• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'തോൽവി നേരിടുമ്പോൾ നേതാക്കളെ മിസോറാമിലേക്ക് അയക്കുന്നത് പരിഹാര മാർഗമല്ല'; പ്രധാനമന്ത്രിയോട് സന്ദീപാനന്ദ ഗിരി

'തോൽവി നേരിടുമ്പോൾ നേതാക്കളെ മിസോറാമിലേക്ക് അയക്കുന്നത് പരിഹാര മാർഗമല്ല'; പ്രധാനമന്ത്രിയോട് സന്ദീപാനന്ദ ഗിരി

''കേരളത്തിൽ നിങ്ങൾക്ക് ഗുണം പിടിക്കണമെങ്കിൽ ദൈവങ്ങളുടെ പേരു വിളിക്കുന്നതിനു പകരം മനുഷ്യരുടെ പേരു വിളിക്കൂ. ദൈവങ്ങൾക്ക് വീടു പണിയുന്നതിനു പകരം മനുഷ്യർക്ക് വീടു പണിയൂ. ദൈവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു പകരം മനുഷ്യരെക്കുറിച്ച് സംസാരിക്കൂ. അതിന് ആദ്യം വേണ്ടത് മനുഷ്യരുടെ ഇടയിലേക്ക് ചെല്ലൂ അവർ വല്ലതും കഴിച്ചിട്ടുണ്ടോ എന്നന്വേഷിക്കൂ. കേളത്തിന്റെ മുഖ്യമന്ത്രിക്കും കൂട്ടർക്കും കിട്ടിയ തിളക്കമാർന്ന വിജയത്തിന്റെ രഹസ്യവും അതായിരുന്നു.''

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  തിരുവനന്തപുരം: കേരളത്തിൽ ഓരോ തോൽവിയും നേരിടുമ്പോൾ നേതാക്കളെ മിസോറാമിലേക്ക് അയക്കുന്നത് ശരിയായ നടപടിയോ പരിഹാര മാർഗമോ അല്ലെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. പ്രശ്നം കേരളത്തിലല്ല അങ്ങ് ഉൾപ്പെടുന്ന പാർട്ടിയുടെ നിലപാടുകളിലാണെന്നും പ്രധാനമന്ത്രിക്ക് എഴുതിയ ഫേസ്ബുക്ക് കുറിപ്പിൽ സന്ദീപാനന്ദ ഗിരി പറയുന്നു. ശ്രീ രാമനെ ഉയർത്തി അധികാരം നേടിയതുപോലെ അയ്യപ്പന് ശരണം വിളിച്ച് അധികാരം നേടാമെന്നത് വ്യാമോഹം മാത്രമാണ്. കേരളത്തിലെ അയ്യപ്പൻ മുതൽ എല്ലാ ദേവീദേവന്മാരും കമ്മ്യൂണിസ്റ്റുകളാണെന്നും സന്ദീപാനന്ദ ഗിരി കുറിക്കുന്നു.

  സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ്

  ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അറിവിലേക്കായി സമർപ്പിക്കുന്നു.🙏🏼
  കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളൊന്നും ലഭിക്കാത്തതിൽ അവിടുത്തേക്ക് ദുഖവും അമർഷവും ഉണ്ടായി എന്ന് അറിയാൻ കഴിഞ്ഞു.
  കേരളത്തിൽ എന്തുകൊണ്ടാണ് അങ്ങയുടെ പാർട്ടി ഗതി പിടിക്കാത്തത് എന്നതിന്റെ ശരിയായ കാരണം അങ്ങ് കണ്ടെത്തിയിട്ടുണ്ടോ?
  പകരം അങ്ങ് ഓരോ പ്രാവശ്യം തോൽവി നേരിടുമ്പോൾ ഇവിടെയുള്ള പാർട്ടി നേതൃനിരയിലുള്ളവരെ മിസോറാമിലേക്ക് അയച്ച് പ്രശ്നം പരിഹരിക്കാം എന്ന് കരുതുന്നു.
  ഇത് ഒരു ശരിയായ നടപടിയോ പരിഹാരമോ അല്ല.

  കേരളത്തിൽ അങ്ങയുടെ പാർട്ടിയുടെ തോൽവിയുടെ കാരണം കേരളത്തിലെ നേതാക്കന്മാരുടെ കഴിവുകേടോ കൊള്ളരുതായ്മയോ അല്ല. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇവരെല്ലാം കഴിവുള്ളവരും കൊള്ളാവുന്നവരുമാണ്.പ്രശ്നം കേരളത്തിലല്ല അങ്ങ് ഉൾപ്പെടുന്ന പാർട്ടിയുടെ നിലപാടുകളിലാണ്.
  ഉദാഹരണത്തിന് ഇവിടെ ഉണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെട്ടതിൽ അങ്ങയുടെ പങ്ക് വളരെ വലുതാണ്.

  തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അങ്ങ് ഇവിടെ വന്നപ്പോൾ ജയ് ശ്രീരാം എന്ന് നോർത്ത് ഇന്ത്യയിൽ വിളിക്കുന്നതുപോലെ ഉച്ചത്തിൽ സ്വാമിയേ ശരണമയ്യപ്പാ എന്നും കൂട്ടത്തിൽ ഏറ്റുമാനൂരപ്പനും വൈക്കത്തപ്പനും ശ്രീപത്മനാഭനും ജയ് വിളിച്ചപ്പോഴേ ജനം നിങ്ങളുടെ കാര്യത്തിൽ തീരുമാനമെടുത്തു.
  അങ്ങയിൽ നിന്ന് ഞങ്ങൾ ഒരുപാട് ഉത്തരങ്ങൾ പ്രതീക്ഷിച്ചു.

  പെട്രോൾ, ഡീസൽ, പാചകവാതകം തുടങ്ങിയവയുടെ വിലവർദ്ധനവിന്റെ കാരണം, തിരുവനന്തപുരം വിമാനത്താവളം മുതൽ പല പൊതുമേഖലാസ്ഥാപനങ്ങളും വിൽക്കുന്നതെന്തിന് ,നോട്ട് നിരോധനം കൊണ്ട് നമുക്കുണ്ടായ നേട്ടങ്ങൾ, കേരളത്തിനു വേണ്ടി തന്നുകൊണ്ടിരിക്കുന്ന കേന്ദ്രപദ്ധതികൾ ഇതെല്ലാം പറയുന്നതിനു പകരം ശരണം വിളിച്ചാൽ ഇന്ത്യയിൽ മറ്റിടങ്ങളിലെപ്പോലെ അത് ഇവിടെ ചിലവാവില്ല.
  അതുകൊണ്ടാണ് ഈ നാടിനെ പ്രബുദ്ധ കേരളം എന്നു പറയുന്നത്.ശ്രീ രാമനെ ഉയർത്തി അധികാരം നേടിയതുപോലെ അയ്യപ്പന് ശരണം വിളിച്ച് അധികാരം നേടാമെന്ന്ത് വ്യാമോഹം മാത്രമാണ്.

  ഇവിടെയുള്ളവർ ശ്രീരാമനെ നന്നായി അറിയുന്നവരാണ്. ഇന്ത്യയിൽ ഒരുമാസം രാമായണ പാരായണത്തിനുവേണ്ടി മാറ്റിവെച്ച ഏക ഇടം കേരളമാണ്.അടുത്ത കാലത്ത് അങ്ങയുടെ പാർട്ടിയിൽ ചേർന്ന അബ്ദുള്ളകുട്ടിപോലും രാമായണം വായിക്കും.
  ശ്രീരാമനു ഞങ്ങൾ ക്ഷേത്രം നിർമ്മിച്ചത് രാമായണത്തിൽ ഹനുമാൻ കാണിച്ചതുപോലെ സ്വന്തം ഹൃദയത്തിലാണ്.

  ശബരിമലയുടെ കാര്യത്തിലും മലയാളികൾക്ക് നല്ല വകതിരിവുണ്ട്.
  ശബരിമലക്ക് പോകുന്ന ഓരോരുത്തരും വിളിക്കുന്ന ശരണത്തിലെ ചില വരികളങ്ങയെ ഓർമ്മിപ്പിക്കാം.
  കെട്ടും കെട്ടി ?
  ശബരി മലക്ക്
  ആരെ കാണാൻ ?
  സ്വാമിയെ കാണാൻ
  സ്വാമിയെ കണ്ടാൽ?
  മോക്ഷം കിട്ടും. ....
  ശബരിമലയിൽ ആദ്യമായി മോക്ഷം കിട്ടിയത് ശബരിക്കാണെന്നും ശബരി ഒരു സ്ത്രീയാണെന്നും ആ സ്ത്രീയുടെ പേരിലാണ് ആ പ്രദേശം ഇന്ന് അറിയപ്പെടുന്നതെന്നും വെളിവുള്ള എല്ലാ മലയാളികൾക്കും അറിയാം. ഒരിടത്തുനിന്നും സ്ത്രീ മാറ്റി നിർത്തപ്പെടേണ്ടവളല്ല എന്ന ഭരണഘടനാതത്വം മാനിക്കുന്നവരാണ് ഞങ്ങൾ.

  മതം നന്നായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവരുടെ നാടാണിത്, അതുകൊണ്ട് മതം പറഞ്ഞുള്ള രാഷ്ട്രീയ പ്രവർത്തനം അതാണ് അങ്ങയുടെ പാർട്ടിയുടെ കേരളത്തിലെ പ്രശ്നം.
  കേരളത്തിൽ നിങ്ങൾക്ക് ഗുണം പിടിക്കണമെങ്കിൽ ദൈവങ്ങളുടെ പേരു വിളിക്കുന്നതിനു പകരം മനുഷ്യരുടെ പേരു വിളിക്കൂ.
  ദൈവങ്ങൾക്ക് വീടു പണിയുന്നതിനു പകരം മനുഷ്യർക്ക് വീടു പണിയൂ.
  ദൈവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു പകരം മനുഷ്യരെക്കുറിച്ച് സംസാരിക്കൂ.
  അതിന് ആദ്യം വേണ്ടത് മനുഷ്യരുടെ ഇടയിലേക്ക് ചെല്ലൂ അവർ വല്ലതും കഴിച്ചിട്ടുണ്ടോ എന്നന്വേഷിക്കൂ.
  കേളത്തിന്റെ മുഖ്യമന്ത്രിക്കും കൂട്ടർക്കും കിട്ടിയ തിളക്കമാർന്ന വിജയത്തിന്റെ രഹസ്യവും അതായിരുന്നു.

  കോവിഡ് കാലത്ത് അങ്ങയുടെ കൺമുന്നിൽ നിന്നാണ് സ്വന്തം ഗ്രാമത്തിലേക്ക് പാലായനം ചെയ്യുന്ന മനുഷ്യർ മരിച്ചുവീഴുന്ന വേദനിപ്പിക്കുന്ന കാഴ്ച ഞങ്ങൾ കണ്ടത്. ആ സമയം ഇവിടം മനഷ്യരുടെ മാത്രമല്ല മാർക്കറ്റുകളെ മാത്രം ആശ്രയിച്ചു ജീവിച്ചുപോന്ന മൃഗങ്ങളുടെ വിശപ്പിന്റെ കാര്യത്തിലും പരിഹാരം തീർക്കുകയായിരുന്നു ഞങ്ങളുടെ മുഖ്യമന്ത്രി.

  മതം മലയാളിക്ക് കേവലം ആചാരമല്ല അവന്റെ കരചരണങ്ങളിലൂടെ ചുറ്റുപാടുമുള്ള ലോകത്തിലേക്ക് പ്രവഹിപ്പിക്കുവാനുള്ളതാണ്. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നത് ഞങ്ങളുടെ പൊതു ബോധമാണ്.
  ഇനി അങ്ങയോട് ഒരു രഹസ്യം പറയാം. കേരളത്തിലെ അയ്യപ്പൻ മുതൽ എല്ലാ ദേവീദേവന്മാരും കമ്യൂണിസ്റ്റുകളാണ്.
  അങ്ങയുടെ ശ്രേയസ്സിനായി പ്രാർത്ഥനയോടെ,
  - സ്വാമി സന്ദീപാനന്ദ ഗിരി.
  Published by:Rajesh V
  First published: