• HOME
  • »
  • NEWS
  • »
  • kerala
  • »
  • Breaking|'ഫോട്ടോ സഹിതം മോശം വാര്‍ത്തകള്‍ വരും'; മധു വധക്കേസ് പ്രതികളുടെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി‌

Breaking|'ഫോട്ടോ സഹിതം മോശം വാര്‍ത്തകള്‍ വരും'; മധു വധക്കേസ് പ്രതികളുടെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി‌

ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ജഡ്ജിയുടെ പടം വെച്ച് മോശം വാർത്തകൾ വരുമെന്ന് പറഞ്ഞതായും വിധിയിൽ പരാമർശിക്കുന്നു

  • Last Updated :
  • Share this:
    പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതിഭാഗം അഭിഭാഷകനെതിരെ വിചാരണ കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട് എസ് സി - എസ് ടി കോടതിയുടെ വിധിയിലാണ് പ്രതിഭാഗം അഭിഭാഷകനെതിരെ കോടതി പരാമർശം. ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ജഡ്ജിയുടെ പടം വെച്ച് മോശം വാർത്തകൾ വരുമെന്ന് പറഞ്ഞതായും വിധിയിൽ പരാമർശിക്കുന്നു.

    അട്ടപ്പാടി മധു കേസിൽ സാക്ഷികളെ സ്വാധീനിച്ചതിന്റെ പേരിൽ 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട് എസ് സി - എസ് ടി കോടതി വിധിയിലാണ് പ്രതിഭാഗം അഭിഭാഷകനെതിരെ പരാമർശമുള്ളത്. 22 പേജുള്ള ഉത്തരവിൽ 34ാം ഖണ്ഡികയിലാണ് പരാമർശം. കേസിലെ 3,6,8, 10, 12 പ്രതികളുടെ അഭിഭാഷകനെതിരെയാണ് കോടതിയുടെ ഗുരുതര വെളിപ്പെടുത്തൽ.

    പ്രതികൾക്ക് ഹൈക്കോടതിയാണ് ജാമ്യം നൽകിയത് എന്നതിനാൽ ഇത് റദ്ദാക്കിയാൽ ഹൈക്കോടതിയിൽ നിന്നും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഹൈക്കോടതിക്ക് വിശദീകരണം നൽകേണ്ടി വരുമെന്നും അഭിഭാഷകൻ പറഞ്ഞതായി വിധിയിൽ പറയുന്നു. ഇതിന് പുറമെ മാധ്യമങ്ങളിൽ ജഡ്ജിയുടെ ചിത്ര സഹിതം മോശം വാർത്തകൾ വരുമെന്ന് പറഞ്ഞതായും വിധിയിൽ വ്യക്തമാക്കുന്നു.

    എന്നാൽ ന്യായമായ കാരണമുണ്ടെങ്കിൽ ഹൈക്കോടതി അനാവശ്യമായി ഉപദ്രവിക്കില്ലെന്ന് കരുതുന്നതായും വിധിന്യായത്തിൽ ജഡ്ജി കെ എം രതീഷ് കുമാർ കുറിച്ചു. ആരെയും ഭയക്കാതെയും പ്രതീപ്പെടുത്താതെയുമാണ് ചുമതലകൾ നിർവഹിക്കുന്നത്. അത്കൊണ്ടു പ്രതിഭാഗം അഭിഭാഷകന്റെ ഉത്കണ്ഠ അനാവശ്യമാണെന്ന് കരുതുന്നതായും വിധിയിൽ വ്യക്തമാക്കി.

    മധു കേസിൽ പ്രതിഭാഗത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്ന ഘട്ടത്തിലാണ് പ്രതിഭാഗം
    അഭിഭാഷകനെതിരെയുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.

    ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ക്കഥയായ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. പ്രതികളുടെ സ്വാധീനത്താലാണ് സാക്ഷികള്‍ കൂറുമാറിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനു തെളിവായി ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കി.പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

    മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം ഒരാള്‍ അറസ്റ്റിലായിരുന്നു. കേസിൽ പ്രതിയായ മുക്കാലി സ്വദേശി അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മധുവിന്റെ അമ്മയും സഹോദരിയും പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഇയാളുടെ ഡ്രൈവറും ബന്ധുവുമായ ഷിഫാനെ പൊലീസ് പിടികൂടിയത്. ഒന്നാം പ്രതി അബ്ബാസ് ഇപ്പോഴും ഒളിവിലാണ്.
    Published by:Rajesh V
    First published: