• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുതിർന്ന മാധ്യമപ്രവർത്തകൻ ആർ ഗോപികൃഷ്ണൻ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ആർ ഗോപികൃഷ്ണൻ അന്തരിച്ചു

ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു

  • Last Updated :
  • Share this:
    തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും മെട്രോ വാർത്ത ചീഫ് എഡിറ്ററുമായ ആർ ഗോപികൃഷ്ണൻ അന്തരിച്ചു. 67 വയസായിരുന്നു. ഉച്ചക്ക് ഒന്നേമുക്കാൽ മണിയോടെ കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. കുറേ നാളായി അസുഖബാധിതനായി അമൃതയിൽ ചികിൽസയിലായിരുന്നു. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4ന് സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെകോട്ടയം മുട്ടമ്പലം നഗരസഭാ വൈദ്യുത ശ്മശാനത്തിൽ.

    ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു. എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ മലയാള പത്രപ്രവർത്തകനുമാണ്.

    സംസ്ഥാന സർക്കാരിന്‍റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം രണ്ട് തവണ ലഭിച്ചിട്ടുണ്ട് (1985, 88). 1989ലെ എം ശിവറാം അവാർഡ്, രാഷ്ട്രീയ റിപ്പോർട്ടിങിൽ വി കരുണാകരൻ നമ്പ്യാർ പുരസ്കാരം, കെ സി സെബാസ്റ്റ്യൻ പുരസ്കാരം, സി എച്ച് മുഹമ്മദ് കോയ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഡാൻ ബ്രൗണിന്റെ പ്രശസ്തമായ ഡാവിഞ്ചി കോഡ് പുസ്തകത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചിട്ടുണ്ട്.

    മൂവാറ്റുപുഴ വെള്ളൂർ ഭവനിൽ വി.പി രാഘവൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: ലീല ഗോപികൃഷ്ണൻ. മക്കൾ: വിനയ് ഗോപികൃഷ്ണൻ (ബിസിനസ്, ബെംഗളൂരു), ഡോ. സ്നേഹ ഗോപികൃഷ്ണ (അസി. പ്രൊഫ. വിമല കോളജ്, തൃശൂർ) മരുമകൻ: സൂരജ് എം എസ് (എച്ച് ഡി എഫ് സി ബാങ്ക്, തൃശൂർ)

    ഗോപി കൃഷ്ണന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി എൻ വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,  രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.പി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ തുടങ്ങിയവർ അനുശോചിച്ചു.

    മുഖ്യമന്ത്രി അനുശോചിച്ചു

    മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ. ഗോപികൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

    മാധ്യമപ്രവർത്തനത്തിന്റെ ധാർമികതയും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു ഗോപികൃഷ്ണൻ. വ്യത്യസ്തത പുലർത്തുന്നതും ശ്രദ്ധേയവുമായ ധാരാളം അഭിമുഖങ്ങളും വാർത്തകളും അദ്ദേഹത്തിന്റേതായുണ്ട്. വിവിധ മാധ്യമങ്ങളിൽ ലേഖകൻ മുതൽ ചീഫ് എഡിറ്റർ വരെ സ്ഥാനങ്ങളിൽ തിളക്കമാർന്ന പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചത്.

    ഗോപികൃഷ്ണന്റെ ആകസ്മിക വിയോഗത്തിൽ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
    Published by:Rajesh V
    First published: