• HOME
  • »
  • NEWS
  • »
  • kerala
  • »
  • 1990-91 ൽ SSLC പാസായ ഷിബു കാക്കനാടിന് അഭിനന്ദനങ്ങൾ ! നാട്ടിൽ മുഴുവൻ ജാതി പറഞ്ഞുള്ള ഫ്ളക്സ് ബോർഡുകൾക്കുള്ള മറുപടി

1990-91 ൽ SSLC പാസായ ഷിബു കാക്കനാടിന് അഭിനന്ദനങ്ങൾ ! നാട്ടിൽ മുഴുവൻ ജാതി പറഞ്ഞുള്ള ഫ്ളക്സ് ബോർഡുകൾക്കുള്ള മറുപടി

ഒരു സാമൂഹിക വിമർശനം എന്ന നിലയിലാണ് താൻ പഴയ എസ്എസ്എൽസി വിജയം ഇപ്പോൾ ആഘോഷിക്കാൻ തീരുമാനിച്ചത് എന്നാണ് ഷിബു പറയുന്നത്.

താൻ സ്ഥാപിച്ച ഫ്ളക്സിന് മുന്നിൽ നിൽക്കുന്ന ഷിബു കാക്കനാട്

താൻ സ്ഥാപിച്ച ഫ്ളക്സിന് മുന്നിൽ നിൽക്കുന്ന ഷിബു കാക്കനാട്

  • Share this:
കോട്ടയം നാട്ടകം മണിപ്പുഴ യിൽ ഉയർന്ന ഒരു ഫ്ലക്സ് ബോർഡ് നാട്ടിലാകെ വലിയ ചർച്ചക്ക് കാരണമായിട്ടുണ്ട്. ഫ്ലക്സ് ബോർഡിലെ വാചകങ്ങൾ ഇതാണ്. "1990- 91 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ വിജയം നേടിയ ഷിബു കാക്കനാടിന് നാട്ടകം പൗരാവലിയുടെ അഭിനന്ദനങ്ങൾ". കൂടെ ഒരു വാചകം കൂടിയുണ്ട്,"അന്ന് വെക്കാൻ പറ്റിയില്ല, സോറി." സോഷ്യൽ മീഡിയയിൽ വലിയ തരംഗമായ ഒരു ഫ്ലക്സ് ബോർഡ് ആണ് ഇത്.

ഫ്ലക്സ് ബോർഡ് തരംഗമായതോടെ ആരാണ് ഷിബു കാക്കനാട് എന്ന ചോദ്യമുയർന്നു. ഒടുവിൽ ഷിബു തന്നെ രംഗത്തുവന്ന് ഫ്ലക്സിന് പിന്നിലെ കഥ  ന്യൂസ് 18 നോട്‌ തുറന്നു പറയുകയാണ്. കോട്ടയം നഗരത്തിൽ ഓട്ടോ ഡ്രൈവറായിരുന്നു ഷിബു. ഒരു വർഷം മുൻപ് ലോക്ക്ഡൗൺ വന്നതോടെ ഓട്ടോറിക്ഷ ഓടിച്ച് വരുമാനം കിട്ടാതായി .  ഇതോടെ കുടുംബം മൊത്തം പട്ടിണിയിലാകുമെന്ന സാഹചര്യം വന്നു. ഒട്ടും വൈകാതെ ജീവിക്കാൻ പുതിയ വഴി തേടി ഷിബു കാക്കനാട്. പുതിയ ജീവിത മാർഗം തേടിയ ഷിബു മീൻ കച്ചവടം നടത്തിയാണ് ഇപ്പോൾ ജീവിക്കുന്നത്.ജീവിതത്തിനപ്പുറം ഫ്ലെക്സിനെ കുറിച്ച് ഷിബു പറയുന്ന കഥ ഇതാണ്. എസ്എസ്എൽസി പരീക്ഷാഫലം സർക്കാർ പുറത്തുവിട്ടതോടെ നാട്ടിലാകെ ഫ്ലക്സ് ബോർഡുകൾ ഉയർന്നു കഴിഞ്ഞു. മുഴുവൻ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളുടെ ഫ്ലക്സ് ബോർഡുകൾ ആണ് കൂടുതലും. അതിലും കുറവുള്ളവരുടെയും പലതും ഉയർന്നു വരുന്നുണ്ട്. പക്ഷേ ഫ്ലക്സ് ബോർഡുകളിൽ പലതിലും ജാതി നിഴലിച്ചു നിൽക്കുന്നുണ്ടെന്ന് ഷിബു ചൂണ്ടിക്കാട്ടുന്നു.

എൻഎസ്എസും എസ്എൻഡിപിയും ക്രൈസ്തവ സംഘടനകളും മുസ്ലിം സംഘടനകളും ഒക്കെ പല വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ വച്ചിട്ടുണ്ട്. ഇതാണ് തന്നെ ഇരുത്തി ചിന്തിപ്പിച്ചതെന്ന് ഷിബു പറയുന്നു. ഒരു സാമൂഹിക വിമർശനം എന്ന നിലയിലാണ് താൻ പഴയ എസ്എസ്എൽസി വിജയം ഇപ്പോൾ ആഘോഷിക്കാൻ തീരുമാനിച്ചത് എന്നാണ് ഷിബു പറയുന്നത്.  ഫ്ളക്സിന് വേണ്ടി പണം മുടക്കിയതും അത് സ്ഥാപിച്ചതും താൻ തന്നെയാണെന്നും ഷിബു വെളിപ്പെടുത്തി. നാട്ടകം പൗരാവലി എന്ന പേര് ചേർത്തിട്ടുണ്ട് എങ്കിലും ആ പൗരാവലി താൻ തന്നെയാണെന്നാണ് ഷിബു പറയുന്നത്. എസ്എസ്എൽസി പരീക്ഷയിൽ ആദ്യതവണ വിജയിക്കാനായില്ല, രണ്ടാംതവണയും വിജയിച്ചില്ല,  മൂന്നാം തവണ ഫസ്റ്റ് ക്ലാസിന് 3 മാർക്ക് കുറവായിരുന്നു എന്നാണ് ഷിബു പറയുന്നത്.  ഷിബുവിന്റെ ട്രോളുകൾ  സോഷ്യൽ മീഡിയക്ക് പിന്നാലെ നാട്ടിലാകെ ചർച്ചയാണ്. ഇത്രയും വൈറൽ ആകും എന്ന് ഓർത്തില്ല എന്നാണ് ഷിബു പറയുന്നത്.

വെറൈറ്റി ഇപ്പോൾ തുടങ്ങിയതല്ല

ഷിബു കാക്കനാടിന്റെ ഒപ്പം സുഹൃത്തുക്കൾക്കും ഈ വിഷയത്തിൽ ചിലത് പറയാനുണ്ട്. ഷിബു ഇത്തരം പരിപാടികൾ ആദ്യമായി ചെയ്യുന്നതല്ല എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. സ്കൂൾ പഠനകാലത്ത് മറിയപ്പള്ളി സ്കൂളിൽ ഒറ്റയ്ക്ക് സമരം ചെയ്ത നിരവധി ചരിത്രം ഷിബുവിനുണ്ട്. ബെൻ ജോൺസൺ ഓട്ടമത്സരത്തിൽ തരംഗം ആയിരുന്ന കാലത്ത് അതേ വേഷംകെട്ടി ആയിരുന്നു ഷിബു സ്കൂളിലെ ഓട്ട മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയത്. ബി എസ് പി സ്ഥാനാർഥിയായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആനപ്പുറത്ത് കയറി വന്ന ചരിത്രമാണ് ഷിബുവിനുള്ളത്. ഏതായാലും വെറൈറ്റികൾ നിരവധി ഇനിയും കയ്യിലുണ്ട് എന്നാണ് ഷിബു പറയുന്നത്. മകൾ ഉള്ളത് കാരണം ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല എന്ന വിമർശനം പലരും ഉന്നയിക്കുന്നുണ്ട്. പക്ഷേ അവരോടൊന്നും തനിക്ക് ഒന്നും പറയാനില്ല. ചെറുപ്പം നിലനിർത്തുക എന്നതാണ് ഇതിനു പിന്നിലെ ഒരു കാര്യം എന്നും ഷിബു പറയുന്നു.
Published by:Naveen
First published: