• HOME
  • »
  • NEWS
  • »
  • kerala
  • »
  • സൂപ്പർ ഫാസ്റ്റുകളുടെ ഓട്ടം വെട്ടിച്ചുരുക്കും; ദീർഘദൂര യാത്രകൾക്ക് കൂടുതൽ സ്വിഫ്റ്റ് ബസുകൾ വരും

സൂപ്പർ ഫാസ്റ്റുകളുടെ ഓട്ടം വെട്ടിച്ചുരുക്കും; ദീർഘദൂര യാത്രകൾക്ക് കൂടുതൽ സ്വിഫ്റ്റ് ബസുകൾ വരും

പുതിയ തീരുമാനം വരുന്നതോടെ തെക്കൻ കേരളത്തിൽ നിന്ന് കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ മലയോര മേഖലകളിലേക്ക് സർവീസ് നടത്തുന്ന രാത്രികാല സൂപ്പർ ഫാസ്റ്റ് സർവീസുകൾ നിർത്തലാക്കുമോയെന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്

ksrtc-super-fast

ksrtc-super-fast

  • Last Updated :
  • Share this:
    സാധാരണക്കാരായ ദീർഘദൂര യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന സൂപ്പർ ഫാസ്റ്റ് സർവീസുകളുടെ ദൈർഘ്യം വെട്ടിക്കുറക്കാൻ കെഎസ്ആർടിസി. ഇനി മുതൽ ഡിപ്പോകളിൽനിന്ന് നാലു ജില്ലകൾക്കുള്ളിലെ ദൂരപരിധിയിലേക്കാകും സൂപ്പർ ഫാസ്റ്റുകൾ സർവീസ് നടത്തുക. കെ-സ്വിഫ്റ്റ് ബസുകളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായാണ് ഇത്തരത്തിൽ സൂപ്പർ ഫാസ്റ്റ് ബസുകളുടെ റൂട്ട് വെട്ടിച്ചുരുക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നിലവിൽ കെഎസ്ആർടിസിയുടെ വരുമാനത്തിന്‍റെ വലിയൊരു ഭാഗം സംഭാവന ചെയ്യുന്നത് സൂപ്പർ ഫാസ്റ്റ് ബസുകളാണ്. മറ്റ് ഹൈടെക്ക് ബസുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നതാണ് സാധാരണക്കാരായ ദീർഘദൂര യാത്രക്കാരെ സൂപ്പർ ഫാസ്റ്റിലേക്ക് ആകർഷിക്കാൻ ഇടയാക്കുന്നത്.

    പുതിയ തീരുമാനം വരുന്നതോടെ തെക്കൻ കേരളത്തിൽ നിന്ന് കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ മലയോര മേഖലകളിലേക്ക് സർവീസ് നടത്തുന്ന രാത്രികാല സൂപ്പർ ഫാസ്റ്റ് സർവീസുകൾ നിർത്തലാക്കുമോയെന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളിൽനിന്ന് കൊന്നക്കാടേക്കും, ആടൂരിൽനിന്ന് ഉദയഗിരിയിലേക്കും മാവേലിക്കര നിന്ന് സീതാമൌണ്ടിലേക്കുമൊക്കെ സർവീസ് നടത്തുന്നത് സൂപ്പർ ഫാസ്റ്റ് ബസുകളാണ്. ഇതുകൂടാതെ തിരുവനന്തപുരത്ത് നിന്ന് വടകര, കോഴിക്കോട്, തലശേരി, കൽപ്പറ്റ, സുൽത്താൻബത്തേരി, മാനന്തവാടി, നിലമ്പൂർ, പെരിന്തൽമണ്ണ, റൂട്ടുകളിലേക്ക് സർവീസുകളും ഹൈടെക്ക് ബസുകളോ സ്വിഫ്റ്റ് ബസുകളോ ഏറ്റെടുക്കുമോയെന്നും യാത്രക്കാർക്ക് ആശങ്കയുണ്ട്.

    കെ-സ്വിഫ്റ്റ് ബസുകളുടെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ സൂപ്പർ ഫാസ്റ്റ് ബസുകൾ റൂട്ടുകൾ വെട്ടിച്ചുരുക്കുന്നതെന്നാണ് സൂചന. നേരത്തെ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ഇത്തരത്തിൽ, രണ്ട്-മൂന്ന് ജില്ലകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് എം.സി റോഡ് വഴിയും ദേശീയപാത വഴിയും സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസുകൾ ഓടുന്നുണ്ട്. ഇതുകൂടാതെ മിനിട്ടുകളുടെ ഇടവേളയിൽ സൂപ്പർ ഫാസ്റ്റ് ബസുകളുമുണ്ട്. ഇവ തമ്മിൽ മത്സരിച്ച് ഓടുന്നതുമൂലം രണ്ടു സർവീസുകൾക്കും മതിയായ വരുമാനം ലഭിക്കാത്ത സ്ഥിതിയാണെന്ന് കോർപറേഷനുമായി അടുപ്പമുള്ളവർ പറയുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് സൂപ്പർ ഫാസ്റ്റ് ബസുകളെ നാലു ജില്ലകളിലേക്ക് മാത്രമായി പുനഃക്രമീകരിക്കാൻ ഒരുങ്ങുന്നത്. ദീർഘദൂര സർവീസുകൾ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് മാത്രം നടത്താമെന്ന നിലയിലേക്കാണ് കെഎസ്ആർടിസിയുടെ ആലോചന.

    116 സ്വിഫ്റ്റ് ബസുകൾ ഇപ്പോൾ ഓടുന്നുണ്ട്. കൂടുതൽ ബസുകൾ വാങ്ങി അര മണിക്കൂർ ഇടവിട്ട് പ്രധാനപ്പെട്ട ദീർഘദൂര റൂട്ടുകളിൽ ഓടിക്കാനും കെഎസ്ആർടിസി ലക്ഷ്യമിടുന്നു. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-പാലക്കാട് റൂട്ടുകളിലും ഇത്തരത്തിൽ സ്വിഫ്റ്റ് ബസുകൾ ബൈപ്പാസ് റൈഡറുകളായി സർവീസ് നടത്തും. ബൈപ്പാസുകളിലൂടെ ഓടുമ്പോൾ സമയലാഭം കൈവരിക്കാമെന്നും അതുവഴി യാത്രക്കാരെ ആകർഷിക്കാമെന്നും കോർപറേഷൻ കണക്കുകൂട്ടുന്നു. എന്നാൽ സ്വിഫ്റ്റ് ബസുകൾക്കുവേണ്ടി സൂപ്പർ ഫാസ്റ്റുകളുടെ ഓട്ടം വെട്ടിച്ചുരുക്കുന്നത് കെഎസ്ആർടിസിക്ക് തിരിച്ചടിയാകുമോയെന്നാണ് യാത്രക്കാർ ആശങ്കപ്പെടുന്നത്. കൂടുതൽ പണം നൽകി സ്വിഫ്റ്റ് ബസുകളിൽ യാത്ര ചെയ്യാൻ സാധാരണക്കാരായ യാത്രക്കാർ തയ്യാറാകുമോയെന്നാണ് കണ്ടറിയേണ്ടത്.
    Published by:Anuraj GR
    First published: