ബാങ്ക് തട്ടിപ്പിന് ഇരയായെന്ന വാർത്ത നിഷേധിച്ച് നടി ശ്വേത മേനോൻ. ബാങ്ക് തട്ടിപ്പിന് നടി ഇരയായെന്നും 57,636 രൂപ നഷ്ടമായെന്നുമായിരുന്നു ചില ദേശീയ മാധ്യമങ്ങളിൽ വാർത്ത വന്നത്. വാർത്ത വന്നതിനു പിന്നാലെ വിവരം തിരക്കി തനിക്ക് നിരവധി ഫോൺ കോണുകൾ വന്നുവെന്നും വാർത്ത നൽകിയ മാധ്യമത്തിന് തെറ്റുപറ്റിയതാണെന്നും ശ്വേത മേനോൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Also Read- അയാളുടെ പേര് അനൂപ് പിള്ള; മുൻ കാമുകൻ തല്ലിച്ചതച്ചെന്ന ആരോപണവുമായി നടി അനിഖ വിക്രമൻ
മുംബൈയിലെ സ്വകാര്യ ബാങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ നാൽപ്പതോളം ഇടപാടുകാർക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ നഷ്ടമായെന്നും ഇതിൽ ശ്വേത മേനോനും ഉൾപ്പെട്ടെന്നായിരുന്നു വാർത്ത. നടിയുടെ ചിത്രം ഉൾപ്പെടെ ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
ശ്വേത മേനോൻ എന്ന് പേരുള്ള ടെലിവിഷൻ താരമാണ് തട്ടിപ്പിന് ഇരയായത്. പേരിലെ സാദൃശ്യമാണ് നടി ശ്വേത മേനോനാണെന്ന തെറ്റിദ്ധാരണയ്ക്കു കാരണമായത്. കെവൈസി, പാന്‍ വിവരങ്ങള്‍ പുതുക്കണം എന്നാവശ്യപ്പെടുന്ന വ്യാജ സന്ദേശമാണ് പലർക്കും ലഭിച്ചത്. വിവരങ്ങള്‍ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടമായത്. അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് പലർക്കും വ്യക്തമായത്.
ഇത്തരം വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നും അക്കൗണ്ടിലെ വിവരങ്ങൾ പങ്കുവെക്കരുതെന്നും മുംബൈ പൊലീസ് മുന്നറിയിപ്പ് നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.