പി.ശങ്കരൻ അന്തരിച്ചു; വിടവാങ്ങിയത് കെ.കരുണാകരന്റെ വിശ്വസ്തരിലൊളായിരുന്ന കോൺഗ്രസ് നേതാവ്

കോണ്‍ഗ്രസിലെ വിഭാഗീയതയെ തുടര്‍ന്ന് 2005 ജൂലൈ ഒന്നിന് മന്ത്രിസ്ഥാനം പി. ശങ്കരൻ രാജിവച്ചു. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് നിയമസഭാംഗത്വവും രാജിവച്ചു. പിന്നീട് കെ.കരുണാകരനൊപ്പം ഡി.ഐ.സിയില്‍ ചേര്‍ന്നു.

News18 Malayalam | news18-malayalam
Updated: February 26, 2020, 7:00 AM IST
പി.ശങ്കരൻ അന്തരിച്ചു; വിടവാങ്ങിയത് കെ.കരുണാകരന്റെ വിശ്വസ്തരിലൊളായിരുന്ന കോൺഗ്രസ് നേതാവ്
p sankaran
  • Share this:
കോഴിക്കോട്: കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായിരുന്ന പി. ശങ്കരൻ(72) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ ശങ്കരന്‍ ഏറെക്കാലമായി സിവില്‍ സ്റ്റേഷന് സമീപത്തെ രാജീവം വസതിയിലായിരുന്നു താമസം. കോൺഗ്രസിൽ കെ. കരുണാകരന്‍റെ വിശ്വസ്തരിൽ ഒരാളായിരുന്നു പ. ശങ്കരൻ. 2001ല്‍ കൊയിലാണ്ടിയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പെട്ടു. എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1998ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചു. പത്തുവര്‍ഷം കോഴിക്കോട് ഡി.സി.സി പ്രസിഡന്റായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1975ല്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ആദ്യ വിദ്യാര്‍ത്ഥി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.

സ്വാതന്ത്ര്യസമരസേനാനിയായ കേളുനായരുടെയും മാക്കം അമ്മയുടെയും പുത്രനായി കടിയങ്ങാട് പുതിയോട്ടില്‍ 1947 ഡിസംബര്‍ രണ്ടിനായിരുന്നു ജനനം. പേരാമ്പ്ര ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെ.എസ്.യു യൂനിറ്റ് സെക്രട്ടറിയായാണ് പൊതുരംഗത്തെത്തിയത്. തവനൂര്‍ റൂറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് കെ.എസ്.യു പൊന്നാനി താലൂക്ക് പ്രസിഡന്റായി. തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. കേരള വര്‍മ്മയില്‍ യൂനിയന്‍ ചെയര്‍മാനായിരുന്നു. 1973ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്ന് നിയമബിരുദം നേടി. പഠനകാലത്തുതന്നെ പേരാമ്പ്രയില്‍ യുവത എന്ന പേരില്‍ പാരലല്‍ കോളജ് നടത്തി. നിയമബിരുദം നേടിയ ശേഷം പേരാമ്പ്ര കോടതിയില്‍ അഭിഭാഷനായി പ്രാക്ടീസ് ആരംഭിച്ചതോടെ രാഷ്ട്രീയ തട്ടകം പേരാമ്പ്രയായി. 1978ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി. 1980 മുതല്‍ 91 വരെ ഡി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1991ലാണ് ഡി.സി.സി പ്രസിഡന്റായത്. 2001ല്‍ മന്ത്രിയായതോടെയാണ് ഈ പദവി ഒഴിഞ്ഞത്.

1991ല്‍ ബാലുശ്ശേരിയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നി മത്സരം. എ.സി ഷണ്‍മുഖദാസിനോട് പരാജയപ്പെട്ടു. 1996ല്‍ കൊയിലാണ്ടിയില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1998ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് എം.പി വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തി ലോക്സഭാംഗമായി. 1999ല്‍ ലോക്സഭ പിരിച്ചുവിട്ടതോടെ വീണ്ടും തെരഞ്ഞെടുപ്പ് നടന്നെങ്കിലും കെ. മുരളീധരന് വേണ്ടി മാറിക്കൊടുത്തു. 2001ല്‍ കൊയിലാണ്ടിയില്‍ സിറ്റിങ് എം.എല്‍.എ പി വിശ്വനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും പിന്നീട് ടൂറിസം വകുപ്പും കൈകാര്യം ചെയ്തു.

Read Also- Delhi Violence: 'അദ്ദേഹം ധീരനായിരുന്നു'; കൊല്ലപ്പെട്ട കോൺസ്റ്റബിളിന്‍റെ ഭാര്യയ്ക്ക് ആഭ്യന്തരമന്ത്രിയുടെ എഴുത്ത്

കോണ്‍ഗ്രസിലെ വിഭാഗീയതയെ തുടര്‍ന്ന് 2005 ജൂലൈ ഒന്നിന് രാജിവച്ചു. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് നിയമസഭാംഗത്വവും രാജിവച്ചു. കെ.കരുണാകരനൊപ്പം ഡി.ഐ.സിയില്‍ ചേര്‍ന്നു. 2006ല്‍ കൊയിലാണ്ടിയില്‍ യു.ഡി.എഫ് പിന്തുണയോടെ ഡി.ഐ.സി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കരുണാകരനൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തി.

ഭാര്യ: പ്രൊഫ. വി സുധ (റിട്ട. പ്രിന്‍സിപ്പല്‍, കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ്സ് സയന്‍സ് കോളജ്). മക്കള്‍: രാജീവ് എസ് മേനോന്‍ (എന്‍ജിനീയര്‍, ദുബൈ), ഇന്ദു പാര്‍വതി, ലക്ഷ്മി പ്രിയ. മരുമക്കള്‍: രാജീവ്, ദീപക് (ഇരുവരും ഐ.ടി എന്‍ജിനീയര്‍, അമേരിക്ക), ദീപ്തി. സഹോദരങ്ങള്‍: കല്യാണി അമ്മ (പൊക്കിയമ്മ-കടിയങ്ങാട്), ദേവകി അമ്മ (മൊകേരി), പരേതരായ ഗോപാലന്‍ നായര്‍, കോണ്‍ഗ്രസ് നേതാവ് കെ. രാഘവന്‍ നായര്‍.
First published: February 26, 2020, 7:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading