ആലപ്പുഴ: പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ ആലപ്പുഴയിലെ സിപിഎമ്മിനുള്ളിലെ വിഭാഗിയത നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് ജില്ലയിലെ പാര്‍ട്ടിയുടെ മുഖമായിരുന്ന ജി സുധാകരനെ കടന്നാക്രമിക്കുന്ന സമീപനമാണ് പുത്തന്‍ ഗ്രൂപ്പുകളില്‍ നിന്ന് ഉണ്ടായത്. തോമസ് ഐസക്- സുധാകരൻ വിഭാഗങ്ങളില്‍ നിന്ന് മാറി വിവിധ ചെറു ഗ്രൂപ്പുകള്‍ ഉദയം ചെയ്തിരിക്കുകയാണ് ആലപ്പുഴയില്‍.
നേതൃസ്ഥാനത്തെ ചൊല്ലിയുള്ള വടംവലിയാകും സിപിഎം വരും ദിവസങ്ങളില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ തുടങ്ങിയതാണ് ജില്ലയിൽ പാര്‍ട്ടിക്കുള്ളിലെ പോര്. ജി സുധാകരനും തോമസ് ഐസക്കും തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ സജി ചെറിയാന്റെ നേതൃത്വത്തിലുള്ള പുതുനിര മറ നീക്കി പുറത്ത് വന്നു.
സജിക്കൊപ്പം തോള്‍ ചേര്‍ന്ന് എച്ച് സലാമും എ എം ആരിഫും പി പി ചിത്തരഞ്ജനും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും വ്യക്തമായ പ്രാതിനിധ്യം പുതു നിരയ്ക്കുണ്ടായി. പക്ഷെ സ്ഥാനാർത്ഥിത്യത്തിനെതിരായി രക്തസാക്ഷി മണ്ഡപങ്ങളിലടക്കം പ്രതിഷേധം ഉയർന്നു. അമ്പലപ്പുഴയിലേതായിരുന്നു ഏറ്റവും ശക്തമായത്. തുടക്കത്തിലെ തിരിച്ചടി മറികടന്ന് പാർട്ടി സംവിധാനങ്ങൾ എണ്ണയെട്ട യന്ത്രം പോലെ പ്രവർത്തിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ പോസ്റ്റര്‍ വിവാദവും പഴ്‌സണല്‍ സ്റ്റാഫ് അഗത്തിന്റെ പാരാതിയുമൊക്കെയായി വാർത്തകളില്‍ ഇടം പിടിച്ചു ആലപ്പുഴിലെ സിപിഎം.
Also Read-
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിനെതിരെ അന്വേഷണം; സിപിഎം സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചുവെന്ന് പരാതിതെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് അമ്പലപ്പുഴ കരൂരിൽ ജി സുധാകരൻ്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പകരം എ എം ആരിഫ് എം പി യുടെ പോസ്റ്ററുകൾ പതിച്ചു. പാർട്ടി തലത്തിൽ അന്വേഷണം ജില്ലാ സെക്രട്ടറി പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്താതെ നിൽക്കുന്നു. പോസ്റ്റർ വിവാദത്തിന് പിന്നാലെയായിരുന്നു പാർട്ടിയുടെ സംഘടനാ രീതിയിൽ നിന്ന് വ്യത്യസ്തമായി താൻ ആക്രമിക്കപ്പെടുന്നുവെന്ന ആരോപണവുമായി ജി സുധാകരനെ പോലുള്ള മുതിർന്ന സി പി എം നേതാവ് പത്രസമ്മേളനം വിളിച്ച് ചേർക്കുന്നത്.
സി പി എമ്മിൽ പൊളിറ്റിക്കൽ ക്രിമിനലിസം എന്ന ഗുരുതരമായ ആരോപണം സുധാകരൻ മുന്നോട്ട് വെച്ചു. തുടർന്ന് സുധാകരൻ്റെ മുൻ പഴ്സണൽ സ്റ്റാഫ് അംഗവും ഭാര്യയും ചേർന്ന് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. പാർട്ടി മെമ്പറായ പരാതിക്കാരൻ പാർട്ടിക്ക് എന്തുകൊണ്ട് പരാതി നൽകിയില്ല എന്ന ചോദ്യം ജില്ലാ സെക്രട്ടറിയടക്കം ഉയർത്തിയെങ്കിലും മറ്റ് സംഘടനാ നടപടികളിലേക്ക് കടന്നില്ല. സ്റ്റാഫിൻ്റ ഭാര്യ നൽകിയ പരാതി മാധ്യമങ്ങളിൽ കത്തുന്ന വാർത്തയായി. പക്ഷെ പരാതിക്കടിസ്ഥാനമായ യാതൊന്നും പാർട്ടിക്കോ പൊലീസിനോ കണ്ടെത്താനായില്ല. വിഷയത്തിൽ കേസുപോലും രജിസ്ട്രർ ചെയ്യപ്പെട്ടില്ല. പൊളിറ്റിക്കൽ ക്രിമിനലുകൾ തന്നെ വേട്ടയാടുന്നതിൻ്റെ ഭാഗമാണ് ഇതെല്ലാമെന്ന് സുധാകരൻ തുറന്നടിച്ചു.
ഫലം വന്നപ്പോൾ മികച്ച ഭൂരിപക്ഷത്തിൽ അമ്പലപ്പുഴ ഉൾപ്പടെ എട്ടിടങ്ങളിലും ഇടതുമുന്നണി വിജയിച്ചു. അരൂർ സീറ്റ് തിരികെ പിടിച്ചു. ഇപ്പോൾ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന അമ്പലപ്പുഴ എം എൽ എ എച്ച് സലാമിൻ്റെ ഗുരുതര ആരോപണം നിലനിൽക്കേ സുധാകരൻ തോൽപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ആലപ്പുഴയിൽ ഒരു സീറ്റും പാർട്ടി ജയിക്കില്ലായിരുന്നു എന്ന മറുപടിയോടെ ജില്ലാ സെക്രട്ടറി ആർ നാസർ തന്നെ ആരോപണം തള്ളി. പക്ഷെ സലാം ഉന്നയിച്ച ഗൗരവകരമായ ആരോപണങ്ങൾ പരാതിയായി സംസ്ഥാന നേതൃത്വത്തിൻ്റെ മുന്നിൽ വരെ എത്തിയിരിക്കുന്നു.
ജി സുധാകരൻ്റെ പോസറ്ററുകൾക്ക് പകരം പതിപ്പിച്ച എ എം ആരിഫ് എം പി യുടെ പോസ്റ്ററുകൾ പാർട്ടി അനുവാദമില്ലാതെ എം പി സ്വന്തം ഇഷ്ടപ്രകാരം അച്ചടിച്ചതാണെന്ന് കണ്ടെത്തി. സലാം ഉൾപ്പടെയുള്ളവർ ഉന്നയിച്ച ആരോപണങ്ങളും നിലനിൽക്കുന്നു. ദിവസം പ്രതി പോര് ഒന്നിനൊന്ന് രൂക്ഷമാവുകയാണ്.
മന്ത്രിസഭാ രൂപീകരണത്തോടെ പുത്തന്‍ സമവാക്യങ്ങള്‍ അകലുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
പി ചിത്തരഞ്ജന്റെ പേര് ഫിഷറീസ് മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടെങ്കിലും ജില്ലയില്‍ അധികാരത്തിന്റെ ഏകകേന്ദ്രമായി സജിചെറിയാൻ. ഇപ്പോള്‍ ഒന്നിലധികം നേതാക്കന്‍മാരുടെ കൂട്ടമാണ് ആലപ്പുഴയിലെ പാര്‍ട്ടി. വിവിധ വിഭാഗങ്ങള്‍ക്കെതിരെ പരാതിയുമായി സംസ്ഥാന നേതൃത്വത്തെ സമീപക്കാന്‍ മത്സരിക്കുകയാണ് നേതാക്കള്‍. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താല്‍ ശ്രമിച്ചു എന്ന ഗുരുതര ആരോപണം പോലും പാര്‍ട്ടിയുടെ അന്തരീക്ഷത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു.
ഔദ്യോഗിക നേതൃത്വം തള്ളിപറയുന്നതുവരേയും അവര്‍ക്കൊപ്പം എന്ന നിലപാടിലാണ് ജി സുധാകരന്‍. തോമസ് ഐസക് ആകട്ടെ തട്ടകം തന്നെ ഉപേക്ഷിച്ച മട്ടാണ്. പരസ്പരം വെട്ടിമാറ്റാൻ നോക്കുന്ന മുഷ്ടികള്‍ക്കിടയിലേക്കാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ കടന്നു വരാനിരിക്കുന്നത്. ആരാകും നേതാവ് എന്നത് പ്രവചിക്കാന്‍ പോലുമാകാത്ത അവസ്ഥ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.