തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെതിരെയുള്ള( P C George) കേസ് നിയമപരമായി നേരിടുമെന്ന് മകന് ഷോണ്‍ ജോര്‍ജ്(Shone George). പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം. പുലര്‍ച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്നാണ് പി സി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൊലീസിനൊപ്പം സ്വന്തം വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് പോകുന്ന പി.സി. ജോര്‍ജിനെ ഷോണ്‍ ജോര്‍ജും അനുഗമിക്കുന്നുണ്ട്. 'മകന് എന്നനിലയിലാണ് ഇപ്പോള്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നത്, പൊതുപ്രവര്ത്തകന് എന്ന നിലയില്‍ അല്ല. എന്റെ ജില്ലാ പഞ്ചായത്ത് ഡിവിഷന് കഴിഞ്ഞു, അതിനാല്‍ ഒരു മകന് എന്നനിലയിലേ ഇനി പ്രവര്‍ത്തിക്കാന്‍ കഴിയൂ' എന്ന് ഷോണ്‍ പറഞ്ഞു.
Also Read-PC George | വിദ്വേഷ പ്രസംഗം: പിസി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കേസില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് കരുതിയില്ലെന്നും പൊലീസ് വിളിപ്പിക്കുമെന്നാണ് കരുതിയതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ' പൊലീസ് വിളിപ്പിച്ചാല്‍ അങ്ങോട്ട് ചെല്ലുന്നയാളാണല്ലോ പി.സി. ജോര്‍ജ്. രാത്രി ഒരുമണിക്കാണ് എ.സി.പിയും സി.ഐ.യും എല്ലാം അവിടെനിന്ന് പോന്നത്. ഫോര്‍ട്ട് സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്. ഇന്ന് ഞായറാഴ്ച ദിവസമാണല്ലോ, അതുകൊണ്ടാകും പെട്ടെന്നുള്ള അറസ്റ്റ്' ഷോണ്‍ ജോര്‍ജ് പറഞ്ഞു.
Also Read-PC George | വിവാദ പ്രസംഗം: പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തു
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പി സി ജോര്‍ജിനെതിരെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. യൂത്ത് ലീഗ് ഉള്‍പ്പെടെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
അനന്തപുരി ഹിന്ദു മഹാസഭയുടെ സമ്മേളനത്തിനിടെയാണ് മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയത്. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു, ജനസംഖ്യ വര്‍ധിപ്പിച്ച് മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്നു.,പുരോഹിതര്‍ ഭക്ഷണത്തില്‍ തുപ്പിയ ശേഷം വിതരണം ചെയ്യുന്നു എന്നിങ്ങനെയായിരുന്നു പിസി ജോര്‍ജ് ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: P c george, Pc george, Shone George