• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നു മുതല്‍; പ്രതിപക്ഷം ബഹിഷ്‌കരിക്കുമോ?

ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നു മുതല്‍; പ്രതിപക്ഷം ബഹിഷ്‌കരിക്കുമോ?

നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ച് പുതുക്കി പണിഞ്ഞാണ് ലോക കേരള സഭയ്ക്ക് സ്ഥിരം വേദി തയാറാക്കിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലെ നിര്‍മാണം പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിന് വഴിവച്ചിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിക്ക് 16 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് കരാര്‍ നല്‍കിയത്.

News18 Malayalam

News18 Malayalam

  • Share this:
തിരുവനന്തപുരം: ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നു മുതല്‍ മൂന്നു വരെ നിയമസഭാ മന്ദിരത്തില്‍ നടക്കും. ജനുവരി ഒന്നിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ ലോക കേരള സഭയുടെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യും. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പൊതുവേദിയാണ് ലോക കേരള സഭ എന്ന ആശയത്തിനു പിന്നില്‍.

എന്താണ് ലോക കേരള സഭ ?

ലോക കേരള സഭ ഒരു സ്ഥിരം സംവിധാനമാണ്. കേരളത്തില്‍ നിന്നുളള പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാ സാമാജികരും ഉള്‍പ്പെടെ 351 അംഗങ്ങളാണ് ലോക കേരള സഭയില്‍ ഉളളത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോക കേരള സഭ സമ്മേളനം ചേരും. എല്ലാ വര്‍ഷവും മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കുകയും പകരം പുതിയ അംഗങ്ങളെ ചേര്‍ക്കുകയും ചെയ്യും. ഈ വര്‍ഷം 58 പേര്‍ ഒഴിയും.

പ്രഥമ ലോക കേരള സഭയില്‍ ഇന്ത്യ ഉള്‍പ്പെടെ 28 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളാണ് പങ്കെടുത്തത്. 2018 ജനുവരി 12,13 തീയതികളിലായിരുന്നു പ്രഥമ സമ്മേളനം.

ഇത്തവണത്തെ സമ്മേളനത്തില്‍ ജിസിസി (ഗള്‍ഫ്), സാര്‍ക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ, മറ്റ് രാജ്യങ്ങള്‍ അടക്കമുളള എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുളള 47 രാജ്യങ്ങളിലെ  പ്രവാസി മലയാളികളാണ് പങ്കെടുക്കുക. 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത മേഖലകളില്‍ ഉളള പ്രമുഖ മലയാളികളും പ്രത്യേക ക്ഷണിതാക്കളായെത്തും.

പ്രഥമ ലോക കേരള സഭ സമ്മേളനം കേരളത്തിന്റെ സമഗ്ര വികസനത്തിന് വിദേശമലയാളികളുടെയും ഇന്ത്യയ്ക്ക് അകത്തുളള പ്രവാസികളുടെയും സഹായവും സഹകരണവും ലഭ്യമാക്കുന്നതിനുളള മുന്‍കൈയായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളെ മാനിച്ച് ഏഴ് വിഷയ മേഖല സ്റ്റാന്റിംഗ് കമ്മിറ്റികള്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും കമ്മിറ്റികളുടെ ശുപാര്‍ശ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 10 ശുപാര്‍ശകളില്‍ 8 ശിപാര്‍ശകള്‍ സമബന്ധിതമായിനടപ്പാക്കാന്‍ സാധിച്ചു. മറ്റ് രണ്ട് ശുപാര്‍ശകള്‍ സജീവ പരിഗണനയിലാണ്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം പരിഗണിക്കുന്നുണ്ടെന്നും സ്പീക്കര്‍.

ഒന്നാം ലോക കേരള സഭയ്ക്കും രണ്ടാം ലോക കേരള സഭയ്ക്കുമിടയില്‍ കേരളം വലിയ തോതിലുളള പ്രതിസന്ധികളെയാണ് നേരിടേണ്ടിവന്നത്. ഈ ലോക കേരള സഭ മുഖ്യമായ പരിഗണനയ്ക്ക് വിഷയമാക്കുന്നത് നവകേരള സൃഷ്ടിയില്‍ പ്രവാസികളുടെ പങ്കിനെകുറിച്ചാണ്. കൂടാതെ പ്രവാസികളുടെ നിക്ഷേപം ഫലപ്രദമായി കേരള വികസനത്തിന് ഉപയോഗിക്കാനും നിക്ഷേപ സംരംഭകര്‍ക്ക് ഗുണകരമാകുന്ന തരത്തിലും വിനിയോഗിക്കുകയെന്നതാണ് ലക്ഷ്യമെന്ന് പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ലോക കേരള സഭയ്ക്ക് നിയമ സാധുത...

ലോക കേരള സഭയ്ക്ക് നിയമസാധുത നല്‍കാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത സഭാ സമ്മേളനത്തില്‍ ഇതിനായുള്ള നിയമ നിര്‍മാണം നടത്താനാണ് ആലോചന. ഇതോടെ ലോക കേരള സഭയ്ക്ക് നിയമ പ്രാബല്യം ലഭിക്കും.

ലോക കേരള സഭയ്ക്ക് സ്ഥിരം വേദി...

നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ച് പുതുക്കി പണിഞ്ഞാണ് ലോക കേരള സഭയ്ക്ക് സ്ഥിരം വേദി തയാറാക്കിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലെ നിര്‍മാണം പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിന് വഴിവച്ചിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിക്ക് 16 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് കരാര്‍ നല്‍കിയത്. എന്നാല്‍ ഇത്രയും തുക ചെലവായിട്ടില്ലെന്നും നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ പരമാവധി ഒമ്പതു കോടി രൂപയോ ആകുള്ളൂവെന്നും സ്പീക്കര്‍ പറഞ്ഞു.

ഊരാളുങ്കലിനെ നിര്‍മാണം ഏല്പിക്കാനുള്ള തീരുമാനത്തേയും സ്പീക്കര്‍ ന്യായീകരിച്ചു. ചെലവാകാത്ത തുകയും ലാഭവിഹിതവും തിരിച്ചേല്പിച്ച പാരമ്പര്യമാണ് ഊരാളുങ്കലിന് ഉള്ളത്. പ്രതിപക്ഷത്തിനും അവരെക്കുറിച്ച് വിരുദ്ധ അഭിപ്രായമില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അന്താരാഷ്ട്ര സൗകര്യങ്ങളോടെയാണ് ശങ്കരനാരായണന്‍ തമ്പി ലോഞ്ച് പുതുക്കി പണിഞ്ഞത്.

പ്രതിപക്ഷം ബഹിഷ്‌കരിക്കുമോ?

ലോക കേരള സഭ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം നേരത്തേ വ്യക്കമാക്കിയിട്ടുണ്ട്. ആര്‍ഭാടത്തോടെയുള്ള നടത്തിപ്പിനോട് യോജിക്കാനാകില്ലെന്ന് നിയമസഭയില്‍ തന്നെ പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെ സഹകരിപ്പിക്കാനുള്ള ശ്രമം തുടരുകായണെന്ന് സ്പീക്കര്‍ അറിയിച്ചു. ലോകകേരള സഭയുടെ നേതാവ് മുഖ്യമന്ത്രിയും ഉപ നേതാവ് പ്രതിപക്ഷ നേതാവുമാണ്. പ്രതിപക്ഷം പങ്കെടുക്കും എന്നു തന്നെയാണ് പ്രതീക്ഷയെന്നും സ്പീക്കര്‍.
Published by:Rajesh V
First published: