• HOME
  • »
  • NEWS
  • »
  • kerala
  • »
  • എം എസ് മണി: മാധ്യമരംഗത്തെ പാരമ്പര്യത്തിന്റെ പിന്തുടർച്ച

എം എസ് മണി: മാധ്യമരംഗത്തെ പാരമ്പര്യത്തിന്റെ പിന്തുടർച്ച

മലയാള സാഹിത്യത്തിലെയും പത്രപ്രവര്‍ത്തനത്തിലെയും കുലപതിയായ സി. വി. കുഞ്ഞുരാമന്റെ ചെറുമകനാണ്.

ms mani

ms mani

  • Share this:
    തിരുവനന്തപുരം: മലയാള മാധ്യമ പാരമ്പര്യത്തിൻറെ പിന്തുടർച്ചക്കാരനാണ് അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എംഎസ് മണി. മാധ്യമരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. പത്രാധിപര്‍ പത്മഭൂഷണ്‍ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും മകനായി 1941 നവംബര്‍ 4ന് കൊല്ലം മയ്യനാടാണ് എംഎസ് മണിയുടെ ജനനം.

    മലയാള സാഹിത്യത്തിലെയും പത്രപ്രവര്‍ത്തനത്തിലെയും കുലപതിയായ സി. വി. കുഞ്ഞുരാമന്റെ ചെറുമകനാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം വിദ്യാഭ്യാസകാലത്ത് സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. വിദ്യാഭ്യാസ കാലത്ത് രാജ്യത്തെ പ്രമുഖ സംസ്ഥാനങ്ങളെല്ലാം സന്ദര്‍ശിച്ചിട്ടുണ്ട്.

    also read:മുതിർന്ന മാധ്യമ പ്രവർത്തകൻ എംഎസ് മണി അന്തരിച്ചു; വിടവാങ്ങിയത് മലയാള മാധ്യമ രംഗത്തെ നിർണായക വ്യക്തിത്വം

    1961ല്‍ കേരളകൗമുദിയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 1962 ല്‍ ഡല്‍ഹിയില്‍ കേരളകൗമുദിയുടെ പാര്‍ലമെന്റ് റിപ്പോര്‍ട്ടറായി നിയമിതനായി. അറുപതുകളുടെ തുടക്കം മുതല്‍ അദ്ദേഹം ലോക്‌സഭയിലെയും രാജ്യസഭയിലെയും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി എക്‌സ്‌ക്‌ളൂസീവ് വാര്‍ത്തകള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പും ഇന്ത്യന്‍ യൂണിയനോട് ചേര്‍ക്കാന്‍ ഗോവയില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചതുമൊക്കെ അദ്ദേഹത്തിന്റെ എക്‌സ്‌ക്‌ളൂസീവ് വാര്‍ത്തകളായിരുന്നു. അക്കാലത്ത് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ കെ ഗോപാലനോടൊപ്പം വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിവരധി യോഗങ്ങളില്‍ പങ്കെടുത്തു.

    1962ല്‍ ചൈനീസ് സൈന്യം അസമിലും മേഘാലയയിലും കടന്നു കയറിയ വാര്‍ത്തയും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റ സൈനികരെ ഏറ്റുവാങ്ങാന്‍ ബോംധിലയിലെത്തിയ ഇന്ത്യന്‍ റെഡ്‌ക്രോസ് സംഘത്തോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു. അക്കാലത്ത് ബോംധിലയിലെ ആദിവാസികളെക്കുറിച്ച് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. 1965ല്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹം പിതാവായ പത്രാധിപര്‍ കെ. സുകുമാരന്റെ കീഴില്‍ കേരളകൗമുദിയുടെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തു. ഇക്കാലത്തെ അദ്ദേഹത്തിന്റെ എകസ്‌ക്‌ളൂസീവ് റിപ്പോര്‍ട്ടുകള്‍ കേരളകൗമുദി ദിനപത്രത്തിന്റെ വിശ്വാസ്യതയും പ്രചാരവും വര്‍ദ്ധിപ്പിച്ചു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരുകളെ വീഴ്ത്തുകയും പുതിയ സര്‍ക്കാരുകളെ വാഴിക്കുകയും ചെയ്തിട്ടുണ്ട്.

    1965ല്‍ അദ്ദേഹം മുരുക്കുംപുഴ ദാമോദരന്‍ മുതലാളിയുടെ മകള്‍ ഡോ. കസ്തൂരിബായിയെ വിവാഹം ചെയ്തു. കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും എതിര്‍പ്പ് മറികടന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വി കെ കൃഷ്ണമേനോനെ ജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുടെ ക്ഷണം അനുസരിച്ച് അദ്ദേഹം ആ രാജ്യം സന്ദര്‍ശിച്ചു. പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും സംഘത്തോടൊപ്പം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

    കെ. ആര്‍ നാരായണനെ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയും ആക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച കേരളകൗമുദിയിലെ മുഖപ്രസംഗം അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.
    1975ല്‍ അദ്ദേഹം കലാകൗമുദി വാരികയ്ക്ക് തുടക്കമിട്ടു. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി അംഗമായും നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗമായിരുന്നു. പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേസരി അവാര്‍ഡും അംബേദ്കര്‍ അവാര്‍ഡും നേടിയിട്ടുണ്ട്.
    Published by:Gowthamy GG
    First published: