• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

'ഓണക്കാലം വരുമ്പോൾ ഇതല്ലാതെ ഞങ്ങൾക്ക് ഓർക്കാൻ മറ്റൊന്നുമില്ല, വെറുക്കാനും അകലാനും ഉപദേശിക്കുന്നവർ പിശാചിന്റെ പ്രച്ഛന്നവേഷധാരികൾ മാത്രം'

കൊടിയദാരിദ്ര്യത്തിനിടയിലും നല്ല ഭക്ഷണം കഴിച്ചിരുന്നത് ഓണസമയത്താണ്... കുട്ടിക്കാലത്ത് ഓണസദ്യ ഒരുക്കിവെച്ച് വിളിച്ച അയൽ കുടുംബത്തെ ഓർക്കുകയാണ് പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്...

news18-malayalam
Updated: September 10, 2019, 12:37 PM IST
'ഓണക്കാലം വരുമ്പോൾ ഇതല്ലാതെ ഞങ്ങൾക്ക് ഓർക്കാൻ മറ്റൊന്നുമില്ല, വെറുക്കാനും അകലാനും ഉപദേശിക്കുന്നവർ പിശാചിന്റെ പ്രച്ഛന്നവേഷധാരികൾ മാത്രം'
shihabuddin_poithumkadavu
 • Share this:
പൊയ്ത്തുംകടവ് ഗ്രാമത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറുള്ള മൂന്നുനിരത്ത് എന്ന സ്ഥലത്തായിരുന്നു. എന്റെ കുട്ടിക്കാലം.

എന്നോ നിലച്ചുപോയ ഒരു മരമില്ലിനടുത്തുള്ള വീതി കുറഞ്ഞ പുഴയോരത്തെ പഴയൊരു മണ്‍ വീട്ടില്‍.

തൊട്ടടുത്ത വീട് ചന്ദ്രികേച്ചിയുടെതാണ്. മില്‍ തൊഴിലാളിയായ വാസുവേട്ടനും ഭാര്യ ചന്ദ്രികേച്ചിക്കും കൂടി അന്ന് മൂന്നു മക്കള്‍. ശ്യാമളേച്ചി, ശൈലജേച്ചി. ശാലിനി. ( വളരെ വൈകി ഒരു മകള്‍ കൂടിയുണ്ടായി - ശ്രീലത)

ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൊടിയ ദാരിദ്ര്യ കാലം. ഞങ്ങള്‍ രണ്ട് വീട്ടുകാര്‍ക്കും നല്ല ഭക്ഷണം കിട്ടണമെങ്കില്‍ വിശേഷ ദിവസങ്ങള്‍ വരണം ആ വിശേഷ ദിവസങ്ങള്‍ ഞങ്ങള്‍ രണ്ടു വീട്ടുകാരുടെതുമായിരുന്നു.. ഓണവും വിഷുവും വരുമ്പോള്‍ അവര്‍ ഞങ്ങള്‍ക്കു കൂടി വേണ്ടി കൂടി അരി അളന്നെടുത്ത് മണ്‍കലത്തിലിടും. ഞങ്ങള്‍ പെരുന്നാളിന് നെയ്‌ച്ചോറുണ്ടാക്കുമ്പോഴും അങ്ങനെ തന്നെ. അന്ന് ബിരിയാണി സ്ഥലത്തെത്തിയിട്ടില്ല.

ഞാന്‍ ഇന്നും നല്ല ആഹാരം കഴിക്കുമ്പോള്‍ ചന്ദ്രേച്ചിയേയും കുടുംബത്തേയും ഓര്‍ത്തിട്ടേ ആദ്യത്തെ പിടി നാവില്‍ വെക്കൂ. ആ ഓര്‍മ്മ മിന്നല്‍ വേഗത്തില്‍ മനസ്സില്‍ വന്നിട്ട് പോകും.. ഞാന്‍ ഈ ഭൂമുഖത്ത് പിറന്നതില്‍പ്പിന്നെ ആദ്യമായി രുചിയുള്ള ഒരു ഭക്ഷണം കഴിച്ചത് ചന്ദ്രേച്ചി വിളമ്പിത്തന്ന ഓണസദ്യയിലാണ്.

ഏത് കഷ്ടതയിലും ആപത്തിലും ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയെത്തിയിരുന്നു. റേഷന്‍ ഷാപ്പില്‍ മണ്ണെണ്ണ വന്നുവെന്നതടക്കമുള്ള ഏത് വാര്‍ത്തയും ഞങ്ങളുടേതുമായിരുന്നു.വളപട്ടണം പുഴയുടെ കൈവഴിയായിരുന്ന പാമ്പന്‍ തോട് എന്ന് ഇന്നു വിളിക്കുന്ന ആ വീതി കുറഞ്ഞ പുഴ. (ആ പുഴ തോടായും പിന്നെ നീര്‍ച്ചാലായും ദുഷിച്ചു വരുന്ന മനുഷ്യ മനസ്സിനോടുള്ള പ്രതിഷേധം പോലെ മണ്ണടിഞ്ഞു മരിച്ചു പോയി. നോക്കിയിരിക്കേ ഒരു പുഴ മരിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടു)

കന്യാകുമാരി ജില്ലയിലെ ഓണം; ഒരു സംസ്‌കൃതിക്കൊപ്പം വിസ്മൃതിയിലാകുന്ന ഓണാഘോഷ പെരുമ

ആ പുഴയുടെ ഓരത്ത് ചെറുതോണിയില്‍ മീന്‍ വില്‍ക്കാന്‍ ആളുകള്‍ വരുമായിരുന്നു. പ്രത്യേകിച്ചും ചാകരക്കാലത്ത്. നല്ലതാണെന്നു കണ്ടാല്‍ ഞങ്ങള്‍ കുട്ടികള്‍ ഉത്സാഹത്തോടെ ഓടിപ്പോയി ചന്ദ്രേച്ചിയെക്കൂടി അറിയിക്കും. മാങ്കടവില്‍ നിന്നും കുറുമാത്തൂറില്‍ നിന്നും അന്ന് സീസണ്‍ കാലത്ത് പഴുത്ത ചക്കയും മാങ്ങയുമായി തോണി കരയ്ക്കടുത്തിരുന്നതും ഞങ്ങള്‍ രണ്ട് കുടുംബങ്ങള്‍ക്കു കൂടിയായിരുന്നു.

അന്ന് പള്ളിയില്‍ മൈക്ക് സെറ്റ് എത്തിയിരുന്നില്ല. വീട്ടില്‍ എല്ലാവരും നിസ്‌ക്കരിക്കുന്നവരും ഖുര്‍ആന്‍ ഓതുന്നവരുമായിരുന്നു. ചെവി കൂര്‍പ്പിച്ച് നിന്നാലേ വാങ്ക് കേള്‍ക്കൂ. പലപ്പോഴും ചന്ദ്രേച്ചി പറഞ്ഞാണ് വാങ്ക് കൊടുത്ത കാര്യം ഞങ്ങള്‍ അറിഞ്ഞിരുന്നത്.

ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പണത്തിന് അത്യാവശ്യം വന്ന് ഉപ്പ ആ വീട് വിറ്റ്' എന്റെ ഉമ്മയുടെ വീട്ടിലേക്ക് താമസം മാറി. ഞങ്ങളുടെ വേര്‍പിരിയല്‍ ആ കുടുംബത്തെ ഏറെ തളര്‍ത്തി. രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ അവരും ആ വീട് വിറ്റ് മൂന്നു നിരത്ത് ഉപ്പായിച്ചാല്‍ പ്രദേശത്തേക്ക് വീട് മാറി.

വര്‍ഷങ്ങള്‍ അനവധി കടന്നു പോയി. ഓരോ ഓണവും ഞങ്ങള്‍ക്ക് വേര്‍പിരിയലിന്റെ ഓണമായിരുന്നു. ഇന്നും ഞങ്ങള്‍ സഹോദരങ്ങളിലൊരാളെങ്കിലും ഒന്നോ രണ്ടോ മാസത്തിലൊരിക്കല്‍ ആ വീട് സന്ദര്‍ശിക്കും.

ഏതാനും വര്‍ഷം മുമ്പ് ചന്ദ്രേച്ചി തറയില്‍ തെന്നി വീണ് നടുവൊടിഞ്ഞ് കിടപ്പിലായി. വേദനയുടെ ഞരക്കത്തിനിടയില്‍ എപ്പോഴോ മൂന്നാമത്തെ അനുജന്‍ ആ വീട്ടില്‍ യാദൃച്ഛികമായി എത്തിപ്പെട്ടു. ഉഴിച്ചിലും പാരമ്പര്യ വൈദ്യവുമൊക്കെ നന്നായി പഠിച്ച അനുജന്‍ അവരെ ചികിത്സിച്ച് ഭേദമാക്കിക്കൊടുത്തു. ദിവസങ്ങളോളം ആ വീട്ടില്‍ അവന്‍ പോകും. അവന് എന്തെങ്കിലും പണമെടുത്ത് നീട്ടും. അവന്‍ ചിരിച്ച് കൊണ്ട് നിരസിക്കും. ചികിത്സ ഫലിച്ചു. രോഗം പൂര്‍ണമായും ശമിച്ചു. അപ്പോഴും പണം കൊടുക്കാന്‍ ശ്രമിച്ചു. അനുജന്റെ ചിരി അല്പം ഉച്ചത്തിലായപ്പോള്‍ ചന്ദ്രേച്ചി ചോദിച്ചു: എന്തേ, ഇങ്ങനെ ചിരിക്കുന്നേ?

കാര്‍ഷിക സമൃദ്ധിയില്ലാത്ത കാലത്ത് എന്തിനാണ് ആചാരപരമായ ഓണം?

അവന്‍ പറഞ്ഞു: ഞാന്‍ ചികിത്സിച്ചാല്‍ എന്റെ വീട്ടുകാര്‍ അതിന് പണം തന്നാല്‍ എനിക്ക് ചിരി വരില്ലേ? പഴയ ഓര്‍മ്മയില്‍ അവര്‍ കരയുകയും മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണീരൊപ്പുകയും ചെയ്തു..

മൂത്ത ആളായ ഞാന്‍ എന്റെ സഹോദരങ്ങളോട് എന്നും പറഞ്ഞു കൊടുക്കും: ഈ ഭൂമിയിലെ ഏറ്റവും അടുത്ത ബന്ധുക്കളാണ് ചന്ദ്രേച്ചിയും കുടുംബവും. അവര്‍ കഴിഞ്ഞേ ഏത് കുടുംബാംഗളും നമുക്ക് ഉള്ളൂവെന്ന്. അത് അവര്‍ ഇന്നും ഈ വാക്യം ഹൃദയത്തില്‍ സൂക്ഷിക്കുന്നു.
കഷ്ടതയിലും യാതനയിലും കൂടെ നില്ക്കുന്നവരാണ് യഥാര്‍ത്ഥ ബന്ധുക്കള്‍. അല്ലാതെ കല്യാണച്ചടങ്ങിനും മരണാനന്തരചടങ്ങിലും മാത്രം ബന്ധുത്വം പറഞ്ഞ് ഓടിയെത്തുന്നവരല്ല.

ചന്ദ്രേച്ചി ഏറെക്കാലം സുഖമായി ജീവിച്ചു. അവരും മക്കളും ഞങ്ങളുടെ വീട്ടില്‍ വരും. 'ഞങ്ങള്‍ അങ്ങോട്ടും പോകും..

അടുത്ത മാസത്തോടെ ചന്ദ്രേച്ചി മരിച്ചിട്ട് മൂന്നു വര്‍ഷമാകുന്നു. made for each other ആയി ജീവിച്ച വാസുവേട്ടന്‍ ഒരു വര്‍ഷം കഴിഞ്ഞു മരിച്ചു. ചന്ദ്രേച്ചിയില്ലാതെ വാസുവേട്ടന് ജീവിക്കാന്‍ കഴിയുമായിരുന്നില്ല.

ഓണക്കാലം വരുമ്പോള്‍ ഇതല്ലാതെ ഞങ്ങള്‍ക്ക് ഓര്‍ക്കാന്‍ മറ്റൊന്നുമില്ല. സ്‌നേഹവും അനുതാപവുമില്ലാത്തിടത്ത് ദൈവസാന്നിധ്യമില്ല. വെറുക്കാനും അകലാനും ഉപദേശിക്കുന്നവര്‍ പിശാചിന്റെ പ്രച്ഛന്നവേഷധാരികള്‍ മാത്രം. അത് വേദവാക്യമായി ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് പൈശാചിക ബാധയേറ്റത് കൊണ്ടു മാത്രമാണ്..

പിശാചിന് മതമില്ല. മത-രാഷട്രീയവേഷങ്ങള്‍ ഉണ്ടായേക്കാം. ഏത് മതത്തിലായാലും, അപരവെറുപ്പില്‍ നിന്നാണ് ഇത്തരക്കാര്‍ ആഹാരം സമ്പാദിക്കുന്നത്. സ്‌നേഹത്തിന്റെ ഭക്ഷണപാത്രം അവര്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്യും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍