Shashi Tharoor | വന്ദേഭാരത് ട്രെയിനുകൾ കെ-റെയിലിന് ബദലായേക്കാം; നിലപാട് മാറ്റി ശശി തരൂർ
Shashi Tharoor | വന്ദേഭാരത് ട്രെയിനുകൾ കെ-റെയിലിന് ബദലായേക്കാം; നിലപാട് മാറ്റി ശശി തരൂർ
മൂന്നുവര്‍ഷത്തിനകം 400 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തരൂര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കെ-റെയിൽ (K-Rail) പദ്ധതിയിൽ ഇതുവരെ കൈക്കൊണ്ടിരുന്ന നിലപാട് മാറ്റി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ (Shashi Tharoor). വന്ദേഭാരത് ട്രെയിനുകൾ (Vande Bharat Express) കെ-റെയിലിന് ബദലാകുമോ എന്നതിൽ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു തരൂർ ഈ ആവശ്യം ഉന്നയിച്ചത്.
മൂന്നുവര്‍ഷത്തിനകം 400 വന്ദേ ഭാരത് എക്സ്പ്രസ് (Vande Bharat Express) ട്രെയിനുകള്‍ ഓടിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitaraman) ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തരൂർ ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ച് കൊണ്ട് രംഗത്തെത്തിയത്.
നേരത്തെ കെ-റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ചതിന് തരൂരിനെതിരെ നടപടി എടുക്കാൻ കോൺഗ്രസ് ഒരുങ്ങിയിരുന്നു. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അടക്കമുള്ള നേതാക്കൾ തരൂരിനെതിരെ രൂക്ഷ വിമർശനമുയർത്തിയിരുന്നു. തരൂരിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ദേശീയ നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ-റെയിൽ പദ്ധതിയിൽ പുനഃപരിശോധന വേണമെന്ന നിലപാടിലേക്ക് തരൂർ എത്തിച്ചേർന്നിരിക്കുന്നത്.
ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെടുത്താവുന്നവയാണ് വന്ദേ ഭാരത് എക്സ്പ്രസ്. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75ആഴ്ചകൾ കൊണ്ട് 75 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 300 നഗരങ്ങളെ വന്ദേഭാരത് ട്രെയിനുകളിലൂടെ ബന്ധിപ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. കെ-റെയിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ നിരത്തിയ സംസ്ഥാനത്തെ സർക്കാരും പ്രതിപക്ഷവും പരിസ്ഥിതി പ്രവർത്തകരും വന്ദേ ഭാരത് എക്സ്പ്രസിന്റെ പ്രഖ്യാപനത്തെ ഗൌരവത്തോടെയാണ് നോക്കിക്കാണുന്നത്. വന്ദേ ഭാരത് എക്സ്പ്രസ് ഓടിക്കുമെന്ന ബജറ്റ് പ്രഖ്യാപനം കണക്കിലെടുത്ത് കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്.
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ പദ്ധതി ഇപ്പോൾ കേരളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള കെ റെയിൽ സിൽവർലൈൻ പദ്ധതിയെക്കാൾ ചെലവ് കുറഞ്ഞതും ഊർജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്.
വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കിൽ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സർക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകൾക്കുള്ള പരിഹാരവുമായേക്കാം.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.