• HOME
 • »
 • NEWS
 • »
 • kerala
 • »
 • സ്കൂൾസമയം രാവിലെ എട്ട് മുതല്‍ ഒരു മണി വരെയാക്കണം; അധ്യാപകർക്ക് 5 വർഷത്തെ മാസ്റ്റേഴ്സ് ബിരുദം: ഖാദര്‍ കമ്മിറ്റി

സ്കൂൾസമയം രാവിലെ എട്ട് മുതല്‍ ഒരു മണി വരെയാക്കണം; അധ്യാപകർക്ക് 5 വർഷത്തെ മാസ്റ്റേഴ്സ് ബിരുദം: ഖാദര്‍ കമ്മിറ്റി

അക്കാദമിക് പരിഷ്‌കാരങ്ങള്‍ പ്രതിപാദിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ടിന്റെ രണ്ടാമത്തെ ഭാഗമാണ് വ്യാഴാഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ചത്.

 • Last Updated :
 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയം മാറ്റാൻ ശുപാര്‍ശ. സ്‌കൂള്‍ പ്രവൃത്തിസമയം രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്നുവരെയാക്കാനാണ് നിർദ്ദേശം. ഇതിന് പുറമെ, അധ്യാപക ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് കോഴ്‌സ് ആരംഭിക്കാനും ഡോ.എം.എ. ഖാദര്‍ അധ്യക്ഷനായ കമ്മിറ്റി ശുപാർശ ചെയ്തു.

  അക്കാദമിക് പരിഷ്‌കാരങ്ങള്‍ പ്രതിപാദിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ടിന്റെ രണ്ടാമത്തെ ഭാഗമാണ് വ്യാഴാഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ കൈകാര്യം ചെയ്യുന്ന ആദ്യ റിപ്പോര്‍ട്ട് 2019 ല്‍ സമര്‍പ്പിക്കുകയും റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു.

  രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ ഉച്ചയ്ക്കുശേഷമുള്ള സമയം പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഉച്ചകഴിഞ്ഞുള്ള സമയം, സ്‌പോര്‍ട്‌സ്, ഗെയിമുകള്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ചെലവഴിക്കാവുന്നതാണ്.

  അതേസമയം, നിലവിലുള്ള അധ്യാപകരുടെ വിവിധ തലത്തിലുള്ള പരിശീലന കോഴ്സുകൾ കൊണ്ട് അധ്യാപനരംഗത്ത് ഗുണനിലവാരം ഉറപ്പാക്കാന്‍ കഴിയില്ലെന്നും അഞ്ചു വർഷത്തെ സംയോജിത കോഴ്സ് പഠിച്ചവരെ നിയമിക്കണമെന്നും ഖാദര്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. കോഴ്സില്‍ പ്രീ-സ്‌കൂള്‍, പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് സ്‌പെഷ്യലൈസേഷനുകള്‍ ഉണ്ടായിരിക്കണം.

  also read: നിലമ്പൂർ ട്രെയിൻ യാത്രികർക്ക് ഒരു സന്തോഷവാർത്ത ; നിലമ്പൂരിൽ നിന്നും ആദ്യ ട്രെയിൻ ഇനി മുതല്‍ പുലർച്ചെ 5.30 ന്

  സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സമത്വവും, ഗുണനിലവാരവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പാനല്‍ ഊന്നിപ്പറഞ്ഞു. ഇതിന് പുറമെ, പ്രത്യേക കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ തങ്ങളുടേതാണെന്ന തോന്നല്‍ ഉണ്ടായിരിക്കണം. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും പാനല്‍ വ്യക്തമാക്കി.

  സ്‌കൂള്‍ വിദ്യാഭ്യാസം മാതൃഭാഷയില്‍ത്തന്നെയാകണമെന്നാണ് ഖാദര്‍ കമ്മിറ്റി നിര്‍ദേശം. ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഭാഷകള്‍ക്കൊപ്പം സ്‌കൂളുകളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനും ശ്രമിക്കണം. വിദ്യാര്‍ത്ഥികളില്‍ തൊഴിലധിഷ്ഠിത സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും വിവിധ ജോലിസ്ഥലങ്ങള്‍ പരിചയപ്പെടുത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു. വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും അവരുടെ പഠനത്തിലും, പെരുമാറ്റത്തിലും ഉള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മികച്ച സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

  നേതൃത്വപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് സ്‌കൂള്‍ പാര്‍ലമെന്റുകള്‍ ഫലപ്രദമായി ഉപയോഗിക്കാനും പാനല്‍ ശുപാര്‍ശ ചെയ്തു. മൂല്യനിര്‍ണയം' എന്ന നിലയിലുള്ള ഇപ്പോഴത്തെ രീതി മാറ്റണമെന്നും കുട്ടികളിലെ പരീക്ഷപ്പേടി മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  ഉന്നത അധ്യാപക തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുമ്പോള്‍ കഴിവുകളും കണക്കിലെടുക്കണമെന്ന് പാനല്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്‌കൂള്‍ അധ്യാപക സംഘടനകളുടെ അംഗീകാരത്തിനായി ഹിത പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഘടനകള്‍ നിശ്ചിത ശതമാനം അധ്യാപകരെ പ്രതിനിധീകരിക്കുന്നതായിരിക്കണമെന്നും ഖാദര്‍ കമ്മിറ്റി പറഞ്ഞു.

  അതേസമയം, നേരത്തെ ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി ഏകീകരണം എന്ന ശുപാര്‍ശയും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ടുവച്ചിരുന്നു. ഇത് നടപ്പാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ഇതിനെ അധ്യാപക സംഘടനാ പ്രതിനിധികള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഖാദര്‍ കമ്മറ്റിയുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് പുറത്തു വരുന്നതിനു മുന്‍പ് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അധ്യാപക സംഘടനകള്‍.
  Published by:Amal Surendran
  First published: