കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ പൊലീസ് റിപ്പോർട്ട് തള്ളി ദേശീയ പട്ടിക വർഗ കമ്മീഷൻ. പുതിയ റിപ്പോർട്ട് നാലുദിവസത്തിനകം സമർപ്പിക്കണമെന്ന് മെഡിക്കൽ കോളജ് എ സി പിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. സംഭവത്തിൽ ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു.
വിശ്വനാഥന്റെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിൽ പിശകുകളുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. അസ്വാഭാവിക മരണത്തിന് മാത്രമായി കേസെടുക്കുന്നത് ശരിയല്ല. ഒരാൾ വെറുതെ ജീവനൊടുക്കില്ല. കറുത്ത നിറമുള്ള ആളുകളെ കാണുമ്പോൾ ഉള്ള മനോഭാവം മാറണം. നിറം കറുപ്പായതിനാലും മോശം വസ്ത്രം ആയതിനാലും വിശ്വനാഥനെ ആളുകൾ കളിയാക്കി കാണും. പട്ടികവർഗ്ഗപ്രമോട്ടറുടെ മൊഴിയെടുക്കാത്തതിലും വീഴ്ച്ചയുണ്ട്.
Also Read- ശരീരത്തില്‍ മര്‍ദനമേറ്റ ലക്ഷണമില്ല; വിശ്വനാഥന്‍റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇൻക്വസ്റ്റ് നടത്താത്തത് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയ കമ്മീഷൻ, വിശ്വനാഥന്റെ മരണത്തിൽ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്നും പൊലീസിന് നിർദേശം നൽകി.
Also Read- കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിശ്വനാഥിന്റെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം
വിശ്വനാഥന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആറ് മുറിവുകൾ ശരീരത്തിലുണ്ടായിരുന്നു. ഇത് മരത്തിൽ ഉരഞ്ഞതുമൂലം ഉണ്ടായതാണെന്നും ഫൊറന്‍സിക് സര്‍ജന്‍റെ മൊഴിയിൽ പറയുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ ഭാര്യക്കൊപ്പമെത്തിയ ആദിവാസി യുവാവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് എട്ടു വർഷത്തിന് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞുണ്ടായതെന്നും മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതാണ് വിശ്വനാഥൻ ജീവനൊടുക്കാൻ കാരണമെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.