തിരുവനന്തപുരം: ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു(School Opening). പ്രവേശനോത്സവത്തോടെയാകും തുടക്കം. സംസ്ഥാന തല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടണ്‍ ഹില്‍ യുപി സ്കൂളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ രാവിലെ 8.30ന് നടക്കും. സ്കൂള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്.
ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകാരും 10,12 ക്ലാസുകാരുമാണ് സ്കൂളില്‍ തിരിച്ചെത്തുന്നത്. 8,9,11 ക്ലാസുകള്‍ 15നാകും തുടങ്ങുക. 2 ഘട്ടങ്ങളിലുമായി 42,65,273 വിദ്യാര്‍ഥികളാണ് സ്കൂളുകളില്‍ എത്തുക. പ്രവേശനോത്സവത്തോടെ കുട്ടികളെ സ്വീകരിക്കാന്‍ സംസ്ഥാനം പൂര്‍ണസജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരുന്നു. മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം കുട്ടികളെ അയക്കാന്‍. ആശങ്കയുള്ള രക്ഷാകര്ത്താക്കള് സാഹചര്യം വിലയിരുത്തിയശേഷം പിന്നീട് കുട്ടികളെ അയച്ചാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അധ്യാപക ക്ഷാമമുള്ള ഇടങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നതിനും 1800ഓളം പ്രധാനാധ്യാപകരെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ നിയമിക്കാനും നടപടിയെടുത്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചിരുന്നു.
കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ നവംബര്‍ 12 വരെ പുതിയ സമയക്രമത്തിലായിരിക്കും. ജി-സ്യൂട്ട് പ്ലാറ്റ്ഫോം വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസിനായി എല്ലാ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും ലോഗിന്‍ വിലാസം നല്‍കിക്കഴിഞ്ഞു. നവംബര്‍ ആദ്യവാരത്തോടെ 8, 9 ക്ലാസുകളിലെ ഏകദേശം 8.6 ലക്ഷം കുട്ടികള്‍ക്കുകൂടി ലോഗിന്‍ ഐഡി നല്‍കും.
ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ടു ഡോസ് വാക്സിന് എടുക്കാത്ത അധ്യാപകരും അനധ്യാപകരും രണ്ടാഴ്ചത്തേക്ക് സ്കൂളില്‍ വരുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. അധ്യാപകരില്ലാത്തയിടങ്ങളില്‍ താത്കാലിക അധ്യാപകരെ നിയമിക്കാന്‍ അനുമതിനല്‍കി. ലോവര്‍ പ്രൈമറി സ്കൂളുകളില്‍ പ്രഥമാധ്യാപകരെ കോടതി ഉത്തരവുപ്രകാരം നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്ഹില്ലില്സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ രാവിലെ 8.30-ന് നടക്കും. മന്ത്രിമാരായ വി ശിവന്‍കുട്ടി, വീണാ ജോര്‍ജ്, ആന്റണി രാജു, ജി ആര് അനില്‍ എന്നിവര്‍ പങ്കെടുക്കും.
ക്ലാസുകള്‍ ഇങ്ങനെ- ഒന്നുമുതല്‍ ഏഴുവരെയും പത്ത്, 12 ക്ലാസുകളും തിങ്കളാഴ്ച ആരംഭിക്കും
- ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ രണ്ടു കുട്ടികളേ പാടുള്ളൂ
- ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ഒരു സമയം പകുതി കുട്ടികളേ പാടുള്ളൂ
- ഓരോ ബാച്ചിനും തുടര്‍ച്ചയായി മൂന്നുദിവസം (വിദ്യാര്‍ഥികള്‍ അധികമുള്ള സ്കൂളുകളില്‍ രണ്ടുദിവസം) സ്കൂളില്‍ വരാം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും. ഒരു ബാച്ചില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥി സ്ഥിരമായി അതില്‍ത്തന്നെ തുടരണം
- വാഹനങ്ങളില്‍ ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം
- ആദ്യ രണ്ടാഴ്ച ഹാജര്‍ ഉണ്ടാകില്ല. കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളായിരിക്കും
- ഉച്ചയ്ക്കുശേഷം ഓണ്‍ലൈന്‍ ക്ലാസ് തുടരും
- ആദ്യഘട്ടത്തില്‍ ക്ലാസ് ഉച്ചവരെ മാത്രം
കേരളത്തിലെ സ്കൂളുകള്‍- ആകെ സ്കൂളുകള്‍ 15,452
- ആകെ വിദ്യാര്‍ഥികള്‍ 42,65,273
- ആകെ അധ്യാപകര്‍ 1,75,000
- അനധ്യാപകര്‍ 25,000
- വാക്സിനെടുക്കാത്ത അധ്യാപകര്‍ 2282
- വാക്സിനെടുക്കാത്ത അനധ്യാപകര്‍ 327
- ശുചീകരണം നടത്താത്ത സ്കൂളുകള്‍ 204
- ഫിറ്റ്നെസ് ലഭിക്കാത്ത സ്കൂളുകള്‍ 446
- ബസ് അറ്റകുറ്റപ്പണി നടത്താനുള്ള സ്കൂളുകള്‍ 1474
24,300 തെര്‍മല്‍ സ്കാനറുകള്കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി 24,300 തെര്‍മല്‍ സ്കാനറുകള്‍ സ്കൂളുകളില്‍ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. സോപ്പ്, ഹാന്‍ഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിനായി 2.85 കോടി രൂപയും നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ 49 പ്രവൃത്തിദിനങ്ങളിലെ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിനായി 105.5 കോടി രൂപയും നല്കി. ഈ രണ്ടു മാസങ്ങളിലേക്കുള്ള പാചകത്തൊഴിലാളികളുടെ ഓണറേറിയം തുകയായ 45 കോടി രൂപയും മുന്‍കൂറായി വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അനുവദിച്ചു. സ്കൂള്‍ ഗ്രാന്റ് ഇനത്തില്‍ 11 കോടി അനുവദിച്ചു. അക്കാദമിക് ആവശ്യങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി നവംബര്‍ മാസത്തിനുള്ളില്‍ ബാക്കി 11 കോടിയും നല്‍കും. സ്കൂള്‍ മെയിന്റനന്‍സ് ഗ്രാന്‍ഡ് ഇനത്തില്‍ എല്ലാ ഉപഡയറക്ടര്‍മാര്‍ക്കും 10 ലക്ഷം രൂപവീതം അനുവദിച്ചു. എയ്ഡഡ് സ്കൂളുകള്‍ നല്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഈ തുക ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.