• HOME
  • »
  • NEWS
  • »
  • kerala
  • »
  • Shigella| തൃശൂര്‍ ഗവ. എഞ്ചിനിയറിംഗ് കോളജിലെ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല; കലോത്സവം മാറ്റിവച്ചു

Shigella| തൃശൂര്‍ ഗവ. എഞ്ചിനിയറിംഗ് കോളജിലെ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല; കലോത്സവം മാറ്റിവച്ചു

രോഗവ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി

  • Share this:
    തൃശൂര്‍: തൃശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനിയറിംഗ് കോളേജിൽ (thrissur government engineering college) രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല (Shigella) സ്ഥിരീകരിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് വിദ്യാർഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അമ്പതോളം വിദ്യാർത്ഥികൾക്ക് രോഗലക്ഷണം ഉള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചു. കോളജില്‍ അടുത്ത മൂന്ന് ദിവസങ്ങളിലായി നടത്താനിരുന്ന കോളജ് യൂണിയന്‍ കലോത്സവം മാറ്റിവെച്ചു.

    കഴിഞ്ഞ 15ന് കോളേജിൽ ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു. ഹോസ്റ്റലിലെ നിരവധി വിദ്യാർഥികൾക്ക് വയറിളക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഷിഗെല്ല സ്ഥിരീകരിച്ചതോടെ കോളേജിൽ നടന്ന് വന്ന കലോത്സവം മാറ്റി വെച്ചതായി കോളേജ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് വയറിളക്കം ഉണ്ടായതിനെ തുടർന്ന് കോളേജിന് സമീപമുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചിലർ പരിശോധന നടത്തിയിരുന്നു. രോഗലക്ഷണമുള്ളവർ പരിശോധനക്ക് വിധേയരാകണമെന്നും ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

    വെള്ളത്തിലൂടെയും പഴകിയ ഭക്ഷണ പദാർഥങ്ങളിലൂടെയുമാണ് ഷിഗല്ലോസിസ് ബാക്ടീരിയ പടരുന്നത്. ഷിഗെല്ലയുടെ പ്രധാന രോഗലക്ഷണം വയറിളക്കമാണ്. എന്നാൽ സാധാരണ ഉണ്ടാകുന്ന വയറിളക്കത്തെക്കാൾ ഗുരുതരമായിരിക്കും ഇതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് രോഗം ബാധിച്ചാൽ മരണസാധ്യതയും ഉണ്ടെന്നാണ് മുന്നറിയിപ്പ്.

    ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളിലായി 950 വിദ്യാര്‍ത്ഥികളാണുള്ളത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

    രോഗ ലക്ഷണങ്ങളുള്ളവര്‍ വേഗത്തില്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. കോളേജിലെ കുടിവെള്ള സ്രോതസ്സുകളില്‍ നിന്ന് വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. തൊട്ടടുത്ത ഭക്ഷണ ശാലകളിലും പരിശോധന നടത്തുന്നുണ്ട്. എവിടെ നിന്നാണ് രോഗ ബാധയുണ്ടായതെന്ന പരിശോധന തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

    ഷിഗെല്ല ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ഷിഗെല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.

    വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗെല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. പനി, രക്തംകലർന്ന മലവിസർജ്ജനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം.

    മുൻകരുതലുകൾ

    • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

    • ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക

    • കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്‌കരിക്കുക

    • രോഗ ലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക

    • പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക

    • ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക

    • ഭക്ഷണ പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ച ശല്യം ഒഴിവാക്കുക

    • ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം.


    ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

    വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങൾ. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം. രണ്ട് മുതൽ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു.
    Published by:Rajesh V
    First published: