HOME » NEWS » Kerala » SHIBU BABY JOHN GIVES A RESPONSE ON KITEX CONTROVERSY MM TV

കേരളത്തിൽ നിന്ന് വൻമരം ആയ ശേഷം ആ മണ്ണിനെയാകെ അടച്ചാക്ഷേപിക്കരുതെന്ന് കിറ്റക്സിനോട് ഷിബു ബേബി ജോൺ

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

News18 Malayalam | news18-malayalam
Updated: July 4, 2021, 9:53 AM IST
കേരളത്തിൽ നിന്ന് വൻമരം ആയ ശേഷം ആ മണ്ണിനെയാകെ അടച്ചാക്ഷേപിക്കരുതെന്ന് കിറ്റക്സിനോട് ഷിബു ബേബി ജോൺ
ഷിബു ബേബി ജോൺ
  • Share this:
വിവിധ വകുപ്പുകളുടെ തുടർച്ചയായ പരിശോധനകളുടെ പശ്ചാത്തലത്തിലായിരുന്നു സർക്കാരിനെതിരെ കിറ്റക്സ് ചെയർമാൻ സാബു എം. ജേക്കബ് രംഗത്ത് വന്നത്. കേരളത്തിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച 3,500 കോടി രൂപയുടെ പദ്ധതിയിൽ നിന്നും പിന്മാറുകയാണെന്നായിരുന്നു കമ്പനിയുടെ അറിയിപ്പ്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്നും, പല സംസ്ഥാനങ്ങളും തങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു. കിറ്റക്സിൻ്റെ നിലപാടിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി  അളുകളാണ് രംഗത്ത് വന്നിരിക്കുന്നത്.

കിറ്റക്സ് നിലപാടിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ഇപ്പോൾ ആർ.എസ്.പി. നേതാവും മുൻ യു.ഡി.എഫ്. മന്ത്രിസഭയിലെ അംഗവുമായ ഷിബു ബേബി ജോൺ രംഗത്ത് വന്നിരിക്കുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷിബുവിൻ്റെ വിമർശനം

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ..

കിറ്റക്സിലെ പരിശോധനകളുടെ പശ്ചാത്തലത്തിൽ കിറ്റക്സ് എം.ഡി. സാബു ജേക്കബിൻ്റെ പ്രതികരണങ്ങൾ കണ്ടു. ആ വിഷയത്തെ കുറിച്ച് തൽക്കാലം ഒന്നും പ്രതികരിക്കുന്നില്ല. എന്നാൽ കേരളം വ്യവസായികളുടെ ശവപ്പറമ്പാണെന്നും ഇവിടെ ബിസിനസ് ചെയ്യാൻ അധികാരികൾ അനുവദിക്കുന്നില്ലെന്നുമൊക്കെ പ്രതികരണങ്ങളിൽ പലപ്പോഴും സാബു ജേക്കബ് പറയുന്നത് കേട്ടു. അതുകൊണ്ടാണ് കേരളത്തിൽ ആരംഭിക്കാനിരുന്ന 3500 കോടി മുതൽമുടക്കുള്ള പ്രോജക്ടിൽ നിന്നും പിൻമാറുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.



കേരളത്തെയാകെ അടച്ചാക്ഷേപിക്കുമ്പോൾ ഒരു മലയാളി എന്ന നിലയിൽ ഒന്ന് ചോദിക്കാതെ വയ്യ. 3500 കോടിയുടെ വൻകിട പ്രോജക്ട് നടപ്പിലാക്കാൻ ആവശ്യമായ ആസ്തി കിറ്റക്സ് ഗ്രൂപ്പിന് ഉണ്ടായതെങ്ങനെയാണ്? നിങ്ങൾ ഈ കുറ്റം പറയുന്ന കേരളത്തിൽ ബിസിനസ് ചെയ്തിട്ട് തന്നെയല്ലേ?

താങ്കളുടെ കാലത്തും താങ്കളുടെ പിതാവിൻ്റെ കാലത്തും കിറ്റക്സ് ഗ്രൂപ്പ് രാജ്യമറിയുന്ന വലിയ ബ്രാൻഡായി വളർന്നത് താങ്കൾ ഇപ്പോൾ കുറ്റം പറയുന്ന കേരളത്തിൻ്റെ മണ്ണിൽ ചവിട്ടി നിന്ന് തന്നെയല്ലേ? ഒരു സാധാരണ ചെറുകിട സ്ഥാപനത്തിൽ നിന്നാരംഭിച്ച് ഇന്ന് സഹസ്രകോടികളുടെ പ്രോജക്ടുകളെ പറ്റി സംസാരിക്കുന്ന നിലയിലേക്ക് നിങ്ങളെ വളർത്തിയതിൽ ഈ നാടിനും ഇവിടത്തെ ജനങ്ങൾക്കും യാതൊരു പങ്കും ഇല്ലെന്നാണോ? അങ്ങനെ നിങ്ങൾ പറഞ്ഞാൽ അത്, എന്നും നിങ്ങളോട് ചേർന്നുനിന്ന, നിങ്ങളുടെ സഹസ്രകോടി സാമ്രാജ്യത്തിലേക്ക് ഓരോ കല്ലും പാകിയ ഇവിടത്തെ ജനങ്ങളോടുള്ള നന്ദികേടായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ആ നന്ദികേടാണ് വിലപേശലിൻ്റെ സ്വരത്തിൽ ഞങ്ങളിന്ന് കണ്ടത്.

ഒരു നാട്ടിൽ വ്യവസായസ്ഥാപനം ആരംഭിച്ച് അവിടത്തെ സ്ത്രോതസുകളെല്ലാം ഉപയോഗിച്ച് വളർന്ന് വൻമരം ആയ ശേഷം ആ മണ്ണിനെയാകെ അടച്ചാക്ഷേപിക്കുന്നത് ശരിയായ പ്രവണത അല്ലെന്ന് മാത്രം സൂചിപ്പിക്കട്ടെ. ടെലിവിഷനിൽ താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ ഇത്രയെങ്കിലും പറയാതിരിക്കാനാകില്ലായിരുന്നു എന്നത് കൊണ്ട് മാത്രം ഓർമിപ്പിച്ചതാണ്.

അതിനിടെ കിറ്റെക്സ് കമ്പനി കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നതായി വ്യവസായി എം. എ. യൂസഫലി പറഞ്ഞു. 3500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടെ നിക്ഷേപം ആയാലും അത് കേരളത്തിന് വലുതാണ്. വ്യവസായ സംരംഭങ്ങൾ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നൽകും. കിറ്റെക്സ് എം.ഡി. സാബു ജേക്കബുമായി താൻ സംസാരിക്കുമെന്നും എം. എ. യൂസഫലി വ്യക്തമാക്കി.
Published by: user_57
First published: July 4, 2021, 9:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories