• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വന്തം ജില്ലയിൽ അടിതെറ്റി കാനം രാജേന്ദ്രൻ, കോട്ടയത്ത് CPI ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇസ്മയിൽ പക്ഷത്തിന് വിജയം

സ്വന്തം ജില്ലയിൽ അടിതെറ്റി കാനം രാജേന്ദ്രൻ, കോട്ടയത്ത് CPI ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇസ്മയിൽ പക്ഷത്തിന് വിജയം

ചരിത്രത്തിൽ ആദ്യമായിയാണ് കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സിപിഐയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്

കാനം രാജേന്ദ്രന്‍, വി.ബി ബിനു

കാനം രാജേന്ദ്രന്‍, വി.ബി ബിനു

  • Last Updated :
  • Share this:
സിപിഐ സംസ്ഥാന സെക്രട്ടറി കാനം  രാജേന്ദ്രന് കനത്ത തിരിച്ചടി. സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന് പിന്നാലെ നടന്ന ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉള്ള തെരഞ്ഞെടുപ്പിൽ ഇസ്മായിൽ പക്ഷം വിജയം നേടി. കാനം രാജേന്ദ്രൻ പക്ഷത്തെ സ്ഥാനാർത്ഥിയായി എഐടിയുസി  ജില്ലാ സെക്രട്ടറി വി.കെ സന്തോഷ് കുമാറിനെയാണ് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചത്. എന്നാൽ ഇത് അംഗീകരിക്കാതെ ഒരു വിഭാഗം എതിർപ്പുമായി രംഗത്ത് വരികയായിരുന്നു.  സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് വിബി ബിനുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കണം എന്നായിരുന്നു ഇവർ ചൂണ്ടിക്കാണിച്ചത്. ഇതിന് പിന്നാലെ ഈ നിർദ്ദേശത്തെ ജില്ലാ കൗൺസിൽ യോഗത്തിൽ ഉണ്ടായിരുന്ന കാനം രാജേന്ദ്രൻ വിഭാഗം തള്ളിക്കളയുകയായിരുന്നു.

സംസ്ഥാന നേതൃത്വം ഇടപെട്ട് വീണ്ടും സമവായ നീക്കങ്ങൾക്ക് ശ്രമം നടത്തിയെങ്കിലും  ശ്രമങ്ങൾ പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് 50 ജില്ലാ കൗൺസിൽ അംഗങ്ങളിൽ 29 പേരുടെ പിന്തുണ നേടി അഡ്വക്കേറ്റ് വി ബി ബിനു  ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന സംസ്ഥാന നേതൃത്വം നിർദ്ദേശിച്ച എഐടിയുസി  ജില്ലാ സെക്രട്ടറി  വി കെ സന്തോഷ് കുമാർ 21 വോട്ടുകൾ മാത്രമാണ് നേടിയത്.

ചരിത്രത്തിൽ ആദ്യമായിയാണ് കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സിപിഐയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സാധാരണ നിലയിൽ സമവായത്തിലൂടെയാണ് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തിരുന്നത്. നിലവിൽ ജില്ലാ സെക്രട്ടറിയായിരുന്ന സി കെ ശശിധരൻ കഴിഞ്ഞ 14 വർഷമായി പ്രസ്തുത സ്ഥാനത്ത് തുടരുകയായിരുന്നു. മൂന്ന് ടേം നിബന്ധന നിലവിൽ വന്നതോടെയാണ് ശശിധരൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയത്. ഇതോടെയാണ് തുടക്കം മുതൽ അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാറിനെ ജില്ലാ സെക്രട്ടറിയാക്കാൻ കാനം രാജേന്ദ്രൻ പക്ഷം നീക്കം നടത്തിയത്.

പാർട്ടിയിലുള്ള വ്യക്തി ബന്ധങ്ങൾ ഉൾപ്പെടെ അഡ്വക്കേറ്റ് വി ബി ബിനുവിന് തുണയായി. വി കെ സന്തോഷ് കുമാറുമായി പല നേതാക്കൾക്കും ഉള്ള അകൽച്ചയും ഇസ്മയിൽ പക്ഷത്തിന്റെ വിജയത്തിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നു. നേരത്തെ കാനം രാജേന്ദ്രൻ എത്തി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ മൂലം ഉദ്ഘാടന പരിപാടിക്ക് എത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇതിനെല്ലാം പിന്നാലെയാണ് സ്വന്തം ജില്ലയിൽ നിന്നും കനത്ത തിരിച്ചടി കാനം രാജേന്ദ്രന് ഏൽക്കേണ്ടി വന്നത്.

നേരത്തെ കാഞ്ഞിരപ്പള്ളിയിൽ സിപിഐ സ്ഥാനാർഥിയായി അഡ്വക്കേറ്റ് വി ബി ബിനു മത്സരിച്ചിട്ടുണ്ട്. സിപിഐ സംസ്ഥാന കൗൺസിൽ അംഗം എന്നതിന് പുറമേ എഐടിയുസി സംസ്ഥാന സെക്രട്ടറി പദവും അഡ്വക്കേറ്റ് വി ബി ബിനു വഹിച്ചു വരികയാണ്. കോട്ടയം ജില്ലയിൽ സിപിഐയിലെ രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിക്കുറിക്കുന്ന ഫലമാണ് തെരഞ്ഞെടുപ്പിലൂടെ ഉണ്ടായത്. നേരത്തെ കാനം രാജേന്ദ്രനുമായി അകന്നു നിന്നിരുന്ന വി ബി  ബിനു   അടുത്തകാലത്തായി അദ്ദേഹവുമായി സമവായ നീക്കങ്ങളും നടത്തിയിരുന്നു. ജില്ലാ സെക്രട്ടറി പദം ലക്ഷ്യം കണ്ടുള്ള നീക്കങ്ങൾ കൂടിയായിരുന്നു ഇതെന്നാണ് സൂചന.
Published by:Arun krishna
First published: