HOME » NEWS » Kerala » SEVENTEEN NEWCOMERS IN SECOND PINARAYI VIJAYAN CABINET

രണ്ടാം പിണറായി മന്ത്രിസഭയിൽ 17 പുതുമുഖങ്ങൾ; ആദ്യമായി എംഎൽഎയായി മന്ത്രിയാകുന്നത് എട്ടുപേർ

ഇത്രയും പുതുമുഖങ്ങൾ ഉൾപ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിൽ ഇല്ല. 17 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്.

News18 Malayalam | news18-malayalam
Updated: May 18, 2021, 7:04 PM IST
രണ്ടാം പിണറായി മന്ത്രിസഭയിൽ 17 പുതുമുഖങ്ങൾ; ആദ്യമായി എംഎൽഎയായി മന്ത്രിയാകുന്നത് എട്ടുപേർ
Pinarayi_Cabinet
  • Share this:
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയെ കുറിച്ചുള്ള ചിത്രം തെളിഞ്ഞു. പുതുമുഖങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നതാണ് പിണറായിയുടെ രണ്ടാം മന്ത്രിസഭ. ഇത്രയും പുതുമുഖങ്ങൾ ഉൾപ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിൽ ഇല്ല. 17 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്. മുഖ്യമന്ത്രിയടക്കം നാലുപേര്‍ മാത്രമാണ് മുമ്പ് മന്ത്രിമാരായി പ്രവർത്തിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരില്‍ മൂന്നുപേര്‍ മാത്രമാണു മുമ്പ് മന്ത്രിമാരായിട്ടുള്ളവര്‍. ജനതാദളിലെ കെ കൃഷ്ണന്‍ കുട്ടിയും എൻ സി പിയിലെ മന്ത്രി എ കെ ശശീന്ദ്രനും കഴിഞ്ഞ പിണറായി മന്ത്രിസഭയിലും അംഗമായിരുന്നു. ചേലക്കരയിൽനിന്ന് ജയിച്ചു വന്ന സി പി എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ കെ രാധാകൃഷ്ണന്‍ 1996ലെ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയും 2006ൽ വി.എസ് സർക്കാരിന്‍റെ കാലത്ത് സ്പീക്കറുമായിരുന്നു.

Also Read- ചരിത്രം കുറിച്ച് പിണറായി 2.0; മൂന്ന് വനിതകൾ മന്ത്രിസഭയിലേക്ക്

ഇതുമാത്രമല്ല, ആദ്യമായി എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ട് മന്ത്രിസഭയിലേക്ക് വരുന്ന എട്ടുപേരും ഇത്തവണ പിണറായിയുടെ ടീമിൽ ഉണ്ട്. സിപിഐ എമ്മിലെ പി രാജീവ്, കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചു റാണി, മുഹമ്മദ്‌ റിയാസ്, ആര്‍ ബിന്ദു, ജി ആര്‍ അനില്‍, പി പ്രസാദ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് ആദ്യമായി എംഎൽഎയായി മന്ത്രിപദവിയിലേക്ക് കടന്നു വരുന്നത്. ഇതിൽ പി രാജിവ്, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ രാജ്യസഭയിലെ മുൻ അംഗങ്ങൾ കൂടിയായി പാർലമെന്‍ററി രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.

എൽ.ഡി.എഫ് മന്ത്രിസഭ 2021-2026

CPIM
1.പിണറായി വിജയൻ (ധർമ്മടം)
2. എം.വി.ഗോവിന്ദൻ (തളിപ്പറമ്പ് )
3.കെ.രാധാകൃഷ്ണൻ (ചേലക്കര)
4.പി.രാജീവ് (കളമശ്ശേരി)
5.കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര)
6.സജി ചെറിയാൻ (ചെങ്ങന്നൂർ)
7.വി.എൻ.വാസവൻ (ഏറ്റുമാനൂർ)
8. പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ)
9.വി.ശിവൻകുട്ടി (നേമം)
10. ആർ. ബിന്ദു (ഇരിങ്ങാലക്കുട)
11. വീണാ ജോർജ് (ആറൻമുള )
12.വി.അബ്ദുൾ റഹ്മാൻ (താനൂർ)

CPl
13. പി.പ്രസാദ് (ചേർത്തല)
14.കെ.രാജൻ (ഒല്ലൂർ)
15.ജി.ആർ.അനിൽ (നെടുമങ്ങാട്)
16.ജെ.ചിഞ്ചുറാണി (ചടയമംഗലം)

KCM
17. റോഷി അഗസ്റ്റിൻ (ഇടുക്കി)

JDS
18.കെ.കൃഷ്ണൻകുട്ടി (ചിറ്റൂർ)

NCP
19. എ.കെ.ശശീന്ദ്രൻ (ഏലത്തൂർ)

DKC
20. ആൻ്റണി രാജു (തിരുവനന്തപുരം)

INL
21. അഹമ്മദ് ദേവർകോവിൽ (കോഴിക്കാട് സൗത്ത് )

മൂന്നു വനിതകൾ ഇടംനേടിയെന്നതാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ മറ്റൊരു സവിശേഷത. സിപിഎമ്മിൽനിന്ന് രണ്ടുപേരും സിപിഐയിൽനിന്ന് ഒരാളുമാണ് മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം. ജെ ചിഞ്ചുറാണി സിപിഐയുടെ പ്രതിനിധിയായും പ്രൊഫ. ആർ ബിന്ദു, വീണ ജോർജ് എന്നിവർ സിപിഎമ്മിന്‍റെ പ്രതിനിധികളായും മന്ത്രിസഭയിൽ ഉണ്ടാകും. 64 വർഷത്തിനുശേഷമാണ് സിപിഐയിൽനിന്ന് ഒരു വനിതാ മന്ത്രി വരുന്നത്. കേരള ചരിത്രത്തിൽ ആദ്യമായാണ് മൂന്നു വനിതകൾ മന്ത്രിസഭയിൽ അംഗമാകുന്നത്. ഒന്നാം പിണറായി മന്ത്രിസഭയിൽ രണ്ടു വനിതകൾ മന്ത്രിമാരായിരുന്നു.

Also Read- പിണറായി 2.0 | സിപിഎമ്മിൽ നിന്ന് 10 പുതുമുഖങ്ങൾ മാത്രം; കെ കെ ശൈലജയും പുറത്ത്

മന്ത്രിസഭ സംബന്ധിച്ച് ചിത്രം വ്യക്തമായതോടെ മന്ത്രിസഭയിൽ ഏറ്റവുമധികം പ്രാതിനിധ്യമുള്ളത് മൂന്നു ജില്ലകൾക്ക്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകൾക്ക് മൂന്നു മന്ത്രിമാരെ വീതമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം കാസർകോട്, വയനാട് ജില്ലകൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യമില്ല.

ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികളായ സിപിഎമ്മും സിപിഐയും ഇന്ന് നേതൃയോഗം ചേർന്ന് അവരുടെ മന്ത്രിമാരെ നിശ്ചയിച്ചു. സിപിഎമ്മിന് 12 മന്ത്രിമാരും സിപിഐയ്ക്ക് നാല് മന്ത്രിമാരുമാണുള്ളത്. എൻസിപി, ജനതാദൾ, കേരള കോൺഗ്രസ് എം തുടങ്ങിയ കക്ഷികളും ഏകഅംഗങ്ങളുള്ള ജനാധിപത്യ കേരള കോൺഗ്രസും ഐഎൻഎലും അവരുടെ മന്ത്രിമാരെ നിശ്ചയിച്ചു കഴിഞ്ഞു. ഇതോടെയാണ് രണ്ടാം പിണറായി മന്ത്രിസഭ സംബന്ധിച്ച ചിത്രം വ്യക്തമായത്.

തിരുവനന്തപുരം ജില്ലയിൽനിന്ന് വി ശിവൻകുട്ടി(സിപിഎം), ജി ആർ അനിൽ(സിപിഐ), ആന്‍റണി രാജു(ജനാധിപത്യ കേരള കോൺഗ്രസ്), തൃശൂർ ജില്ലയിൽനിന്ന് കെ രാധാകൃഷ്ണൻ(സിപിഎം), പ്രൊഫസർ ആർ ബിന്ദു(സിപിഎം), കെ രാജൻ(സിപിഐ) കോഴിക്കോട് ജില്ലയിൽനിന്ന് പി എ മുഹമ്മദ് റിയാസ്(സിപിഎം), എ കെ ശശീന്ദ്രൻ(എൻസിപി), അഹമ്മദ് ദേവർകോവിൽ(ഐഎൻഎൽ) എന്നിവരാണ് മന്ത്രിമാരാകുന്നത്. കൊല്ലം ജില്ലയിൽനിന്ന് കെ എൻ ബാലഗോപാൽ(സിപിഎം), ചിഞ്ചുറാണി(സിപിഐ) ആലപ്പുഴയിൽനിന്ന് സജി ചെറിയാൻ(സിപിഎം), പി പ്രസാദ്(സിപിഐ), പത്തനംതിട്ടയിൽനിന്ന് വീണാ ജോർജ്(സിപിഎം), കോട്ടയത്തുനിന്ന് വി എൻ വാസവൻ(സിപിഎം), ഇടുക്കിയിൽനിന്ന് റോഷി അഗസ്റ്റിൻ(കേരള കോൺഗ്രസ് എം) എന്നിവരും മന്ത്രിമാരാകും. എറണാകുളത്തുനിന്ന് പി രാജീവ്(സിപിഎം), പാലക്കാടുനിന്ന് കൃഷ്ണൻകുട്ടി(ജനതാദൾ) മലപ്പുറത്തുനിന്ന് വി അബ്ദുറഹ്മാൻ(സിപിഎം) എന്നിവരും മന്ത്രിമാരാകും. കണ്ണൂരിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയന് പുറമെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദനും മന്ത്രിയാകും.
Published by: Anuraj GR
First published: May 18, 2021, 7:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories