന്ന ബിജെപി നേതൃത്വത്തോട് ചില ചോദ്യങ്ങളും സത്യദീപം ഉന്നയിക്കുന്നു. നിരപരാധിയായ സ്റ്റാൻസ്വാമി ജയിലിൽ തുടരുന്നത് എന്ത് കൊണ്ടെന്നും കണ്ഡമാലിലെ ക്രൈസ്തവർക്ക് നീതി ലഭിച്ചില്ലെന്നും മുഖ മാസിക കുറ്റപ്പെടുത്തുന്നു.

കെ സുരേന്ദ്രൻ

കെ സുരേന്ദ്രൻ

  • Last Updated :
  • Share this:
കൊച്ചി; ഇന്ധന വില വർദ്ധനവിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖമാസിക സത്യദീപം. എണ്ണ വില 100 കടന്നതിന്‍റെ വിജയാഹ്ളാദമാണ് കെ. സുരേന്ദ്രന്‍റെ വിജയ യാത്രയെന്ന് സത്യദീപം പരിഹസിക്കുന്നു. അരമന കയറി ഇറങ്ങുന്ന ബിജെപി നേതൃത്വത്തോട് ചില ചോദ്യങ്ങളും സത്യദീപം ഉന്നയിക്കുന്നു. നിരപരാധിയായ സ്റ്റാൻസ്വാമി ജയിലിൽ തുടരുന്നത് എന്ത് കൊണ്ടെന്നും കണ്ഡമാലിലെ ക്രൈസ്തവർക്ക് നീതി ലഭിച്ചില്ലെന്നും മുഖ മാസിക കുറ്റപ്പെടുത്തുന്നു. ബിജെപിക്കൊപ്പം ഇടതുപക്ഷത്തിനെതിരെയും വിമർശനമുണ്ട്. പ്രളയം തകർത്ത കേരളത്തിന്‍റെ പുനർ നിർമാണം എവിടെ വരെയെന്ന ചോദ്യത്തെ ഭക്ഷ്യകിറ്റ് നൽകി സർക്കാർ പിന്തിരിപ്പിക്കുകയാണെന്ന് സത്യദീപം ചൂണ്ടിക്കാട്ടുന്നു. വാളയാറിലെ അമ്മ നീതി തേടി അലയുകയാണ്. വർഗീയതയുടെ വിലാസം പരസ്പരം ചാർത്തി നൽകാൻ മുന്നണികൾ മത്സരിക്കുകയാണെന്നും വിമർശിക്കുന്നു. എന്നാൽ യുഡിഎഫിനെതിരെ മുഖപത്രത്തിൽ കാര്യമായ വിമർശനങ്ങളില്ല എന്നതും ശ്രദ്ധേയമാണ്.

വിജയ സാധ്യതയെന്നാല്‍ സാമുദായിക പിന്തുണയുടെ പിന്‍ബലമെന്ന പുതിയ രാഷ്ട്രീയം ബഹുസ്വരതയുടെ ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്നതാണ് വസ്തുതയെങ്കിലും അതിനപ്പുറത്തേക്കിറങ്ങാന്‍ വിപ്ലവ പാര്‍ട്ടികള്‍ പോലും തയ്യാറല്ല. യുഡിഎഫ് കാലത്ത് ഭരണം ‘സംശുദ്ധ’മാകാതിരുന്നതിനാല്‍ എല്ലാം ‘ശരിയാക്കാ’നായി ഇടതു മുന്നണി എത്തിയെന്ന ജാള്യത മറയ്ക്കാനായി ‘സദ്ഭരണ’ത്തിലൂടെ ഐശ്വര്യ കേരള വാഗ്ദാനവുമായാണ് ഇക്കുറി ഐക്യമുന്നണിയുടെ വരവ്. പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എവിടെ വരെയെന്ന ചോദ്യത്തെ ഭക്ഷ്യകിറ്റ് നല്കി പിന്തിരിപ്പിക്കുന്നതിലൂടെ തുടര്‍ഭരണം ‘ഉറപ്പെന്ന’മട്ടിലാണ് ഇടതു മുന്നണി. അപ്പോഴും, നീതിയുടെ ഉറപ്പൊന്നും കിട്ടാതെ തലമുണ്ഡനം ചെയ്ത് കേരളമാകെ അലയുന്നുണ്ട് വാളയാറില്‍ നിന്നും ഒരമ്മ!
അതിനിടയില്‍ ഇന്ധനവില 100 കടക്കുന്നതിന്റെ ‘വിജയാ’ഹ്‌ളാദമാണോ ബിജെപി സം സ്ഥാനാദ്ധ്യക്ഷന്റെ യാത്രോദ്ദേശ്യമെന്ന ചോദ്യം തികച്ചും രാഷ്ട്രീയമാണ്. പാചകവാതക വില 3 മാസത്തിനിടയില്‍ 225 രൂപയാണ് കൂട്ടിയത്. റേഷന്‍ ഗുണഭോക്താക്കളുടെ എണ്ണം അമ്പതുശതമാനത്തോളം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര ശുപാര്‍ശ കേരളത്തിന് തിരിച്ചടിയാകുന്നതാണ് മറ്റൊരു ‘വിജയ’ഗാഥ!
കക്ഷി രാഷ്ട്രീയത്തിനതീതമാണ് സഭയെന്ന് നേതൃത്വം ആവര്‍ത്തിക്കുമ്പോഴും, വിവിധ കക്ഷികളുമായി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ സജീവമാണ്. നേരിട്ട് പറഞ്ഞും, പിന്തുണ കത്ത് നല്കിയും മുന്‍പെന്നതിനേക്കാള്‍ സഭ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിടപെടുന്നുമുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തിയും വിശദീകരിച്ചും ഇക്കുറി ഇടയലേഖനം പൊതുവായുണ്ടാകില്ലെന്നാണ് സൂചന. അപ്പോഴും ചില ചോദ്യങ്ങള്‍ സഭാ നേതൃത്വം രാഷ്ട്രീയകേരളത്തോട് ചോദിക്കാതിരിക്കരുത്.

Also Read- ജസ്നയുടെ തിരോധാനം: 'മതം മാറ്റി സിറിയയിലയ്ക്കുന്നവർക്കെതിരെ ക്രൈസ്തവരും ഹൈന്ദവരും ഒന്നിക്കണമെന്ന് മീനാക്ഷി ലേഖി എം.പി

വികസനമെന്നാല്‍ 10,000 കോടിക്കു മുകളില്‍ മാത്രമെന്ന കോര്‍പ്പറേറ്റ് സങ്കല്പം ആയിരക്കണക്കിന് സാധാരണക്കാരുടെ കിടപ്പാടമൊഴിപ്പിക്കുന്നുണ്ടെന്ന വസ്തുത പാവപ്പെട്ടവരുടെ സഭ, കേരള രാഷ്ട്രീയത്തെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. മൂലമ്പിള്ളി അയ്യമ്പുഴയില്‍ ആവര്‍ത്തിക്കരുതെന്ന് അതിശക്തമായി സഭ ആവശ്യപ്പെടണം.

ന്യൂനപക്ഷാവകാശ സംരക്ഷണമെന്ന ഭരണഘടനാ ബാധ്യതയെ നിറവേറ്റുമ്പോഴും അത് ഒരു പ്രത്യേക മതവിഭാഗത്തിനുള്ള പ്രീണനാവസരമായി ഭൂരിപക്ഷ മതവിഭാഗത്തിന് തോന്നാത്തവിധം സാമൂഹ്യ സമതുലിതാസംരക്ഷണത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ ലക്ഷീകരിക്കണമെന്ന വസ്തുത പ്രകടന പത്രികകളിലുള്‍പ്പെടുത്താന്‍ സഭ നിര്‍ബന്ധിക്കണം. ഒപ്പം ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിച്ചുകൊണ്ട് സാമൂഹ്യസുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തണം.
മലയോര കര്‍ഷകര്‍ക്കും തീരദേശ നിവാസികള്‍ക്കും ജീവനും ജീവിതവും ഉറപ്പാക്കുന്ന വ്യവസ്ഥകളുടെ സ്ഥിരീകരണം രാഷ്ട്രീയപാര്‍ട്ടികളുടെ മുഖ്യ അജണ്ടയിലുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

അരമന കയറി ഇറങ്ങുന്ന ബിജെപി സംസ്ഥാന ദേശീയ നേതൃത്വത്തോട് കണ്ഡമാലിലെ ക്രൈസ്തവര്‍ക്ക് നീതി വൈകുന്നതെന്തുകൊണ്ടാണെന്നും, നിരപരാധിയായ സ്റ്റാന്‍സ്വാമി ഇപ്പോഴും ജയിലില്‍ തുടരുന്നതെന്തുകൊണ്ടാണെന്നും ഉറക്കെ ചോദിക്കണം. ഒപ്പം വിവാദകാര്‍ഷിക കരിനിയമങ്ങള്‍ റദ്ദാക്കാത്തതെന്തേയെന്നും.

പ്രശംസയുടെ പ്രാതല്‍ രാഷ്ട്രീയമല്ല, പ്രതിബദ്ധതയുടെ പ്രതികരണ രാഷ്ട്രീയത്തിലൂടെ സംശുദ്ധമായ സാമൂഹ്യ സാഹചര്യം കേരളത്തിലുണ്ടെന്ന് ഉറപ്പാക്കാന്‍ ശക്തമായ നിലപാടുകളോടെ സഭ സജീവമാകണം. ഏതാനും സീറ്റുകളുടെ നീക്കു പോക്കുകള്‍ക്ക് അപ്പുറമാണ് മതമൈത്രിയും മാനവക്ഷേമവുമെന്ന് രാഷ്ട്രീയ കേരളത്തെ സ്വന്തം സുതാര്യതാ ശൈലിയിലൂടെ ഓര്‍മ്മിപ്പിക്കണം. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് കൂടുതലായി തിരികെയെത്താന്‍ നമുക്കിടയാകേണ്ടതുണ്ട്.
Published by:Anuraj GR
First published: