• HOME
 • »
 • NEWS
 • »
 • kerala
 • »
 • മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കിയേക്കും; ബെവ്കോ ഔട്ട്‌ലെറ്റുകളിൽ വീണ്ടും ​​ജനപ്രിയ ബ്രാൻഡുകൾ നിറയും

മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കിയേക്കും; ബെവ്കോ ഔട്ട്‌ലെറ്റുകളിൽ വീണ്ടും ​​ജനപ്രിയ ബ്രാൻഡുകൾ നിറയും

ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ഇപ്പോൾ വിലകുറഞ്ഞ ബ്രാൻഡുകളുടെ ക്ഷാമം നേരിടുന്നുണ്ട്.

 • Last Updated :
 • Share this:
  കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലെ വിലകുറഞ്ഞ മദ്യത്തിന്റെ ക്ഷാമം ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും. ഡിസ്റ്റിലറീസ് അസോസിയേഷൻ ബിവറേജസ് കോർപറേഷനെതിരെനടത്തി വന്നിരുന്ന നിസ്സഹകരണ സമരം പിൻവലിച്ചതിനാൽ ഔട്ട്ലെറ്റുകളിലേക്ക് ജനപ്രിയ ബ്രാൻഡുകൾ വീണ്ടും എത്തി തുടങ്ങും. സംസ്ഥാനത്തെ ഡിസ്റ്റിലറികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ ഡിസ്റ്റിലറീസ് അസോസിയേഷൻ തീരുമാനിച്ചത്.

  വിറ്റുവരവ് നികുതി (ടിഒടി) ഒഴിവാക്കുക എന്നത് മദ്യനിർമ്മാണ കമ്പനികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. ഈ നികുതിയുടെ വിവേചനപരമായ സ്വഭാവം ചൂണ്ടികാണിച്ചാണ് നികുതി ഒഴിവാക്കണം എന്നാവശ്യം ഇവർ ഉന്നയിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഡിസ്റ്റിലറികൾക്ക് മാത്രമാണ് അഞ്ച് ശതമാനം ടിഒടി നൽകേണ്ടി വന്നിരുന്നത്. ഈ വിവേചനപരമായ നികുതി, വ്യവസായ സൗഹൃദ നയത്തിന് എതിരാണെന്നാണ് അഭിപ്രായം. സ്പിരിറ്റ് അഥവാ എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ (ഇഎൻഎ) വിലയിലുണ്ടായ ക്രമാതീതമായ വർധനയ്‌ക്ക് ശേഷമാണ് മദ്യനിർമാണ കമ്പനികളുടെ ആവശ്യം ശക്തമായത്. സ്പിരിറ്റ് വില ഉയർന്നതോടെ ഉത്പാദനചെലവ് വർധിച്ചെങ്കിലും മദ്യവില ഉയർത്താൻ സർക്കാർ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ടിഒടി ഒഴിവാക്കണം എന്ന ആവശ്യം കമ്പനികൾ മുമ്പോട്ട് വെച്ചത്.

  Also Read-തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി: പൊലീസിൽ അഴിച്ചുപണി

  ടിഒടി ഒഴിവാക്കാനുള്ള നിർദ്ദേശത്തിന് അടുത്ത മന്ത്രിസഭാ യോഗം അംഗീകാരം നൽകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും. അഞ്ച് ലക്ഷം പെട്ടി മദ്യം വിതരണം ചെയ്യുന്നതിനുള്ള പെർമിറ്റിന് വേണ്ടി തങ്ങളുടെ അംഗങ്ങൾഅപേക്ഷിച്ചിട്ടുണ്ടെന്ന് ഡിസ്റ്റിലറീസ് അസോസിയേഷൻ അറിയിച്ചു. തിങ്കളാഴ്ച മുതൽ വിതരണം പൂർണതോതിൽ പുനരാരംഭിക്കും. നേരത്തെ, വിതരണക്കാർ മദ്യ വിതരണം വെട്ടിക്കുറച്ചതിനെ തുടർന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.

  ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ഇപ്പോൾ വിലകുറഞ്ഞ ബ്രാൻഡുകളുടെ ക്ഷാമം നേരിടുന്നുണ്ട്. ബിവറേജസ് കോർപ്പറേഷനുമായും എക്‌സൈസ് മന്ത്രിയുമായും നടത്തിയ ചർച്ചയിൽ ആശ്വാസ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വിതരണം പൂർണമായി വെട്ടികുറയ്ക്കുമെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.
  സ്പിരിറ്റിന്റെ (ഇഎൻഎ) വില കുതിച്ചുയർന്നതോടെ മദ്യവ്യവസായ മേഖലയ്ക്ക് അഭൂതപൂർവമായ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. ലഹരിപാനീയങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രാഥമിക അസംസ്കൃത വസ്തുവാണ് ഇഎൻഎ എന്നറിയപ്പെടുന്ന എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോൾ. ഇത് കരിമ്പിൽ നിന്നുള്ള ശർക്കരപ്പാനിയിൽ നിന്നോ ധാന്യങ്ങളിൽ നിന്നോ ആണ് ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ സ്പിരിറ്റിന്റെ വിലയിൽ 40 ശതമാനത്തോളം വർധന ഉണ്ടായതായി വ്യവസായ വൃത്തങ്ങൾ അറിയിച്ചു.

  Also Read-ശബരിമല ഹെൽപ് ഡെസ്ക് ഉദ്ഘാടനത്തെ ചൊല്ലി തർക്കം; സേവാഭാരതിയുടേതെന്ന് സംഘടന; അല്ലെന്ന് മന്ത്രി

  എക്സൈസ് മന്ത്രി എം ബി രാജേഷുമായി വിതരണക്കാരുടെ പ്രതിനിധികൾ നേരത്തെ ചർച്ച നടത്തിയിരുന്നു. സംഭരണവില വർധിപ്പിക്കുകയോ നികുതിയിളവ് നൽകുകയോ പോലുള്ള അടിയന്തര നടപടികൾ കൊക്കൊള്ളണമെന്നാണ് അവരുടെ ആവശ്യം. ഭൂരിഭാഗം വിതരണക്കാരും തൽക്കാലത്തേക്ക് പ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണെന്ന് അവർ യോഗത്തിൽ അറിയിച്ചു.

  സ്ഥാനത്തെ മദ്യനിർമാണകമ്പനികൾ ഉത്പാ​ദനചെലവ് ഉയർന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഉൽപാദനം വെട്ടിക്കുറച്ചിരിക്കുകയാണ്. അടുത്ത കാലത്തായി ചിലത് അടച്ചിടുകയും ചെയ്തിട്ടുണ്ട്. ഔട്ട്ലെറ്റുകളിൽ മദ്യത്തിന് ക്ഷാമം നേരിടുന്നത് വ്യാജമദ്യ ദുരന്തത്തിന് കാരണമായേക്കാം എന്ന് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ഇക്കാര്യം പരിശോധിക്കാൻ തീരുമാനിച്ചത്.
  Published by:Jayesh Krishnan
  First published: