തിരുവനന്തപുരം: പുതുവത്സരം ആഘോഷിക്കുന്നതിന് എത്തുന്നവരെ വരവേല്‍ക്കാന്‍ കോവളം ഒരുങ്ങി. കോവളം ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സജ്ജീകരണങ്ങള്‍ തയ്യാറാകുന്നത്. സ്വകാര്യ ഹോട്ടലുകളില്‍ ഡി ജെ പാര്‍ട്ടികളടക്കമുള്ള ആഘോഷങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.
എന്നാൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ കോവളം ബീച്ചില്‍ പ്രകാശസംവിധാനം അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ഇതുവരെയും ആയിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ഡിസംബര്‍ 29ന് വൈകിട്ടോടെ പ്രകാശസംവിധാനം, സുരക്ഷ എന്നിവ എങ്ങനെയായിരിക്കണം എന്നുള്ളത് പൂര്‍ത്തിയാക്കുകയാണ് പതിവ്. തുടര്‍ന്ന് 30ന് ട്രയല്‍ റണ്‍ നടത്തി ഉറപ്പുവരുത്തുകയുമാണ് ചെയ്യുക.
ഇക്കൊല്ലം പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കോവളം ബീച്ചില്‍ സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തേണ്ട പ്രകാശ സംവിധാനത്തിന് ഇതുവരെയും തീരുമാനമായിട്ടില്ല.ഇതിനായി ടൂറിസം വകുപ്പ് പി.ഡബ്ല്യു.ഡി.യുടെ ഇലക്ട്രിക്കല്‍ വിഭാഗത്തെയാണ് ചുമതലപ്പെടുത്തുക. ഇവര്‍ ഏര്‍പ്പെടുത്തുന്ന കരാറുകാരാണ് പ്രകാശസംവിധാനം സജ്ജമാക്കുന്നത്. എന്നാല്‍ സംസ്ഥാനമൊട്ടാകെയുള്ള കരാറുകാര്‍ സമരത്തിലായതിനാല്‍ ടൂറിസം വകുപ്പ് കൊടുത്ത കരാര്‍ പിഡബ്ല്യുഡി തിരിച്ചയച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഇക്കൊല്ലത്തെ പുതുവത്സരദിനാഘോഷം ഇരുട്ടിലായേക്കുമെന്നാണ് സൂചന. ബദല്‍ സംവിധാനത്തിനുള്ള തീരുമാനവും ഇതുവരെ ആയിട്ടില്ല.
Also Read- കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട നാലുവയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി
അതേസമയം, പുതുവത്സരാഘോഷത്തിന് കനത്ത സുരക്ഷയൊരുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പർജൻ കുമാർ പറഞ്ഞു. കോവിഡിനു ശേഷമുള്ള പുതുവത്സരദിനാഘോഷത്തിനു വിദേശികളും ആഭ്യന്തര വിനോദസഞ്ചാരികളും പ്രദേശവാസികളുള്പ്പെട്ട നൂറുകണക്കിനു പേര് കോവളത്ത് എത്തിച്ചേരും. ഇതിനായി പ്രധാന ഉദ്യോഗസ്ഥര്‍ അടക്കം 500 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. സിസിടിവി ക്യാമറകള്‍, കണ്ട്രോള് റൂം, മൂവിങ് ക്യാമറകള്‍ അടക്കമുള്ളവ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ പാലിച്ചുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തുക. ആഘോഷങ്ങള്‍ക്കുശേഷം 12.30നുള്ളില്‍ തീരംവിട്ട് മടങ്ങണമെന്നുള്ള കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതിനായി ഉച്ചഭാഷിണിയടക്കമുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.