വയനാട്: ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി
ഷെഹല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഡോക്ടറുടെ വാദം പൊളിയുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിൽ ആന്റി വെനം ഉണ്ടായിരുന്നില്ലെന്ന ഡോക്റ്ററുടെ വാദം തള്ളി ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി. ആവശ്യത്തിന് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നതായി മാനേജ്മെൻറ് കമ്മിറ്റി വ്യക്തമാക്കി. കഴിഞ്ഞ മാസവും ആശുപത്രിയിൽ വിഷചികിൽസ നൽകിയിരുന്നെന്നും ആശുപത്രി മാനേജ്മെന്റ് സമിതിയംഗം സുരേഷ് താളൂർ പറഞ്ഞു.
പാമ്പുകടിയേറ്റ ഷഹലക്ക് ആന്റിവെനം നൽകാതിരുന്നത് ആവശ്യത്തിന് മരുന്നില്ലാത്തതിനാലാണെന്ന് ആയിരുന്നു ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ മൊഴി. ഷഹലയെ കൊണ്ടുവരുമ്പോൾ ബന്ധുക്കളുടെ സമ്മതി പത്രം ഒപ്പിട്ടുവാങ്ങാൻ ആവശ്യമായ പേപ്പർ പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും ഡോ. ജിസ മെറിൻ പറഞ്ഞിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ആശുപത്രി വികസന സമിതി അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയത്. കഴിഞ്ഞ മാസവും ആശുപത്രിയിൽ വിഷചികിൽസ നൽകിയിരുന്നെന്ന് പരിശോധനയിൽ വ്യക്തമായി.
ഷഹല ഷെറിന് സമയബന്ധിതമായ ചികിത്സ നൽകുന്നതിൽ ഡോ. ജിസ മെറിൻ വീഴ്ചവരുത്തിയതായി വികസന സമിതിയോഗം വിലയിരുത്തി. സംഭവ സമതയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഡോക്ടർമാരുമായി ജിസ കൂടിയാലോചന നടത്തിയില്ലെന്നും യോഗം വ്യക്തമാക്കി. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംഎൽഎ ഐ സി ബാലകൃഷ്ണൻ, മുനിസിപ്പൽ ചെയർമാൻ, ടിഎൽ സാബു തുടങ്ങിയവർ പങ്കെടുത്തു .
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.