എസ്.ഡി. വേണുകുമാർഅഞ്ചു വർഷം മുമ്പാണ്. 2017-ല്‍. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വഴി കടന്നുപോകുന്ന ദേശീയ പാതയുടെ വീതി കൂട്ടുന്നു. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയുമായ ജി. സുധാകരന്റെ താമസം ഈ പാതയോരത്താണ്. തൂക്കുകുളം എന്ന സ്ഥലത്ത് .
മന്ത്രിയുടെ വീടിനെതിർ വശത്ത് വീടുകളോ കടകളോ കാര്യമായിട്ടുണ്ടായിരുന്നില്ല. സ്വാഭാവികമായും സ്ഥലമെടുപ്പ് അവിടെത്തന്നെ ആയിരിക്കുമെന്നായിരുന്നു മാധ്യമ പ്രവർത്തകരടക്കമുളളവർ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഞങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് റോഡിന്റെ ഇരുവശത്തു നിന്നും ഏഴര മീറ്റർ വീതിയിൽ സ്ഥലമളന്ന് കല്ലിട്ടു. എന്ന് മാത്രമല്ല, ഈ രൂപരേഖയനുസരിച്ച് സുധാകരന്റെ വീടിന്റെ പകുതി പൊളിക്കേണ്ടിയും വരും. അദ്ദേഹത്തിന്റെ വീടിനകത്തായിരുന്നു അതിരു കല്ലിട്ടത്.
വിവരമറിഞ്ഞ് ഞാൻ സുധാകരനെ ബന്ധപ്പെട്ടു. അദ്ദേഹം വീട്ടിലേക്ക് വിളിച്ചു. ഞാൻ പോയി. മറുവശത്ത് സ്ഥലമെടുത്തിരുന്നെങ്കിൽ ഈ വീടും ആ ഭാഗത്തുള്ള സ്ഥലങ്ങളും ഒഴിവാക്കാമായിരുന്നില്ലേ എന്ന് ചോദിച്ചു.വകുപ്പ് മന്ത്രിയുടെ മറുപടി ഏതാണ്ടിങ്ങനെ - " ശരിയാണ്. വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു. പക്ഷേ, ഞാൻ അപ്രകാരം ചെയ്താൽ അത് നീതികേടും അഴിമതിയുമല്ലേ? മാതൃക കാട്ടേണ്ടത് നമ്മളല്ലേ? റോഡിനിരുവശവും തുല്യ വീതിയിൽ സ്ഥലമെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത് ഞാൻ തന്നെയാണ്. " അതായിരുന്നു പൊതു പ്രവർത്തകനായ സുധാകരന്റെ നിലപാട്.
ജി.സുധാകരനെപ്പറ്റി എന്തൊക്കെ ആക്ഷേപം പറഞ്ഞാലും അങ്ങേര് അഴിമതിക്കാരനാണെന്ന് ആരും പറയാത്തതിന് വേറെയെന്ത് ഉദാഹരണമാണ് വേണ്ടത്. ഒപ്പം സുധാകരനെ പോലെയുള്ളവർ വർത്തമാന കാല രാഷ്ട്രീയത്തിൽ നിന്നും എന്തുകൊണ്ട് പെട്ടെന്ന് മാറ്റിനിർത്തപ്പെടുന്നു എന്നതിനും.
(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകൻ )
സജി ചെറിയാന്‍ വീട് പോവാതിരിക്കാന്‍ അലൈന്‍മെന്റ് മാറ്റിയെന്ന് തിരുവഞ്ചൂര്‍; നിഷേധിച്ച് മന്ത്രി
കോട്ടയം: മന്ത്രി സജി ചെറിയാനെതിരെ(Saji Cheriyan) ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍(Thiruvanchoor Radhakrishnan) എംഎല്‍എ. മന്ത്രിയ്ക്കായി ചെങ്ങന്നൂരിലെ സില്‍വര്‍ലൈന്‍(Silverline) അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂര്‍ രാധകൃഷ്ണന്റെ ആരോപണം. മന്ത്രിയുടെ വീടിരിക്കുന്ന സ്ഥലത്തെ അലൈന്‍മെന്റാണ് മാറ്റിയത്. സംസ്ഥാനത്തുടനീളം ഇത്തരം മാറ്റങ്ങള്‍ വരുത്തിയതായി പുതിയ മാപ്പ് പരിശോധിച്ചാല്‍ മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
മുളക്കുഴ ഭാഗത്ത് അലൈന്‍മെന്റില്‍ മാറ്റമുണ്ട്. മന്ത്രിയും കെ-റെയില്‍ എംഡിയും ഇതിനു മറുപടി പറയണം. സര്‍ക്കാര്‍ നല്‍കുന്ന റൂട്ട് മാപ്പില്‍ ഇടതുവശത്തായിരുന്ന പല വീടുകളും, സ്ഥാപനങ്ങളും കെ-റെയിലിന്റെ ഔദ്യോഗിക ഡിജിറ്റല്‍ റൂട്ട് മാപ്പില്‍ വലതു വശത്താണെന്നും ഡിജിറ്റല്‍ റൂട്ട് മാപ്പിങ്ങില്‍ മാറ്റം വരുത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം തിരുവഞ്ചൂരിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും ഇനി മാറ്റുകയാണെങ്കില്‍ തന്നെ വീട് വിട്ടു നല്‍കാന്‍ തയ്യാറാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
തിരുവഞ്ചൂരിന് കഴിയുമെങ്കില്‍ സില്‍വര്‍ലൈന്‍ അലൈന്‍മെന്റ് തന്റെ വീടിന്റെ മുകളിലൂടെ കൊണ്ടുപോകാമെന്നും വീട് സില്‍വര്‍ലൈനു വിട്ടുനല്‍കിയാല്‍ ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. വീട് പാലിയേറ്റീവ് സൊസൈറ്റിക്കായി വിട്ട് നല്‍കാന്‍ നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സജി ചെറിയാന്‍ അവകാശപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.