• HOME
 • »
 • NEWS
 • »
 • kerala
 • »
 • രണ്ടാം പിണറായി സർക്കാർ ഇന്ന് അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ വൈകിട്ട് മൂന്നരക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ

രണ്ടാം പിണറായി സർക്കാർ ഇന്ന് അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ വൈകിട്ട് മൂന്നരക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ

സംസ്ഥാന രാഷ്ട്രീയത്തിന് ചരിത്ര ദിനം. പിണറായി ഭരണം രണ്ടാം പതിപ്പിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് അധികാരമേറ്റെടുക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയമാണ് സത്യപ്രതിജ്ഞാ വേദി. ആദ്യ മന്ത്രിസഭാ യോഗത്തില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന അടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി.

  വൈകിട്ട് മൂന്നരയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു മുന്നില്‍ ടീം പിണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. സത്യപ്രതിജ്ഞയ്ക്ക് 500 പേരെ ക്ഷണിച്ചെങ്കിലും ആളെണ്ണം അതിലും കുറയും. ഇടതു മുന്നണി എംഎല്‍എമാര്‍, മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ക്ഷണം.

  സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ക്ഷേമ പെന്‍ഷന്‍ വര്‍ധന, കിറ്റ് വിതരണം തുടങ്ങിയ ജനകീയ തീരുമാനങ്ങള്‍ ആദ്യ
  മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും. പ്രോടെം സ്പീക്കറെയും തീരുമാനിക്കും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്ക് സഭ സമ്മേളിക്കാന്‍ തീയതി തീരുമാനിക്കും.

  24 ന് സത്യപ്രതിജ്ഞയും 25 ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും 28 ന് നയപ്രഖ്യാപനവും നടത്താനാണ് ആലോചന. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ അറിയിക്കും.
  You may also like:ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി; വൈദ്യുതി, ഗതാഗതം, വനം വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക്

  സത്യപ്രതിജ്ഞ ചടങ്ങില്‍ പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എംഎല്‍മാരുടെ ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് പരിശോധിക്കണം. നിലവില്‍ നിശ്ചയിച്ച ആളുകളുടെ എണ്ണം കുറച്ചുകൊണ്ടാകണം ചടങ്ങ് നടത്തേണ്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

  500 പേരെയാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കനായി ക്ഷണിച്ചത്. എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനാല്‍ എണ്ണം കുറയുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

  You may also like:'സത്യപ്രതിജ്ഞയില്‍ യുഡിഎഫ് വെര്‍ച്വലായി പങ്കെടുക്കും'; ബഹ്ഷ്ക്കരിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് എം എം ഹസ്സൻ

  കോവിഡ് സാഹചര്യത്തില്‍ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തൃശൂര്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണ് കോടതിയല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

  ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തിലുള്ള തിരുവനന്തപുരത്ത് 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സത്യപ്രതിജ്ഞ ചടങ്ങ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള സത്യപ്രതിജ്ഞ ചടങ്ങിനെതിരെ കോടതി സ്വമേധയ കേസെടുക്കണമെന്നു് ആവശ്യപ്പെട്ട് അഭിഭാഷകന്‍ അനില്‍ തോമസ്, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റിയന്‍ എന്നിവര്‍ ചീഫ് ജസ്റ്റിസിനു കത്തു നല്‍കിയിരുന്നു.

  രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ ആവേശവും ആഹ്‌ളാദവും വീടുകളില്‍ ആഘോഷമാക്കി മാറ്റണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു. കേരളമെങ്ങും ആവേശത്തിമിര്‍പ്പില്‍ മുങ്ങേണ്ട ദിനമാണ് ഇതെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആവേശവും ആഹ്‌ളാദവും വീടുകളില്‍ ഒതുക്കിയേ മതിയാകൂ. പുതുയുഗ പിറവിക്ക് തുടക്കം കുറിക്കുന്ന ഈ ദിനത്തില്‍ ചരിത്രവിജയത്തിന്റെ ആവേശം ഒട്ടും ചോരാതെ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് കുടുംബാംഗങ്ങളുമായി അഭിമാനപൂര്‍വം സന്തോഷം പങ്കിടാന്‍ മുഴുവന്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
  Published by:Naseeba TC
  First published: