• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

1968ൽ ഇവിടെ എന്തു സംഭവിച്ചു ? അറിയാൻ ആഗ്രഹമുള്ളവരെ രാഷ്ട്രീയം പഠിപ്പിക്കാൻ സ്കൂൾ വരുന്നു

ശനി, ഞായർ ദിവസങ്ങളിലായി 12 മണിക്കൂറാവും ഒരു ബാച്ചിന്റെ അധ്യയനം.ക്‌ളാസുകൾക്കൊപ്പം വിഷയങ്ങളുടെ നോട്സും നൽകുന്നതോടൊപ്പം കൂടുതൽ വായനക്കായി പുസ്തകങ്ങളും നിർദേശിക്കും

News18 Malayalam
Updated: December 8, 2019, 3:00 PM IST
1968ൽ ഇവിടെ എന്തു സംഭവിച്ചു ? അറിയാൻ ആഗ്രഹമുള്ളവരെ രാഷ്ട്രീയം പഠിപ്പിക്കാൻ സ്കൂൾ വരുന്നു
News 18
  • Share this:
ഒന്നും പഠിക്കാത്തവർക്കുള്ളതാണ് രാഷ്ട്രീയം എന്ന് ധാരണയുണ്ടെങ്കിൽ തിരുത്താം. രാഷ്ട്രീയക്കളരിയിൽ അങ്കത്തിനു വരുന്നവർക്ക് അടവുകളുടെ ചുരിക തടുക്കാനുള്ള രാഷ്ട്രീയ പാഠങ്ങളുടെ പരിച പരിശീലിപ്പിക്കാൻ പാഠശാല വരുന്നു. ജനുവരിയിൽ കൊച്ചിയിൽ തുടങ്ങുന്ന ഈ കളരിയിൽ കഴിഞ്ഞ എഴുപതു കൊല്ലത്തെ രാഷ്ട്രീയവും രാഷ്ട്രീയപാർട്ടികളുടെ ചരിത്രവും പരിണാമവും വിഷയമാകും. "മുമ്പ് നമ്മുടെ ചായക്കടകളിലെ ചർച്ചകളിൽ രാഷ്ട്രീയമുണ്ടായിരുന്നു. അതിപ്പോ തെരഞ്ഞെടുപ്പ് കാലത്ത് ടെലിവിഷൻ പോഗ്രാമായി ഒതുങ്ങി . പത്രം വായനയിലൂടെ രാഷ്ട്രീയം അറിഞ്ഞിരുന്നു. പത്രം വായന തന്നെ കുറഞ്ഞു. അങ്ങനെ രാഷ്ട്രീയപ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും സാധാരണ വോട്ടർമാർക്കും രാഷ്ട്രീയ അവബോധം കുറഞ്ഞു വരുന്നതായാണ് തോന്നുന്നത്. പലർക്കും സ്വന്തം കക്ഷികളുടെ ചരിത്രത്തിനപ്പുറം താല്പര്യവുമില്ല. അതിനാൽ കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള രാഷ്ട്രീയത്തിന് ഊന്നൽ കൊടുത്താകും ഈ രാഷ്ട്രീയ പഠനം ," രാഷ്ട്രീയ അദ്ധ്യാപകരിൽ ഒരാളായ ജോർജ് പുളിക്കൻ പറഞ്ഞു.

കാൽ നൂറ്റാണ്ടിലേറെയായി മാധ്യമ പ്രവർത്തകനും ഗ്രന്ഥകർത്താവും രാഷ്ട്രീയ വിമർശന ഹാസ്യ പരിപാടികളായ പൊളിട്രിക്സ്, ധീം തരികിട ധോം, ചിത്രം വിചിത്രം, എന്നിവയുടെ അവതാരകനുമായ പുളിക്കനോടൊപ്പം രാഷ്ട്രീയ വിശകലന വിദഗ്ധനും രാഷ്ട്രീയ ചരിത്രകാരനും ഗ്രന്ഥകർത്താവും അഭിഭാഷകനുമായ എ.ജയശങ്കറും രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പാഠങ്ങൾ പകർന്നു കൊടുക്കും. മുതിർന്ന മാധ്യമ പ്രവർത്തകൻ വിത്സൺ വർഗീസാണ് സ്കൂളിലെ മൂന്നാമത്തെ അധ്യാപകൻ.

നല്ല ജോലി എന്നത് അപ്രാപ്യമല്ല; ശ്രദ്ധേയമായി ട്രൈബൽ ജോബ് ഫെയർ

തുടക്കത്തിൽ മുപ്പതു പേർക്കുള്ള ക്ലാസ് ആണ് ഉദ്ദേശിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലായി 12 മണിക്കൂറാവും ഒരു ബാച്ചിന്റെ അധ്യയനം. ക്ലാസുകൾക്കൊപ്പം വിഷയങ്ങളുടെ നോട്സും നൽകുന്നതോടൊപ്പം കൂടുതൽ വായനക്കായി പുസ്തകങ്ങളും നിർദേശിക്കും. നേതൃത്വ പരിശീലനത്തിനായുള്ള മറ്റു സംഗതികളും ടീമിന്‍റെ ലക്ഷ്യങ്ങളിൽ ഉണ്ട്. കേവല രാഷ്ട്രീയ പഠനത്തിനപ്പുറം ദൈനംദിന പ്രവർത്തനത്തിനുള്ള കാര്യങ്ങളുമായി കാലക്രമത്തിൽ സിലബസ് വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. " തുടക്കത്തിൽ നിയമങ്ങളെ കുറിച്ചുള്ള അറിവ്, മാധ്യമ ഇടപെടൽ,സംവാദം, പ്രസംഗ പരിശീലനം, അടിയന്തിരാവസ്ഥ, ഇവയെക്കുറിച്ച് വിദഗ്‌ധരുടെ നേതൃത്വത്തിൽ ഏകദിന ശില്പശാലകൾ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്," പുളിക്കൻ പറഞ്ഞു. ആവശ്യമെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  ക്ലാസെടുക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഇനി, രണ്ടും കൽപ്പിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർക്ക് അരയും തലയും മുറുക്കിത്തന്നെ ഇറങ്ങാം. ഉത്തരം മുട്ടാതിരിക്കാൻ ഈ രാഷ്ട്രീയ വിദ്യാഭ്യാസം അവർക്ക് പിൻബലമാകുമെന്ന് വിശ്വസിക്കാം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 7, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍