• HOME
  • »
  • NEWS
  • »
  • kerala
  • »
  • പെൺസുഹൃത്തിനെ കാണാനായി എത്തിയ യുവാവിനെ കാണാതായ സംഭവം; തിരച്ചിൽ തുടരുന്നു

പെൺസുഹൃത്തിനെ കാണാനായി എത്തിയ യുവാവിനെ കാണാതായ സംഭവം; തിരച്ചിൽ തുടരുന്നു

പാറക്കൂട്ടങ്ങൾക്കിടയിൽനിന്നു കിട്ടിയ ചെരിപ്പ് കിരണിന്റെയാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. എന്നാൽ ഇന്നലെയും കടലിൽ നടത്തിയ തിരച്ചിൽ വിഫലമായി. കിരണിനെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിരിക്കുകയാണെന്ന സംശയത്തിലാണ് ബന്ധുക്കൾ.

കിരൺ

കിരൺ

  • Share this:
    തിരുവനന്തപുരം: പെൺസുഹൃത്തിനെ കാണാനായി വിഴിഞ്ഞം ആഴിമലയിൽ എത്തി ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിനായി കടലിൽ ഉൾപ്പെടെ തിരച്ചിൽ തുടരുന്നു. യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കളടങ്ങിയ സംഘം ആക്രമിച്ച് തട്ടിക്കൊണ്ടുപോയെന്നും പിന്നീടു കടലിൽ വീണു കാണാതായെന്നുമുള്ള വിവരത്തെ തുടർന്നാണ് ശനിയാഴ്ച രാത്രി മുതൽ വ്യാപക അന്വേഷണം നടക്കുന്നത്.

    പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻ വീട്ടിൽ ചിക്കു എന്നു വിളിക്കുന്ന കിരണിനെ (25) ആണു കാണാതായത്. അപായപ്പെടുത്തി കടലിൽ തള്ളുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്തെന്നാണ് സംശയം. കിരണിനെ ആക്രമിച്ചെന്ന് ആരോപിക്കപ്പെടുന്നവർ ഒളിവിലാണ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആഴിമല സ്വദേശിനിയെ കാണാൻ ശനിയാഴ്ച ഉച്ചയ്ക്കാണ് കിരൺ ബന്ധുക്കളായ മെൽവിൻ, അനന്തു എന്നിവർക്കൊപ്പം ഇവിടെ എത്തിയത്.

    Also Read- Arrest | പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വാടകവീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചു; അമ്മയും കാമുകനും അറസ്റ്റിൽ

    പെൺകുട്ടിയെ വീടിനു സമീപം കണ്ടു മടങ്ങുന്നതിനിടെ സഹോദരൻ ഉൾപ്പെടെ 3 ബന്ധുക്കൾ വാഹനങ്ങളിലെത്തി തങ്ങളെ തടഞ്ഞുനിർത്തിയെന്നാണ് മെൽവിനും അനന്തുവും പറയുന്നത്. കിരണിനെയും തങ്ങളെയും മർദിച്ചു. തുടർന്നു കിരണിനെ ബൈക്കിലും തങ്ങളെ കാറിലും കയറ്റിക്കൊണ്ടു പോയി. ഇടയ്ക്കുവച്ച് തങ്ങളെ അസഭ്യം പറഞ്ഞു കാറിൽ നിന്നിറക്കിവിട്ടു. മൂത്രശങ്ക മാറ്റാനെന്നു പറഞ്ഞ് ഇടയ്ക്കിറങ്ങിയ കിരൺ കടന്നുകളഞ്ഞെന്നാണ് അവർ തങ്ങളോടു പറഞ്ഞതെന്നും ഇവർ അറിയിച്ചു.

    രാത്രിയായിട്ടും കിരൺ വീട്ടിൽ എത്താതിരുന്നതിനെത്തുടർന്നു പൊലീസിൽ അറിയിക്കാൻ ഒരുങ്ങുമ്പോഴാണ് മെൽവിനും അനന്തുവും നടന്നതെല്ലാം അറിയിക്കുന്നതെന്ന് കിരണിന്റെ പിതാവ് മധു പറഞ്ഞു. പെൺകുട്ടിയുടെ ബന്ധു ഒരാഴ്ച മുൻപ് ഫോണിൽ വിളിച്ച് കിരണിനെ ഈ ബന്ധത്തിൽനിന്നു വിലക്കണമെന്നു താക്കീതു ചെയ്തിരുന്നുവെന്നും പറഞ്ഞു.

    ഇതിനിടെ, ആഴിമല കടലിൽ ഒരു യുവാവ് മുങ്ങിപ്പോയതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലം പരിശോധിച്ചിരുന്നു. അവിടെ പാറക്കൂട്ടങ്ങൾക്കിടയിൽനിന്നു കിട്ടിയ ചെരിപ്പ് കിരണിന്റെയാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. എന്നാൽ ഇന്നലെയും കടലിൽ നടത്തിയ തിരച്ചിൽ വിഫലമായി. കിരണിനെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിരിക്കുകയാണെന്ന സംശയത്തിലാണ് ബന്ധുക്കൾ.

    Also Read- വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും ഭർത്താവിനെയും അപമാനിച്ചു; യുവാവ് അറസ്റ്റിൽ

    അതേസമയം കിരണിനെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെടുന്നവർ ഒളിവിൽ പോയി. ഇവർക്കായി അന്വേഷണം ശക്തമാക്കി. പരാതി ലഭിച്ചയുടൻ ഇവരെ അന്വേഷിച്ചു പോയെന്നും അപ്പോഴേക്കും ഒളിവിൽ പോയിരുന്നെന്നും വിഴിഞ്ഞം പൊലീസ് അറിയിച്ചു.
    Published by:Rajesh V
    First published: