• HOME
 • »
 • NEWS
 • »
 • kerala
 • »
 • Shocking | കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

Shocking | കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. പതിനഞ്ചോളം കുട്ടികൾ ചേർന്നാണ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ ഇവർ രണ്ടു പേരും അപകടത്തിൽ പെടുകയായിരുന്നു

drowne death

drowne death

 • Share this:
  കൊച്ചി: കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. ആലുവ കുന്നത്തേരി ഇലഞ്ഞി കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർഥികളാണ് മുങ്ങി മരിച്ചത്. കുന്നത്തേരി തോട്ടത്തിൽ പറമ്പിൽ മുജീബിന്റെ മകൻ അബ്‌ദുൾ റഹ്മാൻ(12), കുന്നത്തേരി ആലുങ്കപറമ്പിൽ ഫിറോസിന്റെ മകൻ ഫർദിൻ(12) എന്നിവരാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.

  ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. പതിനഞ്ചോളം കുട്ടികൾ ചേർന്നാണ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ ഇവർ രണ്ടു പേരും അപകടത്തിൽ പെടുകയായിരുന്നു. കുളത്തിന് മധ്യഭാഗത്തെ ചുഴിയിൽ അകപ്പെടുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.

  അബ്ദുൾ റഹ്മാനെയും ഫർദിനെയും കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് ആലുവ സർക്കാർ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

  ഇക്കഴിഞ്ഞ മാർച്ച് മൂന്നിന് സംസ്ഥാനത്ത് മൂന്നു വിദ്യാർഥികൾ മുങ്ങി മരിച്ചു. തിരുവനന്തപുരത്ത് രണ്ടും പാലക്കാട് ഒരു വിദ്യാർഥിയുമാണ് മുങ്ങിമരിച്ചത്. പാലക്കാട് പ്ലസ് ടു വിദ്യാർഥിയായ കോട്ടപ്പുറം കുന്നത്ത് വീട്ടിൽ ഹൈദ്രുവിന്‍റെ മകൻ മുഹമ്മദ് റോഷൻ ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം കരിമ്പിൻപുഴയിലായിരുന്നു അപകടം. തിരുവനന്തപുരം കരമനയാറ്റിൽ രണ്ടു കുട്ടികളാണ് മുങ്ങി മരിച്ചത്. വെള്ളനാട് വെളിയന്നൂർ സ്വദേശികളായ സൂര്യ, അക്ഷയ് കൃഷ്ണ എന്നിവരാണ് മരിച്ചത്. കുളിക്കാനെത്തിയ നാലു കുട്ടികളിൽ രണ്ടുപേർ ഒഴുക്കിൽ പെടുകയായിരുന്നു.

  ശ്രീകൃഷ്ണപുരം കരിമ്പുഴ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ് പാലക്കാട് മുങ്ങി മരിച്ച മുഹമ്മദ് റോഷൻ. സ്കൂളിലെ സുഹൃത്തുക്കൾക്കൊപ്പം ബുധനാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് മുഹമ്മദ് റോഷൻ പുഴയിൽ കുളിക്കാനിറങ്ങിയത്. നീന്തൽ വശമില്ലാത്ത മുഹമ്മദ് റോഷൻ ചുഴിയിൽ അകപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മുഹമ്മദ് റോഷനെ രക്ഷിക്കാൻ ഇറങ്ങിയ സുഹൃത്ത് അനന്തുകൃഷ്ണനും ചുഴിയിൽ പെട്ടെങ്കിലും സുഹൃത്തുക്കൾ മുടിയിൽ പിടിച്ച് രക്ഷപ്പെടുത്തി. മുഹമ്മദ് റോഷനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിലേക്ക് താഴ്ന്നു പോയതിനാൽ ശ്രമം വിഫലമായി.

  തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കരിമ്പുഴ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർഥിയാണ് മുഹമ്മദ് റോഷൻ. മൃതദേഹം വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഷാനിബയാണ് മാതാവ്. അർഷക് അലിയാണ് സഹോദരൻ.

  മറ്റൊരു സംഭവത്തിൽ ജനുവരി എട്ടിന് ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലത്ത് മുങ്ങി മരിച്ചു. കുണ്ടുമണ്‍ ആറ്റിലായിരുന്നു സംഭവം നടന്നത്. ഇരട്ട സഹോദരിയുടെ മുന്നില്‍ വച്ചാണ് അപകടം നടന്നത്. ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാർഥിയാണ് പതിനാല് വയസുകാരനായ അരുണ്‍. അരുണ്‍ സഹോദരിയായ അലീന, അയല്‍വാസിയായ കണ്ണന്‍, തഴുത്തല സ്വദേശിയായ സിബിന്‍ എന്നിവരാണ് കുണ്ടുമണ്‍ ആറ്റില്‍ ഫോട്ടിഷൂട്ടിന് എത്തിയത്.

  Also Read- സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടി; കണ്ണൂരിൽ ക്ഷേത്രദർശനത്തിനെത്തിയ ആൾ മുങ്ങി മരിച്ചു

  പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ച സംഭവം ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് റിപ്പോർട്ട് ചെയ്തിരുന്നു. പമ്പയാറ്റിലെ തിരുവല്ല കിച്ചേരിവാൽ കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്. ഗ്രീഷ്മം ടീ എക്സ്പോർട്ടിങ് കമ്പനി ഉടമ ഇടുക്കി പാമ്പനാർ പുത്തൻപുരയിൽ വിനൂപ് രാജ് (36) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം. തുടർന്ന് തിരുവല്ലയിൽ നിന്ന് എത്തിയ അഗ്നിശമന സേനയിലെ സ്കൂബ ടീം നടത്തിയ തിരച്ചിലിന് ഒടുവിൽ കടവിൽ നിന്നും നൂറു മീറ്റർ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.

  Also Read-  Shocking: കോട്ടയത്ത് അമ്മയും കുഞ്ഞും പുഴയിൽ മുങ്ങി മരിച്ചു

  ജനുവരി 16ന് പാലക്കാട് നെല്ലിയാമ്പതി കാരപ്പാറയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതി വിക്ടോറിയ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
  Published by:Anuraj GR
  First published: