കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുവഴി കള്ളപ്പണം വെളുപ്പിച്ച കേസില്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഇ.ഡിക്ക് നല്കിയ മൊഴിയില്‍ നിര്‍ണ്ണായക വിവരങ്ങള്‍. ചന്ദ്രികയിലെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണം വരിസംഖ്യയില്‍ നിന്ന ലഭിച്ചതല്ലെന്ന് മുഈനലി തങ്ങള്‍ മൊഴി നല്കി. പണം ചന്ദ്രികക്ക് വേണ്ടിയല്ല വിനിയോഗിച്ചതെന്നും പത്രത്തിന്റെ അക്കൗണ്ടുകളില്‍ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും മുഈനലി തങ്ങള്‍ ഇ.ഡിക്ക് മൊഴി നല്കി. നേരത്തെ ചോദ്യം ചെയ്യലില്‍ ഫിനാന്‍സ് ഡയറക്ടർ അബ്ദുല്‍ സമീര്‍ നല്കിയ മറുപടിക്ക് വിരുദ്ധമാണിത്.
നോട്ട് നിരോധന കാലത്ത് എറണാകുളത്തെ ചന്ദ്രിക എക്കൗണ്ടില്‍ നിക്ഷേപിച്ച പത്ത് കോടി രൂപ പത്രത്തിന്റെ വരിസംഖ്യ ചേര്‍ത്ത വകയില്‍ ലഭിച്ചതാണെന്നാണ് ഫിനാന്‍സ് ഡയറക്ടർ അബ്ദുല്‍ സമീര്‍ നേരത്തെ ഇ.ഡിക്ക് നല്കിയ വിശദീകരണം. വരിസംഖ്യ വാങ്ങിയതിന്റെ രേഖകളും സമീര്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ സമീറിന്റെ മൊഴിക്ക് വിരുദ്ധമായ വിവരങ്ങളാണ് മുഈനലി തങ്ങള്‍ ഇ.ഡിക്ക് നല്‍കിയത്.
ചന്ദ്രിക അക്കൗണ്ടില്‍ നിക്ഷേപിച്ച പത്ത് കോടി രൂപ പത്ര വരിസംഖ്യവഴി വന്നതല്ല. ഈ തുക പലസമയങ്ങളിലായി പിന്‍വലിച്ചെങ്കിലും പത്രത്തിന് വേണ്ടി ഉപയോഗിക്കപ്പെട്ടിട്ടില്ല. വരിസംഖ്യക്ക് വേണ്ടി ഹാജരാക്കിയ രേഖകള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് സംശയിക്കുന്നുണ്ട്. ഇതാണ് മുഈനലി തങ്ങള്‍ ഇ.ഡിക്ക് നല്കിയ മൊഴി.
ചന്ദ്രിക അക്കൗണ്ടുകള്‍ വഴി വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ട്. ഫൈനാന്‍സ് ഓഫീസറായ അബ്ദുല്‍ സമീറാണ് ഇത് ചെയ്യുന്നത്. സമീറിന് പിന്നില്‍ വമ്പന്മാരുണ്ട്. പിതാവും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായ ഹൈദരലി തങ്ങള്‍ക്ക് ഇ.ഡി. നോട്ടീസ് ലഭിച്ചപ്പോള്‍ പരിശോധിക്കാനായി തന്നെ ചുമതലപ്പെടുത്തിയിരുന്നു. അപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായതെന്നും മുഈനലി മൊഴിനല്‍കി. പത്രത്തിന്റെ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇ.ഡി. ഉദ്യോഗസ്ഥരെ അറിയിച്ചു.
ഹൈദരലി തങ്ങള്‍ക്ക് ഇ.ഡി. നോട്ടീസ് വന്നതിന് പിന്നാലെ ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുകളുണ്ടെന്നും കുഞ്ഞാലിക്കുട്ടിയാണ് എല്ലാം നിയന്ത്രിക്കുന്നതെന്നും മുഈനലി തങ്ങള്‍ ലീഗ്ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇ.ഡി. തങ്ങളെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ മുഈനലി തങ്ങളെ ഇ.ഡി വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ എന്നിവർ ഉള്‍പ്പെടെയുള്ള ചന്ദ്രിക ഡയറക്ടർ ബോര്‍ഡ് അംഗങ്ങളെ പേരെ ഇ.ഡി. നേരത്തെ ചോദ്യം ചെയ്തിരുന്നു.
ഉന്നതര്‍ ഇടപെട്ടു, മുഈനലി തങ്ങള്‍ വഴങ്ങിയില്ല
ലീഗ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഈനലി തങ്ങള്‍ ചന്ദ്രിക ഫിനാന്‍സ് ഡയറക്ടർ അബ്ദുല്‍ സമീറിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. അതുവരെ ലീഗ് നേതൃത്വത്തില്‍ മാത്രം ചര്‍ച്ചയായ വിഷയം മുഈനലിയുടെ വെളിപ്പെടുത്തലോടെ പുറം ലോകമറിഞ്ഞു.
ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും, അതിന് പിതാവ് ഹൈദരലി തങ്ങള്‍ കരുവാക്കപ്പെടുന്നതിനെക്കുറിച്ചും നല്ല ബോധ്യവും അമര്‍ഷവുമുണ്ട് മകന് മുഈനലി തങ്ങള്‍ക്ക്. ഇങ്ങനെ മുന്നോട്ടുപോകാനാകില്ലെന്നും ക്രമക്കേട് പുറത്തുകൊണ്ടുവരുമെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് അദ്ദേഹം. അതുകൊണ്ടുതന്നെ മുഈനലി ഇ.ഡിക്ക് മുമ്പിലെത്തുന്നത് ലീഗിലെ പല നേതാക്കള്‍ക്കും നെഞ്ചിടിപ്പുണ്ടാക്കുന്നതാണ്.
ലീഗിലെ ഉന്നത നേതാവ് പാണക്കാട്ടെ തന്നെ മറ്റൊരു തങ്ങളുടെ സഹായത്തോടെ മുഈനലി തങ്ങളെ നേരിട്ട് കണ്ട് ഇ.ഡിക്ക് മൊഴി നല്കുന്നതില് നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ വഴങ്ങിയില്ല. അടുത്ത സുഹൃത്തക്കളോടുപോലും പറയാതെയാണ് മുഈനലി തങ്ങള്‍ ബുധനാഴ്ച ഇ.ഡി. ഓഫീലെത്തിയത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നാല്‍ മൊഴിനല്കല് തടസ്സപ്പെടുമോയെന്ന ആശങ്ക മുഈനലി തങ്ങള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മാധ്യമങ്ങളെ അറിയിച്ചില്ല. മൊഴിനല്‍കി പുറത്ത് വന്ന ശേഷം തങ്ങള്‍ ഫേസ്ബുക്കില്‍ ഇ.ഡി. ഓഫീസിന് മുന്നില്‍ നില്ക്കുന്ന ചിത്രം പുറത്തുവിട്ട ശേഷമാണ് മാധ്യമങ്ങള്‍ വിവരം അറിഞ്ഞത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.