• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുരളിയും പത്മജയും അടക്കം 13 'മക്കൾക്ക്' തോൽവി; 10 പേർ ജയിച്ചുകയറി

മുരളിയും പത്മജയും അടക്കം 13 'മക്കൾക്ക്' തോൽവി; 10 പേർ ജയിച്ചുകയറി

21 മണ്ഡലങ്ങളിലാണ് 23 പേര്‍ മത്സരിച്ചത്. ഏറ്റവും കൂടുതല്‍ രാഷ്ട്രീയക്കാരുടെ മക്കള്‍ മത്സരിച്ചത് കൊല്ലം ജില്ലയിൽ.

കെ മുരളീധരൻ, പത്മജ വേണുഗോപാൽ, കെ മുരളീധരൻ

കെ മുരളീധരൻ, പത്മജ വേണുഗോപാൽ, കെ മുരളീധരൻ

  • Share this:
    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ രാഷ്ട്രീയ നേതാക്കളുടെ 23 മക്കളിൽ ജയിച്ചത് 11 പേർ മാത്രം. 21 മണ്ഡലങ്ങളിലാണ് 23 പേര്‍ മത്സരിച്ചത്. മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ രണ്ടു മക്കളും മത്സരിച്ചതില്‍ നേമത്ത് കെ മുരളീധരനും തൃശൂരില്‍ പത്മജ വേണുഗോപാലും തോറ്റു.

    ഏറ്റവും കൂടുതല്‍ രാഷ്ട്രീയക്കാരുടെ മക്കള്‍ മത്സരിച്ചത് കൊല്ലം ജില്ലയിലാണ്. നാലു പേരാണ് കൊല്ലത്ത് മത്സരിക്കാനിറങ്ങിയത്. ഇരവിപുരത്ത് മുന്‍മന്ത്രി ടി കെ ദിവാകരന്റെ മകന്‍ ബാബു ദിവാകരന്‍ (ആർ എസ് പി) തോറ്റു. സിപിഎം സ്ഥാനാർഥി എം നൗഷാദാണ് ഇവിടെ ജയിച്ചത്. പുനലൂരില്‍ മുന്‍ എംഎല്‍എ പി കെ ശ്രീനിവാസന്റെ മകന്‍ പി എസ് സുപാല്‍ (സിപിഐ) ജയിച്ചു. പത്തനാപുരത്ത് മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ മകന്‍ കെ ബി ഗണേഷ് കുമാര്‍ (കേരളാ കോണ്‍ഗ്രസ് ബി) സിറ്റിങ് സീറ്റ് നിലനിർത്തി. ചവറയില്‍ രണ്ട് നേതാക്കളുടെ മക്കള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ മുന്‍മന്ത്രി ബേബി ജോണിന്റെ മകന്‍ ഷിബു ബേബി ജോണ്‍ തോറ്റു. നിലവില്‍ എംഎല്‍എയായിരുന്ന പരേതനായ വിജയന്‍ പിള്ളയുടെ മകന്‍ സുജിത്ത് വിജയന്‍ പിള്ള ആണ് ചവറയിൽ ജയിച്ചത്.

    കെ കരുണാകരന്റെ മക്കളായ കെ. മുരളീധരന്‍ നേമത്തും പത്മജ വേണുഗോപാല്‍ തൃശൂരിലും മത്സരിച്ചെങ്കിലും രണ്ടു പേരും തോറ്റു. നേമം പിടിക്കാൻ കോൺഗ്രസ് ഇറക്കിയ സ്ഥാനാർഥി മൂന്നാമതായത് പാർട്ടിക്കും നാണക്കേടായി. എന്നാൽ രണ്ടിടത്തും ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ഇവർ പിടിച്ച വോട്ടുകൾ നിർണായകമായി.

    Also Read- തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ ഉലകനായകൻ കമല്‍ഹാസന് തോൽവി

    മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ മകന്‍ എം കെ മുനീര്‍ (മുസ്ലിം ലീഗ്) കൊടുവള്ളിയില്‍ വിജയിച്ചു. കോഴിക്കോട് ജില്ലയിൽ യുഡിഎഫ് ജയിച്ച രണ്ട് സീറ്റുകളിലൊന്നാണ് കൊടുവള്ളി. ജില്ലയിലെ മറ്റൊരു വിജയം വടകരയിൽ കെ കെ രമയുടേതാണ്.

    മുന്‍മന്ത്രിയും സ്പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്റെ മകന്‍ കെഎസ് ശബരീനാഥന്‍ അരുവിക്കരയില്‍ പരാജയപ്പെട്ടു. കാർത്തികേയന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും 2016ലും മണ്ഡലത്തില്‍ ശബരീനാഥൻ ജയിച്ചിരുന്നു. സിപിഎം സ്ഥാനാർഥി ജി സ്റ്റീഫൻ അയ്യായിരത്തിനടുത്ത് ഭൂരിപക്ഷത്തോടെയാണ് ജയിച്ചുകയറിയത്.

    Also Read- തമിഴ്നാട്ടിൽ നാലിടത്ത് വിജയിച്ച് ഇടതുപാർട്ടികൾ; 17 ഇടത്ത് കോൺഗ്രസിനും വിജയം

    ഏറനാട് മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ എല്‍എല്‍എ സീതി ഹാജിയുടെ മകന്‍ പി കെ ബഷീര്‍ (മുസ്ലിം ലീഗ്) ജയിച്ചു. 2011ലും 2016ലും ഏറനാട് നിന്ന് ജയിച്ച ബഷീറിന്റെ ഹാട്രിക് വിജയമാണിത്. കളമശേരിയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങിയ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി ഇ അബ്ദുല്‍ ഗഫൂര്‍ തോറ്റു. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റിൽ ജയിച്ചത് സിപിഎം സ്ഥാനാര്‍ഥി പി രാജീവാണ്.

    റാന്നിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ എംഎല്‍എ എം സി ചെറിയാന്റെ മകന്‍ റിങ്കു ചെറിയാനും തോറ്റു. ചിറ്റൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ എംഎല്‍എ കെ അച്യുതന്റെ മകന്‍ സുമേഷ് അച്യുതന്‍ തോറ്റു. മന്ത്രി കെ കൃ‍ഷ്ണൻകുട്ടിക്ക് ഇവിടെ ഇരുപതിനായിരത്തിന് പുറത്താണ് ഭൂരിപക്ഷം.

    Also Read- ആർ ബാലകൃഷ്ണപിള്ള നിയമസഭയിലെത്തിയത് 25-ാം വയസിൽ; ആറുതവണ മന്ത്രി; കേരള രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന അതികായൻ

    പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങിയ മുന്‍ എംപി ചെറിയാന്‍ ജെ കാപ്പന്റെ മകന്‍ മാണി സി കാപ്പന്‍ മികച്ച ഭൂരിപക്ഷത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുന്‍മന്ത്രി കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിക്കെതിരെ 13,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കാപ്പന്റെ ജയം. എൽഡിഎഫിനൊപ്പം നിന്ന് മണ്ഡലം പിടിച്ചെടുത്ത കാപ്പൻ യുഡിഎഫിലെത്തിയെങ്കിലും വിജയം ആവർത്തിക്കുകയായിരുന്നു.

    കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്‍മന്ത്രി കെ നാരായണക്കുറിപ്പിന്റെ മകന്‍ എന്‍. ജയരാജ് 13,722 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. മുന്‍ മന്ത്രി കെ എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പരാജയപ്പെട്ടു. റോഷി അഗസ്റ്റിന് ഇവിടെ 5563 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. പീരുമേട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ എംഎല്‍എ കെ കെ തോമസിന്റെ മകന്‍ സിറിയക് തോമസ് തോറ്റു. മുന്‍മന്ത്രി ടി എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് പിറവത്ത് പതിനേഴായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു.

    കൊടുങ്ങല്ലൂരില്‍ മുന്‍ മന്ത്രി വി കെ രാജന്റെ മകന്‍ വി ആര്‍ സുനില്‍ കുമാറും (സിപിഐ) ജയിച്ചു. കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍മന്ത്രി എം പി വീരേന്ദ്ര കുമാറിന്റെ മകന്‍ എം വി ശ്രേയാംസ് കുമാര്‍ (എല്‍ജെഡി) തോറ്റു. ടി. സിദ്ദിഖാണ് ഇവിടെ വിജയിച്ചത്. കൂത്തുപറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ മന്ത്രി പി ആര്‍ കുറുപ്പിന്റെ മകന്‍ കെ പി മോഹനന്‍ (എല്‍ജെഡി) ജയിച്ചു. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ ഇ പത്മനാഭന്റെ മകന്‍ സി പി പ്രമോദ് (സിപിഎം) പരാജയപ്പെട്ടു.
    Published by:Rajesh V
    First published: