മുൻപ് ഉരുൾ പൊട്ടിയ ഇടം കാണാനും മാങ്ങ പൊട്ടിക്കാനും ആണ് മല കയറിയത് എന്ന് കരുവാരകുണ്ടിൽ കൂമ്പൻ മല കയറിയ ഷംനാസ്. മറ്റുള്ളവർ വീണു പരിക്കേറ്റ സാഹചര്യത്തിൽ ഒറ്റക്ക് മല ഇറങ്ങി നാട്ടുകാരെ അറിയിക്കുക ആയിരുന്നു. അതി സാഹസികമായി ആണ് മറ്റ് രണ്ട് പേരെ സുരക്ഷിതമായി താഴെ എത്തിച്ചത്
ഇന്നലെ ഉച്ചയ്ക്ക് ആണ് അഞ്ചലിനും യാസീനും ഒപ്പം ഷംനാസ് മല കേറിയത്. ഇടക്ക് മഴ പെയ്തു, കോടമഞ്ഞ് ഇറങ്ങി. അഞ്ചലും യാസീനും പാറക്കെട്ടിൽ നിന്നും വഴുതി വീണു പരിക്കേറ്റു. ഈ സാഹചര്യത്തിൽ സാഹസികമായി താഴെ ഇറങ്ങി നാട്ടുകാരെ അറിയിക്കുക ആയിരുന്നു ഷംനാസ്.
“മുൻപ് ഉരുൾപൊട്ടിയ സ്ഥലം കാണാൻ വേണ്ടിയാണ് കൂമ്പൻ മലയിലേക്ക് ഞങ്ങൾ പോയത്. അതിനടുത്ത് തന്നെ ഒരു മാവുണ്ട് , അവിടുന്ന് മാങ്ങ എല്ലാം പൊട്ടിച്ച് ഞങ്ങൾ നടന്നു. അങ്ങനെ ഒരു പാറയുടെ മുകളിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. യാസീനും അഞ്ചലും വീണു , യാസീൻ വഴുക്കി താഴേക്ക് വീണു. വീഴ്ചയിൽ അഞ്ചലിന്റെ ബോധം പോയിരുന്നു. പിന്നെ വെള്ളമൊക്കെ മുഖത്ത് തളിച്ച് ആണ് എണീപ്പിച്ചത്. യാസീൻ പാറയുടെ താഴെ എത്തിയിരുന്നു. പുല്ലും മറ്റുമുള്ളതുകൊണ്ടാണ് യാസീന് വീഴ്ചയിൽ വലിയ അപകടം പറ്റാതിരുന്നത്. അവൻ കരഞ്ഞിരുന്നു..പിന്നെ ഞാനും അഞ്ചലും പാറയുടെ താഴേക്ക് ഇറങ്ങി ചെന്നു. അവർക്ക് ഒറ്റക്ക് ഇറങ്ങാൻ പറ്റില്ല എന്ന് മനസ്സിലാക്കി ആണ് ഞാൻ നാട്ടുകാരെ അറിയിക്കാൻ ഇറങ്ങിയത്. ഒന്നര മണിക്കൂറിലധികം സമയം എടുത്തു.. അവിടെ കണ്ട ഒരു വീട്ടിൽ കയറി കാര്യം പറഞ്ഞു.. അവരെ പോലീസിനെ അറിയിച്ചു. പിന്നെ അവർക്ക് വഴി കാണിക്കാൻ വീണ്ടും മല കയറി “.
Also read-മലപ്പുറം കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയ രണ്ട് പേരെയും രക്ഷപ്പെടുത്തി
പിന്നെ മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തിന് ഒടുവിൽ ആണ് യാസീനേയും അഞ്ചലിനേയും താഴെ എത്തിച്ചത്.. പോലീസിനും അഗ്നിശമന രക്ഷാ സേനയ്ക്കും എമർജൻസി റെസ്ക്യൂ ഫോഴ്സിനും ഒപ്പം നാട്ടുകാർ കൂടി രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. രാത്രി ഒന്നരയോടെയാണ് ഇവരെ മലയിൽ നിന്നും താഴേക്ക് എത്തിക്കാൻ ആയത്. അതീവ ദുഷ്കരമായിരുന്നു രക്ഷാപ്രവർത്തനമെന്ന് നാട്ടുകാർ.
” കോട മഞ്ഞും മഴയും ഇരുട്ടും മാത്രമല്ല. സാഹചര്യങ്ങൾ മൊത്തം പ്രശ്നമായിരുന്നു. തിരിച്ച് അവരെ ഇറക്കിയിരുന്നു വലിയ ബുദ്ധിമുട്ട്. വഴിവെട്ടിയാണ് താഴേക്ക് വരെ കൊണ്ടുവന്നത്. വലിയ ഒരു തുണി കഴുത്തിൽ കെട്ടി അതിലാണ് ഒരാളെ കിടത്തി താഴേക്ക് എടുത്ത് കൊണ്ടുവന്നത്. മറ്റേയാളെ ഇടയ്ക്ക് പിടിച്ചു നടത്തിയും ഒക്കെ മല ഇറക്കി. ഞങ്ങൾക്ക് ആ മേഖലയെക്കുറിച്ച് അറിവുള്ളതുകൊണ്ട് മാത്രമാണ് അവരെ മലയിൽ നിന്ന് രാത്രി തന്നെ താഴേക്ക് കൊണ്ടുവരാൻ കഴിഞ്ഞത്. ” രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നാട്ടുകാർ പറയുന്നു.
ഷംനാസിനും യാസീനും അഞ്ചലിനും പരിക്കുകൾ ഉണ്ട്. ഷംനാസിനും യാസീനും ദേഹത്ത് മുറിവുകളാണെങ്കിൽ അഞ്ചലിൻ്റെ നടുവിനാണ് പരിക്ക്. കൂമ്പൻ മല സൈലൻറ് വാലിനോട് ചേർന്നുള്ള പ്രദേശമാണെങ്കിലും വനത്തിനുള്ളിൽ പ്രവേശിച്ചിട്ടില്ല എന്നാണ് ഇവർ പറയുന്നത്. നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ ഞെട്ടൽ വിട്ടു മാറാത്ത ഇവർ പറയുന്നു..ഇനിയില്ല സാഹസിക മലകയറ്റം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.