തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിർന്ന നേതാവുമായ പി കെ ഗുരുദാസന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി നിർമിച്ച് നൽകിയ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞു. തിരുവനന്തപുരം എംസി റോഡില്‍ കരേറ്റ് നിന്ന് നഗരൂരിലേക്ക് പോകുന്ന വഴി, പേടികുളത്തുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിയിലാണ് 35 ലക്ഷം രൂപ ചെലവാക്കി കൊല്ലം ജില്ലാ കമ്മിറ്റി അംഗങ്ങൾ വീട് നിർമിച്ചുനല്‍കിയത്.
പത്തുവര്‍ഷം എംഎല്‍എയും അഞ്ചുവര്‍ഷം എക്സൈസ് തൊഴില്‍വകുപ്പ് മന്ത്രിയുമായിരുന്നു ഗുരുദാസൻ. എന്നാൽ സ്വന്തമായി വീട് മാത്രം ഉണ്ടായില്ല. കയര്‍, കശുവണ്ടി പ്രവര്‍ത്തകരുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും 25 വര്‍ഷം പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായിരിക്കുകയും ചെയ്ത നേതാവാണ്.
പ്രായപരിധി നിയന്ത്രണം നടപ്പിലായതോടെ പാര്‍ട്ടി ചുമതലകളില്‍ നിന്നൊഴിഞ്ഞ പ്രിയപ്പെട്ട നേതാവിന് വീടൊരുക്കാന്‍ കൊല്ലം ജില്ലയില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നവർ തീരുമാനിക്കുകയായിരുന്നു. ഇതിനായി കൊല്ലത്തെ പാര്‍ട്ടി അംഗങ്ങളില്‍ നിന്നുമാത്രം പിരിവെടുത്താണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഓഫീസ് മുറിയടങ്ങുന്ന 1700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒറ്റനില വീടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രിയപ്പെട്ട സഖാവിനായി ഒരുക്കിയത്. കൊല്ലത്തെ പാര്‍ട്ടി പ്രവര്‍ത്തന കാലത്ത് താമസിച്ചിരുന്ന ഈസ്റ്റ് പട്ടത്താനത്തെ വാടക വീടിന്റെ പേരായ ‘പൗര്‍ണമി’ എന്ന പേരുതന്നെയാണ് ഈ വീടിനും നല്‍കിയിരിക്കുന്നത്.
Also Read- തിരുവനന്തപുരം പൊന്മുടിയിൽ വെള്ളിയാഴ്ച മുതൽ സഞ്ചാരികൾക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, കൊല്ലം എംഎല്‍എ മുകേഷ്, സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവന് തുടങ്ങിയവര്‍ ഉൾപ്പെടെ നിരവധി നേതാക്കള്‍ ഗൃഹപ്രവേശനത്തിനെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.