പാലക്കാട്: അട്ടപ്പാടി മധു കേസിൽ മറ്റൊരു വനംവകുപ്പ് വാച്ചർ കൂടി കൂറുമാറി. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ അബ്ദുൾ റസാഖാണ് കൂറുമാറിയത്. ഇതേ തുടർന്ന് ഇയാളെ വനം വകുപ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കേസിൽ കൂറുമാറിയ വനം വകുപ്പ് വാച്ചർ അനിൽകുമാറിനെ നേരത്തേ പിരിച്ചുവിട്ടിരുന്നു.
കൂറുമാറുന്ന രണ്ടാമത്തെ വനംവകുപ്പ് വാച്ചറാണ് അബ്ദുൾ റസാഖ്. ഇവർക്കെതിരെ കൂറുമാറ്റത്തിന് കേസെടുക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടു. മധു കൊല്ലപ്പെട്ട ദിവസം പെട്ടിക്കൽ തേക്ക് പ്ലാന്റേഷനിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൾ റസാഖ്. മധുവിനെ വനത്തിൽ നിന്നും പിടികൂടി കൊണ്ടുവരുന്നത് കണ്ടിരുന്നതായി നേരത്തേ പൊലീസിന് മൊഴി നൽകിയിരുന്നു.
എന്നാൽ കോടതിയിൽ ഇക്കാര്യം കണ്ടില്ലെന്നാണ് അബ്ദുൾ റസാഖ് മൊഴി നൽകിയത്. ഇതോടെ കേസിൽ കൂറുമാറുന്നവരുടെ എണ്ണം ആറായി. പ്രതികൾ ജാമ്യത്തിലിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിച്ചതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. ഇന്നലെ പതിനഞ്ചാം സാക്ഷി മെഹറുന്നീസ കൂറുമാറിയിരുന്നു. മുക്കാലി പെട്ടിക്കൽ തേക്ക് പ്ലാന്റേഷനിലെ കാന്റീൻ ജീവനക്കാരിയായ മെഹറുന്നീസ മധുവിനെ വനത്തിൽ നിന്നും പിടിച്ചു കൊണ്ടുവരുന്നത് കണ്ടിരുന്നുവെന്നാണ് നേരത്തേ നൽകിയിരുന്ന മൊഴി.
മധുവിന് ഇവർ വെള്ളം കൊടുത്തിരുന്നതായും പറഞ്ഞിരുന്നു. എന്നാൽ മധുവിനെ കണ്ടിട്ടില്ലെന്നും വെള്ളം കൊടുത്തിട്ടില്ലെന്നും ഇവർ കോടതിയിൽ പറഞ്ഞു. കേസിൽ സാക്ഷികൾ കൂറുമാറുന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണം നൽകിയിരുന്നു. എന്നാൽ പൊലീസ് സംരക്ഷണം ലഭിച്ചിട്ടും സാക്ഷികൾ കൂറുമാറുന്നത് തുടരുകയാണ്.
അതേസമയം, മധുവിനെ ചവിട്ടുന്നത് കണ്ടതായി മറ്റൊരു സാക്ഷി കോടതിയിൽ അറിയിച്ചു. പതിമൂന്നാം സാക്ഷി സുരേഷ് ആണ് കോടതിയിൽ നിർണായക മൊഴി നൽകിയത്. പാക്കുളം സ്വദേശി ഹുസൈനാണ് ചവിട്ടിയത്. മധു തലയിടിച്ച് വീണതായും സാക്ഷി പറഞ്ഞു. ഹുസൈനെ സാക്ഷി തിരിച്ചറിഞ്ഞു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.