HOME /NEWS /Kerala / E Bull Jet | ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് തിരിച്ചടി; നെപ്പോളിയന്‍ കാരവാന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

E Bull Jet | ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് തിരിച്ചടി; നെപ്പോളിയന്‍ കാരവാന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

ബുൾ ജെറ്റ് സഹോദരങ്ങള്‍

ബുൾ ജെറ്റ് സഹോദരങ്ങള്‍

വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

  • Share this:

    ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് തിരിച്ചടി. മോടി പിടിപ്പിക്കലില്‍ വിവാദമായ നെപ്പോളിയന്‍ കാരവാന്റെ രജിസ്‌ട്രേഷന്‍ മോട്ടര്‍ വാഹന വകുപ്പ് റദ്ദാക്കി. താത്കാലികമായാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി.

    വാഹനത്തില്‍ നിയമപ്രകാരമുള്ള മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളെന്നും മാറ്റം വരുത്താന്‍ കഴിയില്ലെന്നുമായിരുന്നു വ്‌ളോഗര്‍മാരുടെ നിലപാട്. ഇതേതുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്. നിലവില്‍ ആറ് മാസത്തേക്കാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.വാഹനം സ്റ്റോക്ക് കണ്ടീഷനില്‍ ഹാജരാക്കിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

    താക്കീത് എന്ന നിലയിലാണ് ഇപ്പോള്‍ താത്കാലികമായി രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളത്. ആറ് മാസത്തിനുള്ളില്‍ വാഹനം അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് മാറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാക്കിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ണമായി റദ്ദാക്കുകയാണ് നിയമം അനുസരിച്ചുള്ള അടുത്ത നടപടി. വാഹനത്തിന്റെ രൂപം നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    കഴിഞ്ഞ മാസം ഒമ്പതാം തീയതിയാണ് ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍ സഹോദരന്‍മാര്‍ കണ്ണൂര്‍ ആര്‍.ടി.ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നല്‍കണമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇവര്‍ ഇതിന് തയാറായില്ല.

    ഓഫീസില്‍ എത്തി പ്രശ്‌നമുണ്ടാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടം സൃഷ്ടിക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തത് ഉള്‍പ്പെടെ ഒമ്പതോളം വകുപ്പുകള്‍ ചുമത്തി വ്‌ളോഗര്‍മാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

    നിരത്തുകളിലെ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് എം.വി.ഡി. മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ രാജ്യത്തുടനീളം യാത്ര ചെയ്യുന്ന വാഹനമാണിതെന്നും അവിടെയെല്ലാം വാഹനമോടിക്കുന്നതിനുള്ള ലൈറ്റുകളാണ് ഈ വാഹനത്തില്‍ ഉള്ളതെന്നും ഇ ബുള്‍ജെറ്റ് അവകാശപ്പെട്ടിരുന്നു.

    First published:

    Tags: E Bull Jet, Mvd