വടകര: വടകരയിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 നാണ് നിരോധനാജ്ഞ നിലവിൽ വരുന്നത്. വൈകിട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കൊട്ടിക്കലാശത്തിനിടെ പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്ത പശ്ചാത്തലത്തിലാണ് നടപടി.
വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകളിലാണ് നിരോധനാജ്ഞ വരുന്നത്. ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരമാണ് ജില്ലാ കലക്ടര്‍ സാംബശിവ റാവിന്റെ പ്രഖ്യാപനം.നിരോധനാജ്ഞ സമയത്ത് ജനങ്ങള്‍ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാന്‍ പാടില്ല. മാത്രമല്ല പൊതുപരിപാടികളും പ്രകടനങ്ങളും ഈ സമയത്ത് നടത്താൻ സാധിക്കില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരസ്യപ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 21 വൈകിട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ ജില്ലയില്‍ പൊതുപരിപാടികളോ റാലികളോ സംഘടിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍, ഫ്ളെയിങ് സ്ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വലന്‍സ് ടീമുകള്‍ എന്നിവര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.