തിരുവനന്തപുരം : പൊതു പണിമുടക്ക് ദിനത്തിൽ എസ്ബിഐ ബാങ്കിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം. പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകിപ്പിച്ച് ഒത്തുതീർപ്പിന് ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം.
പണിമുടക്ക് ദിനത്തിൽ സെക്രട്ടറിയേറ്റിന് സമീപമുള്ള എസ്ബിഐ ട്രഷറിയിലേക്ക് കടന്നുകയറിയ അക്രമിസംഘം കമ്പ്യൂട്ടറുകൾ അടക്കം തല്ലി തകർത്തിരുന്നു. സിസിറ്റിവി ദൃശ്യങ്ങളിൽ നിന്ന് ഇവർ ഇടതു സംഘടനാ പ്രവർത്തകരാണെന്ന് വ്യക്തമായിരുന്നു. 15 പേരെയാണ് തിരിച്ചറിഞ്ഞതിൽ എൻജിഒ യൂണിയൻ സംസ്ഥാന സമിതി അംഗം സുരേഷ് ബാബു, ജില്ല പ്രസിഡന്റ് അനിൽ കുമാർ, അജയകുമാര്‍, ശ്രീവത്സൻ, ബിനുരാജ്, വിനുകുമാർ എന്നിവരാണ് മുഖ്യ പ്രതികളെന്നാണ് പൊലീസ് പറയുന്നത്.
Also Read-
SBI ആക്രമണം: 5 ഇടതുസംഘടനാ പ്രവർത്തകരെ തിരിച്ചറിഞ്ഞു
ഇവർ എല്ലാവരും സർക്കാർ ജീവനക്കാരാതിനാൽ ജോലി നഷ്ടപ്പെടുമെന്ന സഹതാപം ഉണ്ടാക്കി ബാങ്ക് അധികൃതരുമായി ഒത്തു തീർപ്പിന് ശ്രമിക്കുകയാണ് ഇടതുമുന്നണി നേതാക്കൾ. ബാങ്ക് ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നൽകി കേസ് പിൻവലിപ്പിക്കാനാണ് നീക്കം. ഇക്കാര്യത്തിൽ ധാരണയുണ്ടാകുന്നത് വരെ അറസ്റ്റ് വൈകിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.
Also Read-
ബാങ്ക് ആക്രമണം: 15 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്
അതേസമയം നേരത്തെ കീഴടങ്ങിയ എൻജിഒ യൂണിയൻ ഏരിയാ സെക്രട്ടറിയും ജില്ലാ ട്രഷറി ക്ലർക്കുമായ അശോകൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിലാൽ എന്നിവറെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇവരല്ലാതെ മറ്റാരെയും പൊലീസ് ഇതുവരെ പിടികൂടാത്തതും വിമർശനം ഉയർത്തിയിട്ടുണ്ട്.
അതിക്രമികൾക്കെതിരെ ബാങ്കിലെ വനിതാ ജീവനക്കാർ രംഗത്തെത്തിയതും പൊലീസിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അക്രമികൾ അസഭ്യ വർഷം നടത്തി അപമാനിച്ചുവെന്ന് കാട്ടി ഇവർ ബാങ്ക് അധികൃതർക്ക് പരാതി നൽകിയതായാണ് സൂചന. ഈ പരാതി പൊലീസിന് കൈമാറിയാൽ കേസ് കൂടുതൽ ശക്തമായേക്കും.
എന്നാൽ കേസിൽ കടുത്ത നടപടികളിലേക്കാണ് പൊലീസ് നീങ്ങുന്നതെന്നാണ് അന്വേഷണ മേൽനോട്ടം വഹിക്കുന്ന ഡിസിപി ചൈത്ര തേരേസാ ജോൺ അറിയിച്ചിരിക്കുന്നത്. കീഴടങ്ങാത്തവരെ സസ്പെൻഡ് ചെയ്യാൻ വകുപ്പ് മേധാവികളോട് ആവശ്യപ്പെടുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.